നിലവിലില്ലാത്ത കോഴ്സ് യോഗ്യതയാക്കി പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയെ തുടർന്ന് തിരുത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎഎസ്ആർ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്  (കാറ്റഗറി നമ്പർ 285/2016) തസ്തികയുടെ യോഗ്യത  തിരുത്തിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 

എസ്എസ്എൽസി വിജയത്തിനൊപ്പം ഇൻസ്ട്രുമെന്റ് മെക്കാനിക്കിലോ  മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജിയിലോ നേടിയ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും ഈ തസ്തികയുടെ യോഗ്യതയായി നിശ്ചയിച്ചിരുന്നു. എന്നാൽ മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി എന്ന പേരിൽ നാഷനൽ വൊക്കേഷനൽ ട്രെയിനിങ് കൗൺസിൽ കോഴ്സ് നടത്തിയിട്ടില്ലെന്നും സ്പെഷൽ റൂൾസിലെ പിശകു കാരണം തങ്ങളുടെ അപേക്ഷ നിരസിച്ചെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർഥികൾ അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തു. 

നിലവിലില്ലാത്ത മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി യോഗ്യതയ്ക്ക് പകരം എൻസിവിടി നടത്തുന്ന മെക്കാനിക് മെഡിക്കൽ ഇലക്ട്രോണിക്സ് കോഴ്സ് യോഗ്യതയായി നിശ്ചയിക്കുവാൻ ട്രൈബ്യൂണൽ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എൻടിസി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി കോഴ്സ് യോഗ്യതയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി (GO (Rt) No. 3076/2019/H&FWD. Dtd. 21-12-2019).