അച്ഛനുമമ്മയും ഡോക്ടർമാർ; പക്ഷേ അദ്വൈതിനു ബയോളജിയേക്കാളേറെ മാത്‌സിനോടാണു താൽപര്യം. അങ്ങനെ ഐഐടി ആയി ലക്ഷ്യം. രണ്ടുവർഷത്തെ തയാറെടുപ്പ്. ആദ്യ കടമ്പയായ ജെഇഇ മെയിൻ പരീക്ഷയിൽ 99.97 പെർസെന്റൈലുമായി കേരളത്തിൽ ഒന്നാമനായിരിക്കുന്നു അദ്വൈത് ദീപക്. ഇതാ, ആ വിജയരഹസ്യങ്ങൾ.

∙ വിഷയം അനുസരിച്ച് പഠനരീതി: കെമിസ്ട്രി പഠിക്കുമ്പോൾ ആവർത്തിച്ചുള്ള വായന വേണം. മാത്‌സിലും ഫിസിക്സിലും കൂടുതൽ ചോദ്യങ്ങൾ പരിചയിക്കണം. ചെയ്തു പരിശീലിക്കണം.

∙ മികച്ച സ്കോറിനു മോക് ടെസ്റ്റ്: ഏതു വിഷയത്തിന് എത്ര സമയം മാറ്റിവയ്ക്കണമെന്നു തീരുമാനിച്ചത് മോക് ടെസ്റ്റിലെ മാർക്കുകൾ കൂടി നോക്കിയാണ്. മോക് ടെസ്റ്റുകൾ പരിചയിച്ചതിനാൽ യഥാർഥ പരീക്ഷയിൽ അങ്കലാപ്പ് തോന്നിയതുമില്ല. 

∙ ഓപ്ഷനുകളിലെ ക്ലൂ: പരീക്ഷയിൽ അറിവു മാത്രം പോരാ, ബുദ്ധി കൂടി പ്രയോഗിക്കണം. ചോദ്യത്തിന്റെ ഓപ്ഷനുകൾ ചിലപ്പോൾ ഉത്തരത്തിലേക്കു വഴികാട്ടിയായേക്കാം. 

∙ സംശയങ്ങൾ ചോദിക്കണം: പഠനത്തിനിടെ സംശയങ്ങൾ സ്വാഭാവികം. അധ്യാപകരോടു ചോദിച്ച് അപ്പപ്പോൾ സംശയനിവാരണം വരുത്തുന്നത് വിഷയത്തെ ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കും.

∙ അഡ്വാൻസ്ഡിലേക്കുള്ള വഴി: ഐഐടി പ്രവേശനത്തിന് ഇനി ജെഇഇ അ‍ഡ്വാൻസ്‍ഡിലും മികച്ച മാർക്ക് വേണം. കുറേക്കൂടി അപ്ലിക്കേഷൻ ലെവലിലുള്ള ചോദ്യങ്ങളാകും അഡ്വാൻസ്ഡിൽ. അതിനായുള്ള പരിശീലനമാണിനി.

കോഴിക്കോട് ചേവായൂർ സ്വദേശിയായ അദ്വൈത് ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാറിലാണു പ്ലസ് ടു പഠിച്ചത്. അച്ഛൻ ഡോ. റിജിൽ ദീപക് (കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി); അമ്മ: ഡോ. ദർശന ബാലകൃഷ്ണൻ (കോഴിക്കോട് ഇഎൻടി ആശുപത്രി).