വിവിധ തസ്തികകളിലേക്കുള്ള ഒാൺലൈൻ പരീക്ഷകൾ ഞായറാഴ്ചകൂടി നടത്താൻ പിഎസ്‌സി തീരുമാനം. ശനിയാഴ്ചത്തെ പരീക്ഷയ്ക്ക് കംപ്യൂട്ടർ ലാബ് അനുവദിക്കാൻ ബുദ്ധിമുട്ടാണെന്ന് എൻജിനീയറിങ് കോളജുകൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. തുടക്കത്തിൽ ഒന്നിടവിട്ട ഞായറാഴ്ചകളിലാവും പരീക്ഷ നടത്തുക. 10,000ൽ താഴെ അപേക്ഷകരുള്ള പരീക്ഷകൾ ഇപ്പോൾ ഒാൺലൈൻ രീതിയിലാണ് പിഎസ്‌സി നടത്തുന്നത്. പിഎസ്‌സിയുടെ സ്വന്തം പരീക്ഷാ കേന്ദ്രത്തിൽ  മാത്രമായി ഇത്രയും പേർക്ക് ഒന്നിച്ച് പരീക്ഷ നടത്താൻ കഴിയില്ല. 

അതിനാൽ സംസ്ഥാനത്തെ സർക്കാർ/ സർക്കാർ അംഗീകൃത എൻജിനീയറിങ് കോളജുകൾകൂടി ഇപ്പോൾ പരീക്ഷാ കേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടത്തെ ക്ലാസുകളെ ബാധിക്കാത്ത രീതിയിൽ പരീക്ഷ നടത്തേണ്ടതുകൊണ്ടാണ് ഞായറഴ്ചകളിൽകൂടി പരീക്ഷ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെ വകുപ്പുതല ഒാൺലൈൻ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്തിയിരുന്നു.