സബ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിൽ പുതിയ വിജ്ഞാപനം വരുന്നത് നാലര വർഷത്തിനു ശേഷം. 11–06–2015ലെ ഗസറ്റിലാണ് ഈ തസ്തികയിലേക്കുള്ള മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് ശേഷം കഴിഞ്ഞ മാർച്ച് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിലുള്ളവർക്കായും റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. 2020 മാർച്ച് 13ന് ഈ  ലിസ്റ്റുകൾ റദ്ദാകും.  

യോഗ്യത ബിരുദം

സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാല ബിരുദമാണ്. പുരുഷൻമാരോടൊപ്പം വനിതകൾക്കും ഈ തസ്തികയിൽ അപേക്ഷിക്കുന്നതിനു തടസമില്ല. പ്രായപരിധി 20–31. പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ പെട്ടവർക്ക് 36 വയസ് തികയാൻ പാടില്ല എന്നാണ് വ്യവസ്ഥ. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന  ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.  

പുരുഷൻമാർ: ഉയരം– 165.10 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160.02 സെ.മീ). നെഞ്ചളവ്– 81.28 സെ.മീ. 5.08 സെ.മീ വികാസം വേണം.

വനിതകൾ: ഉയരം– 160 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 155 സെ.മീ)

ഒബ്ജക്ടീവ് പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയിൽ വിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷയുണ്ട്. പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം  കായികക്ഷമതാ പരീക്ഷയാവും നടത്തുക. ഇനങ്ങളിലും വ്യത്യാസമുണ്ട്. 8 ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 5 എണ്ണത്തിൽ ഉദ്യോഗാർഥി യോഗ്യത നേടണം. ഇനങ്ങൾ താഴെ പറയുന്നു.

പുരുഷൻമാർ

1. 100 മീറ്റർ ഒാട്ടം– 14 സെക്കന്റ്

2. ഹൈ ജംപ്– 132.20 െസ.മീ

3. ലോങ് ജംപ്– 457.20 സെ.മീ

4. പുട്ടിങ് ദ് ഷോട്ട് (7264 ഗ്രാം)– 609.60 സെ.മീ

5. ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ– 6096 സെ.മീ

6. റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്)– 365.80 സെ.മീ

7. പുൾ അപ്‌്സ് അഥവാ ചിന്നിങ്– 8 തവണ

8. 1500 മീറ്റർ ഒാട്ടം– 5 മിനിറ്റ് 44 സെക്കന്റ്

വനിതകൾ

1. 100 മീറ്റർ ഒാട്ടം– 17 സെക്കന്റ്

2. ഹൈ ജംപ്– 1.06 മീറ്റർ

3. ലോങ് ജംപ്– 3.05 മീറ്റർ

4. പുട്ടിങ് ദ് ഷോട്ട് (4 കി.ഗ്രാം)– 4.88 മീറ്റർ

5. 200 മീറ്റർ ഒാട്ടം– 36 സെക്കന്റ്

6. ത്രോയിങ് ദ് ത്രോ ബോൾ– 14 മീറ്റർ

7. ഷട്ടിൽ റേസ് (25x4 മീറ്റർ)– 26 സെക്കന്റ്

8. സ്കിപ്പിങ് (ഒരു മിനിറ്റ്)– 80 തവണ

നിലവിലുള്ള ലിസ്റ്റിൽ നിയമനമില്ല

സബ് ഇൻസ്പെക്ടർ തസ്തികയ്ക്ക് 14–03–2019ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കഴിഞ്ഞ ജൂൺ 7നു ശേഷം ഒരാൾക്കുപോലും നിയമനശുപാർശ ലഭിച്ചിട്ടില്ല. നേരിട്ടുള്ള നിയമനത്തിനൊപ്പം മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിൽപെട്ടവർക്കും റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക് ലിസ്റ്റിൽ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 477 പേരെയാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്. മിനിസ്റ്റീരിയൽ വിഭാഗത്തിന്റെ ലിസ്റ്റിൽ 11 പേരെയും കോൺസ്റ്റാബ്യുലറി വിഭാഗത്തിൽപെട്ടവർക്കുള്ള ലിസ്റ്റിൽ 124 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു വിഭാഗത്തിലുമായി 114 പേർക്ക് മാത്രമേ ഇതുവരെ നിയമനശുപാർശ നൽകിയിട്ടുള്ളൂ. ഈ റാങ്ക് ലിസ്റ്റുകൾക്ക് ഇനി മൂന്നു മാസംകൂടിയാണ് കാലാവധിയുള്ളത്. നിലവിലുള്ള ഒഴിവുകൾ ഇതിനകം പൊലീസ് വകുപ്പ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അഞ്ഞൂറോളം പേർക്ക് നിരാശരാകേണ്ടിവരും.

കേഡർ സ്ട്രെങ്ത് കണക്കാക്കുന്നില്ല

സബ് ഇൻസ്പെക്ടർ തസ്തികയുടെ കേഡർ സ്ട്രെങ്ത് കണക്കാക്കി നിയമനം നടത്താത്തതാണ് നിയമനം കുറയാൻ കാരണമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. എസ്ഐമാരുടെ നേരിട്ടുള്ള നിയമനം വഴിയുള്ള കേഡർ സ്ട്രെങ്ത് 1116 ആണ്. ഈ കേഡർ സ്ട്രെങ്ത്തിലെത്തണമെങ്കിൽ ഇനി ഇരുനൂറോളം തസ്തികകൂടി വേണം. നിലിവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നു നടന്ന 114 നിയമനശുപാർശകൂടി കൂട്ടിയാൽപോലും ഇത്രയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സിവിൽ പൊലീസ് ഒാഫിസർ ഉൾപ്പെടെയുള്ള തസ്തികകളിൽ ഭാവിയിലുണ്ടാകുന്ന ഒഴിവുകൾ (ആന്റിസിപ്പേറ്റഡ് വേക്കൻസി) കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ എസ്ഐ തസ്തികയിൽ ഈ പതിവില്ല. അതുകൊണ്ടുതന്നെ വിരമിക്കൽ വഴിയുണ്ടാകുന്നതുൾപ്പെടെയുള്ള ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.