ശാസ്ത്ര ഗവേഷണ മികവിനുള്ള അംഗീകാരമായി മലയാളി ശാസ്ത്രജ്ഞൻ ഡോ. കെ.എം. സുരേശൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോ (FASc) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) പ്രഫസറായ ഡോ. സുരേശനോട് ശാസ്ത്രഗവേഷണ രംഗത്തെ പഠന, കരിയർ സാധ്യതകളെക്കുറിച്ചു ചോദിക്കാം. 

കരിയർ എന്ന നിലയിൽ ഇന്ത്യയിൽ സയൻസ് റിസർച്ചിന്റെ സാധ്യതകൾ ?

ഒരു  രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റമാണ്. മറ്റു രാജ്യങ്ങളിലെ  കണ്ടുപിടിത്തങ്ങളുടെ ഉപഭോക്താക്കൾ മാത്രമായാൽ സാമ്പത്തികമായി  മുന്നേറാൻ കഴിയില്ല. ഇന്ത്യയിൽ നിലവിൽ ഏറെ സാധ്യതകളുണ്ട്; അതേസമയം, ഇനിയും മെച്ചപ്പെടുത്താനുമുണ്ട്.

എൻജിനീയറിങ്ങിനു ലഭിക്കുന്ന പ്രാമുഖ്യവും പ്ലേസ്മെന്റ് സാധ്യതകളും സയൻസ് പഠനരംഗത്തെ ബാധിക്കുന്നുണ്ടോ ? ഏറ്റവും മിടുക്കരെ സയൻസിലേക്കു കിട്ടുന്നുണ്ടോ ?

മുൻപ് എൻജിനീയറിങ്ങിന് ഊന്നൽ നൽകി ഒരുപാട് ഐഐടികളും എൻഐടികളും സ്ഥാപിച്ചപ്പോൾ, ശാസ്ത്രമേഖലയിൽ ശ്രേഷ്ഠസ്ഥാപനമായി ഐഐഎസ്‌സി മാത്രമാണുണ്ടായിരുന്നത് എന്നതു വസ്തുതയാണ്. ആ സ്ഥിതി മാറി. കഴിഞ്ഞ 10-15 വർഷത്തിനിടെ രാജ്യാന്തര നിലവാരത്തോടെ ഐസർ, നൈസർ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) പോലെയുള്ള ശാസ്ത്ര ഗവേഷണ/ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു. ഐസർ വിദ്യാർഥികളിൽ പലരും ഐഐടി, മെഡിസിൻ അഡ്മിഷൻ ഉപേക്ഷിച്ച് എത്തുന്നവരാണെന്നത് പുതുതലമുറ ശാസ്ത്രത്തിന്റെ മേന്മ മനസ്സിലാക്കുന്നതിനു തെളിവാണ്. 

Brain drain എത്രത്തോളം പ്രശ്നമാണ് ? ഗവേഷണരംഗത്ത് അത്തരത്തിൽ അതിരുകൾ ശരിയാണോ?

ശാസ്ത്രത്തിനു ഭൂമിശാസ്ത്ര, രാഷ്ട്രീയ അതിരുകൾ ബാധകമല്ല. പക്ഷേ, ഒരു രാജ്യത്തിന് ഒരുപാടു ശാസ്ത്ര കണ്ടുപിടിത്തങ്ങൾ ഉണ്ടായാൽ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു ഗുണം ചെയ്യും. ഇക്കാരണത്താൽ രാജ്യങ്ങൾ തമ്മിൽ മത്സരവുമുണ്ട്. കൂടുതൽ സൗകര്യവും  പ്രോത്സാഹനവും നൽകുന്ന രാജ്യത്തേക്കു ശാസ്ത്രജ്ഞർ ചേക്കേറുക സ്വാഭാവികം. അത്തരം സാഹചര്യം ഉറപ്പാക്കിയാൽ ഇന്ത്യയിലേക്കും പ്രഗത്ഭർ ചേക്കേറും. 20-30 വർഷമായി ചൈന ഇതാണു ചെയ്യുന്നത്.