ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. പ്രായം വെറും 34 വയസ്സ്. പോരെങ്കില്‍ ഒരു വനിതയും. സന മരിനെ പ്രധാനമന്ത്രിയാക്കി ഫിന്‍ലാന്‍ഡ് ലോകത്തെ ഞെട്ടിച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ. പ്രധാനമന്ത്രിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ മാത്രമല്ല ഭരണപക്ഷത്തിലെ മറ്റു നാലു പ്രമുഖ പാര്‍ട്ടികളെയും നയിക്കുന്നതു വനിതകള്‍ തന്നെയാണ്. എന്നാല്‍ ഇക്കണ്ടതൊക്കെ സാംപിള്‍ വെടിക്കെട്ട്, യഥാര്‍ത്ഥ പൂരം ഇനി വരാന്‍ കിടക്കുന്നു എന്നാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

രാജ്യത്തെ ജോലി സമയം സംബന്ധിച്ച പ്രധാനമന്ത്രി സന മരിന്റെ പുതിയ പ്രഖ്യാപനമാണു ജനങ്ങളെ ആവേശഭരിതരാക്കിയിരിക്കുന്നത്. ദിവസം ആറു മണിക്കൂര്‍ ജോലി സമയം വച്ച് ആഴ്ചയില്‍ നാലു പ്രവര്‍ത്തി ദിനങ്ങള്‍ നടപ്പിലാക്കുകയാണു തന്റെ ലക്ഷ്യമെന്നു സന കഴിഞ്ഞ ദിവസം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 120-ാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ചു. 

ജോലി സമയം കുറയ്ക്കുന്നതിലൂടെ തൊഴിലാളികള്‍ക്കു കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നു സന ചൂണ്ടിക്കാട്ടി. തങ്ങളുടെ ഹോബികള്‍ക്കായിട്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിട്ടും ജനങ്ങള്‍ക്കു കൂടുതല്‍ സമയം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായും സന പറഞ്ഞു. 

പ്രധാനമന്ത്രിയാകും മുന്‍പ് ഫിന്‍ലാന്‍ഡിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു സന. തൊഴിലാളികളുടെ ഉത്പാദനക്ഷമതയും ഗവണ്‍മെന്റും തൊഴിലാളികളുമായിട്ടുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനു പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശ അക്കാലത്തു തന്നെ സന മുന്നോട്ടു വച്ചിരുന്നു. നിലവില്‍ ഫിന്‍ലാന്‍ഡില്‍ ദിവസം എട്ടു മണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസമാണു പ്രവൃത്തി സമയം. വിദ്യാഭ്യാസ മന്ത്രി ലീ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്തിട്ടുണ്ട്. 

മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡന്‍ പരീക്ഷണാർഥം ആറു മണിക്കൂര്‍ തൊഴില്‍ സമയം നടപ്പാക്കിയിരുന്നു. മൈക്രോസോഫ്ട് ജപ്പാനില്‍ ആഴ്ചയില്‍ നാലു ദിവസം പ്രവൃത്തി സമയം നടപ്പാക്കിയപ്പോള്‍ ഉത്പാദനക്ഷമത 40 ശതമാനം വർധിച്ചതായി കണ്ടെത്തിയിരുന്നു. എന്തായാലും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ തൊഴില്‍ സമയത്തെ സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്കു ലോകമെമ്പാടും തുടക്കമായി.