ഒരു വിസ തന്നിരുന്നേൽ ദേ ഞാനങ്ങ് വന്നേനെ എന്നു തോന്നിപ്പിക്കും മട്ടിലാണ് ഫിൻലാൻഡിലെ കാര്യങ്ങൾ. ചുറുചുറുക്കുള്ള ഒരു വനിത പ്രധാനമന്ത്രിയായി എന്നതു മാത്രമല്ല കാര്യം. കൊതിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഓരോ ദിവസവും ആ രാജ്യത്തു നിന്നു വന്നു കൊണ്ടിരിക്കുന്നത്. ജോലി ദിവസങ്ങൾ ആഴ്ചയിൽ നാലാക്കി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നു പ്രഖ്യാപിച്ചിട്ട് അധിക നാൾ കഴിഞ്ഞില്ല, ദേ വരുന്നു അടുത്ത ജനപ്രിയ തീരുമാനം. ഇത്തവണത്തേതു പ്രസവാവധിയെ സംബന്ധിച്ചാണ്. പ്രസവത്തോട് അനുബന്ധിച്ച് കുഞ്ഞിന്റെ അമ്മയ്ക്കു മാത്രമല്ല അച്ഛനും ഏഴു മാസം അവധി അനുവദിച്ചിരിക്കുകയാണ് ഫിൻലാൻഡ്.

കുഞ്ഞിന്റെ വളർച്ചയുടെ  ആദ്യ കാലഘട്ടത്തിൽ അമ്മയുടേതെന്ന പോലെ അച്ഛന്റെ പങ്കും സുപ്രധാനമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ത്യയിൽ നിലവിൽ ഗവൺമെന്റ് ജീവനക്കാർക്കും ചില സ്വകാര്യ മേഖലാ ജീവനക്കാർക്കും 15 ദിവസം വരേയൊക്കെ പറ്റേണിറ്റി ലീവ് ലഭിക്കാറുണ്ട്. കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും അവധിയെടുത്തു കുഞ്ഞിന്റെ ഒപ്പം സമയം ചെലവഴിക്കുന്ന അച്ഛന്മാർ തുടർന്നും ശിശു പരിപാലനത്തിൽ ശ്രദ്ധിക്കാറുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ പ്രസവാവധിയുടെ കാര്യത്തിൽ ലിംഗ തുല്യത നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫിൻലാൻഡ്. പുതിയ നയം അനുസരിച്ചു പങ്കാളികൾക്കു വേണമെങ്കിൽ ലീവുകൾ അങ്ങോട്ടും ഇങ്ങോട്ടും ട്രാൻസ്ഫർ ചെയ്യാം. സിംഗിൾ പേരന്റാണെങ്കിൽ 14 മാസം വരെ അവധിയെടുക്കാം. ലോകത്തിലെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനങ്ങളുള്ള നാടാണ് ഫിൻലാൻഡ്. പുതിയ പരിഷ്ക്കാരങ്ങളോടെ ഇവിടുത്തെ സന്തോഷം പുതിയ ഉയരങ്ങൾ തേടുമെന്ന് ഉറപ്പായിരിക്കുകയാണ്.