‘‘ഗവേഷണശേഷം ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ എന്തു ചെയ്യും?’’ ഷ്‌ലംബർജെ (Schlumberger) ഫൗണ്ടേഷന്റെ ഫാക്കൽറ്റി ഫോർ ദ് ഫ്യൂചർ ഫെലോഷിപ്പിനുള്ള ഫോൺ ഇൻ ഇന്റർവ്യൂവിൽ സ്നേഹ സ്മാരകൻ നേരിട്ട ചോദ്യം. 

ഗർഭാശയ കാൻസറിനുള്ള മൂലകോശ ചികിത്സ സംബന്ധിച്ചു പോസ്റ്റ് ഡോക്ടറൽ ഗവേഷണം ലക്ഷ്യമിടുന്ന സ്നേഹയ്ക്ക് അധ്യാപനവും സാമൂഹികസേവനവുമടക്കം വ്യക്തമായ ഭാവി കാഴ്ചപ്പാടുകളുള്ളതിനാൽ കൃത്യം മറുപടി നൽകി. ശരിയായ പ്ലാനിങ്ങോടെ തയാറെടുത്തതിനാൽ 40,000 ഡോളർ (ഏകദേശം 28.5 ലക്ഷം രൂപ) ഫെലോഷിപ്പും കിട്ടി. ഇപ്പോൾ, ഇംഗ്ലണ്ടിലെ ബ്രാഡ്ഫഡ് സർവകലാശാലയിൽ.  

കുസാറ്റിൽ ഒന്നാം റാങ്കോടെ എംഎസ്‌സി ബയോടെക്നോളജി പൂർത്തിയാക്കിയ സ്നേഹയുടെ പിഎച്ച്ഡി ഗവേഷണം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. ഉപരിഗവേഷണ അന്വേഷണങ്ങൾക്കിടെ ബ്രാഡ്ഫഡ് സർവകലാശാലയിലെ പ്രഫ. ക്ലോസ് പ്രോസിനെ പരിചയപ്പെട്ടു. ബ്രാഡ്ഫഡിലേക്കു വഴിയൊരുക്കാനാണ് ഫാക്കൽറ്റി ഫോർ ദ് ഫ്യൂചർ ഫെലോഷിപ്പിന് അപേക്ഷിച്ചത്. തൃശൂർ കൂർക്കഞ്ചേരി വട്ടിരിങ്ങൽ വി.കെ. സ്മാരകന്റെയും ടി.ആർ. ശൈലജയുടെയും മകളാണു സ്നേഹ. ഭർത്താവ്: കോഴിക്കോട് സ്വദേശി സ്വരൂപ് കെ. സുരേഷ്.

ലേഡീസ് ഒൺലി: വികസ്വര രാജ്യങ്ങളിലെ വിദ്യാർഥിനികൾക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് (സ്റ്റെം) വിഷയങ്ങളിൽ ഷ്‌ലംബർജെ ഫൗണ്ടേഷൻ നൽകുന്ന ഫെലോഷിപ്പാണ് ഫാക്കൽറ്റി ഫോർ ദ് ഫ്യൂചർ. പിഎച്ച്ഡിക്കു വർഷം 50,000 ഡോളർ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് 40,000 ഡോളർ. ഒരു വർഷമാണെങ്കിലും വേണമെങ്കിൽ നീട്ടാം. സെപ്റ്റംബറിലാണ് അപേക്ഷിക്കേണ്ടത്. 

http://www.facultyforthefuture.net/