സർവകലാശാല അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർഥികളെ കുറയ്ക്കാൻ പിഎസ്‌സി തീരുമാനം. മെയിൻ ലിസ്റ്റിൽ 1000 പേരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ഡിസംബര്‍ 16നു ചേർന്ന പിഎസ്‌സി യോഗത്തിലെ തീരുമാനം. ഇതിന് ആനുപാതികമായ എണ്ണം ഉദ്യോഗാർഥികളെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തും. ഈ തസ്തികയുടെ മുൻ ലിസ്റ്റിൽ 17,267 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ 5151ഉം സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 11,685ഉം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 431 പേരെയും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ 2266 പേർക്ക് നിയമനശുപാർശയും ലഭിച്ചു. 

സർവകലാശാല അസിസ്റ്റന്റിന്റെ ആദ്യ തിരഞ്ഞെടുപ്പായതിനാലാണ്  ഇത്രയും പേർക്ക് നിയമനശുപാർശ ലഭിച്ചതെന്നും ഇത്തവണ അത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടില്ലെന്നും വിലയിരുത്തിയാണ് സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർഥികളെ കുറച്ചിട്ടുള്ളത്. മൂന്നു സർവകലാശാലകളിൽ നിന്നായി 58 അസിസ്റ്റന്റ് ഒഴിവുകളാണ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.