‘ചന്ദ്രലേഖ’ എന്ന സിനിമയിൽ വായ്പ അടയ്ക്കാത്തതു കാരണം മോഹൻലാലിന്റെ ബൈക്ക് എടുത്തുകൊണ്ടുപോകാൻ നടക്കുന്ന മുംബൈയിലെ ‘മാർവാടികളെ’ കണ്ടിട്ടുണ്ടാകും. സിസി അടയ്ക്കാത്തതു കാരണം ജപ്തി ചെയ്ത വാഹനങ്ങൾ നമ്മുടെ നാട്ടിലെ റോഡരികുകളിലും കാണാം. ഇത്തരം വാഹനങ്ങൾ തിരിച്ചുപിടിക്കാൻ വരുന്നതു പലപ്പോഴും ക്രമസമാധാന പ്രശ്നവുമാകാറുണ്ട്. 

വായ്പയെടുത്തു വാങ്ങിയത് ഒരു വിമാനം ആണെങ്കിലോ? തിരിച്ചടവു മുടങ്ങിയാൽ വിമാനം കൊണ്ടുപോകാൻ സാധിക്കുമോ? സാധിക്കും. ഇത്തരക്കാരുടെ വിമാനങ്ങൾ ‘പറത്തി’ക്കൊണ്ടുപോകാനും ആളുണ്ട്! ‘എയർക്രാഫ്റ്റ് റിപോ’ എന്നാണ് ഈ പരിപാടിയുടെ പേര്. തിരിച്ചെടുക്കുക എന്നർഥമുള്ള ‘റിപൊസെഷൻ’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘റിപോ’.

ഇടഞ്ഞാൽ വിവരമറിയും
ഒരു ബൈക്ക് പോലും ഉടമസ്ഥനിൽനിന്ന് എടുത്തുകൊണ്ടുപോകുന്നതിന്റെ വെല്ലുവിളി നമുക്കറിയാം. അപ്പോൾ ഒരു വിമാനത്തിന്റെ കാര്യം പറയണോ?! ആദ്യംവിമാനം എവിടെയുണ്ടെന്നു ഗവേഷണം നടത്തി കണ്ടെത്തണം. പിന്നീട് അവിടെയെത്തി അത് ഏറ്റെടുക്കണം. വായ്പാ തിരിച്ചടവു മുടങ്ങിയാൽ ഉടമസ്ഥനെ ബാങ്ക് ആദ്യം ബന്ധപ്പെടും. ഉടമസ്ഥൻ സഹകരിക്കുന്നില്ലെങ്കിൽ ഔദ്യോഗിക ഏജൻസികളുമായി ബന്ധപ്പെട്ടു വിമാനം പിടിച്ചെടുക്കാൻ അനുവാദം വാങ്ങും. തുടർന്ന് എയർക്രാഫ്റ്റ് റിപോ കമ്പനികളുമായി ബന്ധപ്പെടും. നിശ്ചിത തുക പറഞ്ഞുറപ്പിച്ച ശേഷം അവർ വിമാനം കൈവശപ്പെടുത്താൻ പോകും. മിക്കപ്പോഴും വലിയ പ്രശ്നങ്ങളുണ്ടാകാതെ വിമാനങ്ങൾ തിരിച്ചെടുക്കാൻ സാധിക്കും. അല്ലെങ്കിൽ അൽപം ഭീഷണിപ്പെടുത്തേണ്ടി വരും (അത്ര ചെറിയ ഭീഷണിയല്ല, തോക്കും മറ്റ് ആയുധങ്ങളുമൊക്കെ ഉപയോഗിക്കുമത്രെ!). ഒടുവിൽ വിമാനം പറത്തി ബാങ്കിന്റെ ഗാരേജിലെത്തിക്കും.

പക്കായാണ് റേറ്റ് 

നിയമപരമായാണ് എയർക്രാഫ്റ്റ് റിപോ നടക്കുന്നതെങ്കിലും കോടികളുടെ ബിസിനസ് ആണിത്. നിക് പോപ്പോവിച്ച്, കെൻ ഹിൽ തുടങ്ങിയവർ ഈ രംഗത്തെ അതികായന്മാരാണ്. അമേരിക്കപോലെ സമ്പന്ന രാജ്യങ്ങളിലാണ് ഇത്തരം ബിസിനസുകളുള്ളത്. സ്വകാര്യ വിമാനങ്ങൾ കൂടുതലായുള്ളത് അത്തരം രാജ്യങ്ങളിലാണല്ലോ. ഒരു വിമാനം പിടിച്ചെടുത്ത ശേഷം ലേലം ചെയ്തു ലഭിക്കുന്ന തുകയുടെ 10 മുതൽ 20 വരെ ശതമാനം തുക ഇവർ ബാങ്കുകളിൽനിന്നു വാങ്ങാറുണ്ട്. നമ്മുടെ രാജ്യത്ത് ഇത്തരം ഒരു ബിസിനസിനെക്കുറിച്ച് കേട്ടിട്ടില്ല. എന്താ തുടങ്ങാൻ തോന്നുന്നുണ്ടോ?!