‘ഫാഷൻ കമ്യൂണിക്കേഷൻ എന്നാൽ ഫാഷൻ ഡിസൈനിങ് ആണോ ? പഠിച്ചാൽ എന്തു ജോലി കിട്ടും ?’ ഇങ്ങനെ നെറ്റി ചുളിക്കുന്നവരോടു കോട്ടയം ഞാലിയാകുഴി സ്വദേശി ആകാശ് കുര്യൻ തോട്ടം പറയുന്നു, ഫാഷൻ കമ്യൂണിക്കേഷൻ പഠിച്ച് രാജ്യത്ത് ഒന്നാമനായതിന്റെയും വിദേശത്ത് സ്കോളർഷിപ്പോടെ മാസ്റ്റേഴ്സ് പ്രവേശനം കിട്ടിയതിന്റെയും കഥ. 

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) കണ്ണൂർ ക്യാംപസിലായിരുന്നു പഠനം. 4 വർഷ ബിരുദ കോഴ്സ്. ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് (9.8 സിജിപിഎ) നേടിയാണു പഠനം പൂർത്തിയാക്കിയത്. 

ഒരു ഫാഷൻ ഡിസൈനറുടെ വർക്ക് എങ്ങനെ വിപണിയിലെത്തിക്കാം എന്നതിനെക്കുറിച്ചുള്ള പഠനമാണു ഫാഷൻ കമ്യൂണിക്കേഷൻ. പരസ്യം, ബിസിനസ്, മാർക്കറ്റിങ്, ഫൊട്ടോഗ്രഫി, ജേണലിസം ഉൾപ്പെടെ ഒട്ടേറെ മേഖലകൾ ഉൾപ്പെടുന്ന പഠനം. 

ബെസ്റ്റ് എമേർജിങ് സ്റ്റുഡന്റ് 
ബിരുദ ശേഷം ഓസ്ട്രേലിയയിലെ പ്രധാന എട്ടു സർവകലാശാലകളിൽ ഉപരിപഠനത്തിന് അപേക്ഷിച്ചു. എട്ടിടത്തും പ്രവേശനം ലഭിച്ചെങ്കിലും യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലൻഡ് ആണു തിരഞ്ഞെടുത്ത്. മികച്ച ലോക റാങ്കിങ് തന്നെ കാരണം. 

ഇവിടെ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് അവർ നൽകുന്ന ബെസ്റ്റ് ഏമേർജിങ് സ്റ്റുഡ്ന്റ് ഓഫ് ദി ഇയർ (20,000 ഓസ്ട്രേലിയൻ ഡോളർ) പുരസ്കാരവും ആകാശിനു ലഭിച്ചു. യോഗ്യതാപരീക്ഷയിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച വിദ്യാർഥി എന്നതാണു സ്കോളർഷിപ്പിനുള്ള മാനദണ്ഡം. പഠനത്തിന്റെ ആദ്യ സെമസ്റ്ററിലേക്കാണ് ഈ തുക. സർവകലാശാലയിൽ ടോപ് സ്കോറർ ആയാൽ തുടർന്നുള്ള സെമസ്റ്ററുകളിലും സ്കോളർഷിപ് ലഭിക്കും.