പ്ലസ് ടുവിനു ബയോമാത്‌സെടുത്ത് നീറ്റ് ലക്ഷ്യമാക്കി പഠിക്കുന്ന മകൾക്ക് അതു കിട്ടിയില്ലെങ്കിൽ, വേറെ നല്ല കോഴ്സുകൾ എന്തെല്ലാമാണ്? 

ഫിലിറ്റ 

ധാരാളം നല്ല കോഴ്സുകളുണ്ട്. പ്ലസ് ടുവിനു ബയോളജി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പഠിച്ചതിനാൽ ബിരുദതലത്തിൽ എതു കോഴ്സിനും ചേരാം.

ഫിസിക്കൽ/ബയളോജിക്കൽ സയൻസ് വിഷയങ്ങൾ, കൊമേഴ്സ്, മാനവികവിഷയങ്ങൾ, മെഡിക്കൽ/എൻജിനീയറിങ്/അഗ്രിക്കൾച്ചറൽ തുടങ്ങിയവയിലെ പ്രഫഷനൽ കോഴ്സുകൾ എന്നിവയിൽ ഇഷ്ടപ്പെട്ടതു തിരഞ്ഞെടുക്കാം. ഐസറുകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് കോഴ്സുകൾ, ഐഐടികൾ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസ് എന്നിവിടങ്ങളിലെ നാലു വർഷ ബിഎസ് എന്നിവ സയൻസ് ഗവേഷണത്തിലേക്കു വഴിതുറക്കും.

മികച്ച സാധ്യതകളുണ്ട് കൊമേഴ്സ് രംഗത്ത്. ഇതിലേക്കു കടക്കാൻ പ്ലസ് ടുവിൽ കൊമേഴ്സ് പഠിച്ചിരിക്കണമെന്നില്ല. ബികോം–എംകോം വഴികളല്ല മുഖ്യമായും സൂചിപ്പിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് അക്കൗണ്ടൻസി എന്നിവയ്ക്കു നിയമപരമായ അധികാരങ്ങളുമുണ്ട്. നിയമം, ഫാഷൻ ടെക്നോളജി, ഡിസൈൻ, ഫൈൻ ആർട്സ് തുടങ്ങി എത്രയോ മേഖലകൾ. 

എല്ലാം ഇവിടെ സൂചിപ്പിക്കുക പ്രായോഗികമല്ല. എന്നു തന്നെയുമല്ല, നേരിട്ടു പരിചയമില്ലാത്ത കുട്ടിക്ക് ഏതെങ്കിലുമൊരു കോഴ്സ് കണ്ണടച്ചു നിർദേശിക്കാൻ ആർക്കും സാധ്യമല്ല. കുട്ടിയുടെ അഭിരുചിയും പഠനശേഷിയും, കുടുംബത്തിന്റെ സാമ്പത്തികശേഷി, ഏതെങ്കിലും കോഴ്സിനോ സ്ഥലങ്ങളിലോ കുട്ടിയെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ വൈമുഖ്യം, ദീർഘകാല പഠനത്തിലാണോ ഹ്രസ്വകാല പഠനത്തിലാണോ താൽപര്യം മുതലായ പല ഘടകങ്ങളും പരിഗണിച്ചു വേണം തീരുമാനം എടുക്കുന്നത്.