രോഗസൗഖ്യത്തിനു ചെടികളിലൂടെ വഴിയൊരുക്കുന്നവരാണു ഹോർട്ടികൾച്ചർ തെറപ്പിസ്റ്റുകൾ 

പൂക്കളും ചെടികളും അസുഖം മാറ്റുമോ? മാറ്റും എന്നുത്തരം നൽകും, ഹോർട്ടികൾച്ചർ തെറപ്പിസ്റ്റുകൾ. മാനസിക പ്രശ്നങ്ങൾ മുതൽ ജീവിതശൈലി രോഗങ്ങൾ വരെ ഹോർട്ടികൾച്ചർ തെറപ്പി ഉപയോഗിച്ച‌ു മാറ്റിയെടുക്കാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. 

ചെടികൾ നട്ടുവളർത്തുക, അവയുടെ പരിപാലനം തുടങ്ങിയവയാണ് ഈ തെറപ്പിയുടെ രീതി. വിദേശ രാജ്യങ്ങളിൽ മുൻപു തന്നെ പ്രചാരത്തിലുള്ള ഹോർട്ടികൾച്ചർ തെറപ്പി നമ്മുടെ രാജ്യത്തും ഇപ്പോൾ വ്യാപകമായി വരികയാണ്. 

ചെടികൾ തരും, സൗഖ്യം
ചെടികളുടെ മനോഹാരിത രോഗികളുടെ മനസ്സിനു ശാന്തത നൽകുന്നു. അവ പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധത്തിനു ശക്തി പകരുകയും ചെയ്യുന്നു എന്നതാണു ഹോർട്ടികൾച്ചർ തെറപ്പിയുടെ അടിസ്‌ഥാന തത്വം. അമേരിക്കൻ ഹോർട്ടികൾച്ചർ തെറപ്പി അസോസിയേഷൻ ആണ് ഈ രംഗത്തെ അംഗീകൃത സംഘടന. 

രോഗിയുടെ വീട്ടിൽത്തന്നെ കൃഷി ചെയുക, കൂട്ടമായി ഒരിടത്തു കൃഷി ചെയ്യുക, മറ്റൊരാളുടെ തോട്ടത്തിൽ വെള്ളം നനയ്ക്കുക, വിളകൾ വിൽക്കുക തുടങ്ങി ഹോർട്ടികൾച്ചർ തെറപ്പിക്ക് പല രീതികളുണ്ട്. സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ തുടങ്ങിയവരുടെ സഹായത്തോടെയാണു ഹോർട്ടികൾച്ചർ തെറപ്പിസ്റ്റുകൾ പ്രവർത്തിക്കുന്നത്. മിക്കവാറും ഒരു സംഘമായാകും ഇവരുടെ പ്രവർത്തനം. രോഗികൾക്ക് ഈ സംഘത്തിൽ ചേരാം. 

കാശു മാത്രമല്ല ലക്ഷ്യം
കാശിനുവേണ്ടി ജോലിയെടുക്കുക മാത്രമല്ല ഹോർട്ടികൾച്ചർ തെറപ്പിസ്റ്റുകൾ ചെയ്യുന്നത്. മിക്കപ്പോഴും വോളന്ററിയായിട്ടാകും തെറപ്പി ചെയ്യേണ്ടി വരിക. കാരണം, ഇതിനു നിശ്ചിതമായ ഒരു ഫലം കണ്ടെത്താനോ അളക്കാനോ സാധിക്കില്ല. ദീർഘനാളത്തെ പ്രവർത്തനങ്ങൾക്കു ശേഷമാകും ഫലമുണ്ടാവുക. 

‌വിദേശ രാജ്യങ്ങളിൽ ഹോർട്ടികൾച്ചർ തെറപ്പി കോഴ്സ്കളുണ്ട്. കൂടാതെ സസ്യശാസ്ത്രവും അറിയണം. ഓരോ രോഗിക്കും പ്രത്യേകം ചികിത്സാരീതികളാകും വേണ്ടത്. അതു കണ്ടെത്തി നിർദേശങ്ങൾ നൽകണം. നമ്മുടെ നാട്ടിലും ഹോർട്ടികൾച്ചർ തെറപ്പിസ്റ്റുകളുണ്ട്. എങ്കിലും നിലവിൽ അതൊരു ജോലിയായി പരിണമിച്ചിട്ടില്ല.