ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്‌ഐ) കൊൽക്കത്ത എന്നിവ ചേർന്ന് ബിസിനസ് അനലിറ്റിക്സിൽ ദ്വിവത്സര പിജി ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നു. ജനുവരി 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.isical.ac.in/pgdba 

മൂന്നിടത്തും അതതു സ്ഥാപനത്തിലെ മികവനുസരിച്ചുള്ള വിഷയങ്ങളിൽ ക്ലാസുകളുണ്ട്. 60 %  മാർക്ക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജോടെ, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ / മാസ്റ്റർ ബിരുദമുള്ളവർക്കും, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 % അഥവാ 6.0 മതി. ക്യാംപസിൽ താമസിച്ചു പഠിക്കണം. ഉദ്ദേശം 60 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. 

പ്രവേശനപരീക്ഷ: ഫെബ്രുവരി 16

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: 

തിരുവനന്തപുരം, കൊച്ചി

ഇന്റർവ്യൂ: മാർച്ച് 28, 29 

ഹോസ്റ്റൽ വാടകയും പഠനോപകരണങ്ങളുമടക്കം മൊത്തം 24 ലക്ഷം രൂപ ഫീസ്, നാലു ഗഡുക്കളായി അടയ്ക്കാം. അർഹതയുള്ളവർക്ക് സ്കോളർഷിപ്പിന് ധാരാളം സൗകര്യങ്ങൾ. മുൻബാച്ചുകളിലെ എല്ലാവർക്കും 25 ലക്ഷം രൂപയെങ്കിലും വാർഷികവേതനത്തോടെ ഉയർന്ന നിയമനം കിട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സൈറ്റിലുണ്ട്. 

ഫോൺ: 033-25752520

ഇ–മെയിൽ : pgdba@isical.ac.in

എൻട്രൻസ് എങ്ങനെ ?

വെർബൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രട്ടേഷൻ & ഡേറ്റ വിഷ്വലൈസേഷൻ,  ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 10, 12 ക്ലാസുകളിലെ മാർക്കുകൾ, എഴുത്തുപരീക്ഷ,, ഇന്റർവ്യൂ, സേവനപരിചയം എന്നിവയ്ക്ക് യഥാക്രമം 7 / 7 / 40 / 40 / 6 വെയിറ്റ് നൽകിയാണ് റാങ്കിങ്. 

ബിസിനസ് അനലിറ്റിക്സിന്റെ പ്രസക്തി

കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസുകളിൽ വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപംകൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിന് ബിസിനസ് അനലിറ്റിക്സിലോ ഡേറ്റ സയൻസിലോ പ്രാവീണ്യം ആർജിച്ചവരുടെ സേവനം വേണം.  ഉപഭോക്തൃബന്ധങ്ങൾ, കലവറനിയന്ത്രണം, കളവുകണ്ടെത്തൽ, വിലനിശ്ചയിക്കൽ, വായ്പത്തീരുമാനം, ‘മാർക്കറ്റ് ബാസ്കറ്റ് അനാലിസിസ്’ തുടങ്ങിയവയ്ക്ക് ബിസിനസ് അനലിറ്റിക്സ് വിദഗ്ധരുടെ സേവനം വേണം.