തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്നു മൂന്നാം റാങ്കോടെ ബിഎസ്‌സി ബയോടെക്നോളജി പൂർത്തിയാക്കിയപ്പോഴാണു ജി. ഐശ്വര്യയ്ക്കു പോസ്റ്റൽ അസിസ്റ്റന്റ് ജോലി ലഭിച്ചത്. എങ്കിലും പഠനം തുടരാൻ തന്നെ തീരുമാനിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്‌സിക്ക് ഒന്നാം റാങ്ക്. കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ ഡോക്ടറൽ ഫെലോഷിപ്പോടെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഗവേഷണം. ആ പ്രയാണത്തിനൊടുവിൽ ഡോ. ജി. ഐശ്വര്യ ഇന്നു വാർത്തകളിൽ നിറയുന്നതു 1.75 കോടി രൂപയോളം രൂപയുടെ മേരി ക്യൂറി ഫെലോഷിപ് ജേതാവായാണ്.  

ഗവേഷണം ഇതുവരെ: പ്ലാന്റ് മെറ്റബോളോമിക്സിൽ 2015ൽ പിഎച്ച്ഡി നേടിയ ഐശ്വര്യ പിന്നീട് ഇസ്രയേലിലെ മൈഗൽ– ഗലീലി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി. ഇതാണു മേരി ക്യൂറി ഫെലോഷിപ്പിലേക്കു വഴി തുറന്നത്.  

ഗവേഷണം ഇനി: ആഫ്രിക്കൻ ധാന്യം ടെഫിന്റെ പോഷകമൂല്യവും സ്വഭാവസവിശേഷതകളും ജീൻ എഡിറ്റിങ് വഴി മെച്ചപ്പെടുത്താനാണ് ഇനി ഗവേഷണം. യുകെയിലെ അബറീസ്റ്റ്‌വിത്ത് സർവകലാശാലയിലെ പ്രഫ. ലൂയിസ് മ്യൂറിന്റെ കീഴിലാണു പ്രോജക്ട്.

തിരുവനന്തപുരം പുളിമൂട്ടിൽ പി.സുകുമാരൻ – ഗിരിജ ദമ്പതികളുടെ മകളാണ് ഐശ്വര്യ. ഭർത്താവ് കൊല്ലം തങ്കശ്ശേരി സ്വദേശി സരുൺ രാധാകൃഷ്ണൻ.  

മേരി ക്യൂറി ഫെലോഷിപ്പിലേക്കുള്ള വഴി: യൂറോപ്യൻ രാജ്യങ്ങളിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനു നൽകുന്നു. കാലാവധി രണ്ടു വർഷം. പരോക്ഷ ചെലവുകൾ വരെ യൂറോപ്യൻ യൂണിയൻ വഹിക്കും. സമയം ഏപ്രിൽ– സെപ്റ്റംബർ. മാതൃ സ്ഥാപനവുമായി ചേർന്ന് സംയുക്തമായാണ് യൂറോപ്യൻ യൂണിയന്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടത്. 

https//ec.europa.eu/research/mariecurieactions