100 കോടി രൂപ വരെ വിറ്റുവരവുള്ള സ്റ്റാർട്ടപ് സംരംഭങ്ങൾക്കുള്ള നികുതിയിളവ് ഈ മേഖലയ്ക്കു കരുത്തേകും. നിലവിൽ 25 കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്കാണ് ആനുകൂല്യം. തുടർച്ചയായി 3 വർഷം 100 % ഇളവ് ലഭിക്കും. ആനുകൂല്യം നേടാനുള്ള കാലയളവ് ഏഴിൽനിന്നു 10 വർഷമാക്കി. 

സ്റ്റാർട്ടപ് ജീവനക്കാർക്കും അനുകൂല്യമുണ്ട്. ഇവർക്കു ലഭിക്കുന്ന ഓഹരിക്ക് (ഇഎസ്ഒപി) 5 വർഷത്തേക്കു നികുതിയില്ല. ജീവനക്കാർ കൂടുതൽ കാലം സ്റ്റാർട്ടപ് കമ്പനിയിൽ തുടരാൻ ഇതു സഹായിക്കുമെന്നാണു വിലയിരുത്തൽ. 5 വർഷമോ, അല്ലെങ്കിൽ അവർ കമ്പനി വിടുന്നതു വരെയോ, ഓഹരി വിൽക്കുന്ന സമയം വരെയോ നികുതി ആനുകൂല്യം ലഭിക്കും. നിലവിൽ ഈ ഓഹരികൾക്കു നികുതി നൽകേണ്ടതുണ്ട്. യുവാക്കളുടെ സംരംഭകത്വ നൈപുണ്യം മന്ത്രി എടുത്തുപറഞ്ഞു– ‘അവരിപ്പോൾ ജോലി തേടുന്നവരല്ല, ജോലി നൽകുന്നവരാണ്.’  

∙ പുതിയ സംരംഭങ്ങൾ തുടങ്ങുന്ന ഘട്ടത്തിൽ കീറാമുട്ടികൾ ഒഴിവാക്കാനും സഹായം നൽകാനും ഇൻവെസ്റ്റ്മെന്റ്  ക്ലിയറൻസ് സെൽ രൂപീകരിക്കും. പൊതു– സ്വകാര്യ പങ്കാളിത്തതോടെ സംസ്ഥാന സർക്കാരുമായി ചേർന്നു 5 പുതിയ സ്മാർട് സിറ്റികൾ ആരംഭിക്കും. 

∙ സ്റ്റാർട്ടപ്പുകൾക്കായി വിവിധ ഫണ്ടിങ് സൗകര്യങ്ങളൊരുക്കും. ആരംഭ ഘട്ടത്തിലുള്ള നിക്ഷേപം, സീഡ് ഫണ്ടിങ് എന്നിവ സ്റ്റാർട്ടപ്പുകളുടെ ആശയരൂപീകരണം ഉൾപ്പെടെയുള്ള ഘട്ടത്തിൽ ലഭ്യമാക്കും. വിവിധ കേന്ദ്ര ഏജൻസികളോട്  ഇക്കാര്യത്തിൽ  പിന്തുണ ആവശ്യപ്പെടും. 

സ്റ്റാർട്ടപുകൾ

∙ ബൗദ്ധിക സ്വത്തവകാശത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാനും അവ വേഗം നേടിയെടുക്കാനും ഡിജിറ്റൽ സംവിധാനം

∙ വിവിധ സാങ്കേതിക മേഖലകളിൽ നവീന മേഖലഖളിലും നോളജ്  ട്രാൻസ്‍ലേഷൻ ക്ലസ്റ്ററുകൾ

∙ ക്വാണ്ടം സാങ്കേതികവിദ്യകൾക്കും ആപ്ലിക്കേഷനുകൾക്കുമായി 5 വർഷ ത്തേക്ക് 8000 കോടി രൂപയുടെ പദ്ധതി

∙ സ്വകാര്യ കമ്പനികൾക്കും ഡേറ്റ സെന്റർ പാർക്കുകൾ നിർമിക്കാനുള്ള അനുമതി വൈകാതെ പ്രാവർത്തികമാക്കും

∙ 1 ലക്ഷം ഗ്രാമപഞ്ചായത്തുകളെ കോർത്തിണക്കുന്ന ഫൈബർ ടു ഹോം പദ്ധതി  ഭാരത്‌നെറ്റ് വഴി പൂർത്തിയാക്കും.