ഡിഗ്രി പൂര്‍ത്തിയാക്കി 3–4 വര്‍ഷം കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയഷം സിവില്‍ സര്‍വീസ് മോഹമുദിക്കുന്നവരുണ്ട്. അവര്‍ക്കു സഹായകരമാകുന്ന ചില കാര്യങ്ങള്‍ എന്റെ അനുഭവത്തില്‍നിന്നു പറയാം. വൈകി തയാറെടുപ്പു തുടങ്ങി എന്നതുകൊണ്ടുമാത്രം ആരും സിവില്‍ സര്‍വീസസ് പരീക്ഷയില്‍ പിന്നോട്ടുപോകില്ല. എത്രമാത്രം പരിശ്രമിക്കുന്നു എന്നതാണു പ്രധാനം. 

സയൻസോ ആർട്സോ
സയൻസ് പഠിച്ചവരും ആർട്സ് പഠിച്ചവരും തയാറെടുക്കേണ്ടതു രണ്ടു തരത്തിലാണ്. സയൻസ് ബിരുദധാരികൾക്ക് ഇന്ത്യന്‍ ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായി തോന്നും. ഇവര്‍ എന്‍സിഇആര്‍ടിയുടെ 9 മുതൽ പ്ലസ്ടു വരെയുള്ള അടിസ്ഥാന ചരിത്രം, പൊളിറ്റിക്സ്, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം പാഠപുസ്തകങ്ങള്‍ വായിക്കുന്നതു നല്ലതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, വേദ കാലഘട്ടം, സിന്ധുനദീതട സംസ്കാരം തുടങ്ങി ഓരോ കാലഘട്ടത്തിലെയും പ്രധാന സംഭവവികാസങ്ങള്‍ വര്‍ഷങ്ങള്‍ സഹിതമുള്ള ടൈംലൈന്‍ തയാറാക്കിയാണു ഞാന്‍ പഠിച്ചത്. ആര്‍ട്സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ശാസ്ത്രനാമങ്ങളും മറ്റും ഓര്‍ത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. പത്രങ്ങളിലെയും ആനുകാലികങ്ങളിലെയും ശാസ്ത്ര–സാങ്കേതിക ലേഖനങ്ങള്‍ വായിച്ച് പോയിന്റുകള്‍ കുറിച്ചുവയ്ക്കണം. പ്രിലിമിനറി പരീക്ഷ മുതല്‍ ശാസ്ത്ര– സാങ്കേതിക സംബന്ധിയായ ചോദ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്‍സിഇആര്‍ടിയുടെ എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠപുസ്തകങ്ങള്‍ നന്നായി റഫര്‍ ചെയ്യണം. 

ആപ്പുകളും യുട്യൂബും
ജോലി കിട്ടിയശേഷം സിവിൽ സർവീസിനു തയാറെടുക്കുന്നവരാണെങ്കിൽ, ആനുകാലിക കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. പൊതുവിജ്ഞാനം കൂട്ടാന്‍ സഹായകമായ ഒട്ടേറെ ആപ്പുകളുണ്ട്. ജികെ ടുഡേ എന്ന ആപ് ഞാന്‍ സ്ഥിരമായി ഉപയോഗിക്കുമായിരുന്നു. ഇംഗ്ലിഷ് ആനുകാലികങ്ങള്‍ വായിക്കുന്നത് ഭാഷ മെച്ചപ്പെടുത്താൻ സഹായിക്കും. യുട്യൂബിലെ സ്പോക്കണ്‍ ഇംഗ്ലിഷ് സീരിസുകളും ശ്രദ്ധിക്കാം. രാജ്യസഭാ ടിവിയിലെ ചര്‍ച്ചകള്‍ ഞാന്‍ എല്ലാദിവസവും കാണുമായിരുന്നു. 

(ഇക്കഴിഞ്ഞ സിവിൽ സർവീസ് ബാച്ചിൽ കേരള കേഡറിൽ ഐഎഎസ് ലഭിച്ചു. ഇപ്പോൾ മസൂറിയിൽ പരിശീലനത്തിൽ)