എതിർകക്ഷി സ്വീകരിക്കുന്ന എതെങ്കിലും നടപടി രാജ്യത്തു വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന ആരോപണം ഉയർത്തുന്നതിനായി രാഷ്ട്രീയനേതാക്കൾ അമ്മാനമാടാറുള്ള പ്രയോഗമാണ് ‘പണ്ടോരയുടെ പെട്ടി’. ഇതിനു പിന്നിൽ യവനപുരാണത്തിലെ കഥയുണ്ട്.

പ്രോമിതിയുസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകിയത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിതിയുസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച  മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പണ്ടോര (Pandora) എന്ന അതിസുന്ദരിയെ സ‍ൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. മരണമുള്ള ആദ്യത്തെ സ്ത്രീ. അവളുടെ കൈയിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദ്ദേശവും നൽകി. പ്രോമിതിയുസിന്റെ സഹോദരൻ എപിമീതിയുസ് പണ്ടോരയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു. ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പണ്ടോര ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പണ്ടോര തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പണ്ടോരയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർത്ഥമുള്ള ‘പിതോസ്’ എന്ന ഗ്രീക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്.

ഈ കെട്ടുകഥ സ്ത്രീവിരുദ്ധമാണെന്ന വാദമുണ്ട്. പുരുഷന്മാർ മാത്രമുള്ള നന്മനിറഞ്ഞ ഭൂമി. ആദ്യമായുണ്ടായ സ്ത്രീ ഇവിടേയ്ക്ക് വന്ന് സർവദുരിതങ്ങളും വാരിവിതറി,  ജീവിതം ദുഃഖപൂർണമാക്കിയെന്ന പക്ഷം ശരിയല്ലല്ലോ. അതിരിക്കട്ടെ. പണ്ടോരയുടെ കഥ പല സൂചനകളും നല്കുന്നില്ലേ?

കുടത്തിൽനിന്ന് തുറന്നുവിട്ട ഭൂതം വധഭീഷണി ഉയർത്തിയപ്പോൾ തന്ത്രപൂർവം കുടത്തിലേക്കു കടത്തിവിട്ടു രക്ഷപെടാൻ മുക്കുവന് കഴിഞ്ഞെന്ന് അറബിക്കഥ. മറിച്ച് പണ്ടോരയുടെ പെട്ടി പോലെയാവും നമ്മുടെ അനുഭവം. തിന്മയെ നിയന്ത്രിക്കാതെ തുറന്നുവിട്ടാൽ അതിനെ തിരിച്ചുപിടിക്കാൻ ‌നമുക്കാവില്ല. ഓരോരുത്തരും ഇത്തരമൊരു പെട്ടിയാണ്. തിന്മകൾ നിറഞ്ഞ പെട്ടി. ദൂരാഗ്രഹവും വെറുപ്പുമെല്ലാം സംസ്കാരത്തിന്റെ ബലംകൊണ്ട് നാം നിയന്ത്രിച്ച് ഒഴിവാക്കുന്നു. ഒരു ദുർബലനിമിഷംമതി ആ നിയന്ത്രണം കൈവിട്ട് നാം തിന്മയുടെ ത‌ടവറയിലെത്താൻ. തിരിച്ചുപോരാനാവാത്ത തടവറയിൽ. 

പെട്ടിയ്ക്കുള്ളിലുറച്ചിരുന്ന പ്രതീക്ഷയാണ് നമുക്ക് ആശയും ആത്മവിശ്വാസവും പകരുന്നത്. ശൂഭപ്രതീക്ഷ നശിച്ചാൽ തിരിച്ചടികളെ നേരിടാനാവില്ല. വിഷങ്ങൾ പടർന്നു പന്തലിക്കുന്നെങ്കിലും സമൂഹത്തെ കൈവിടേണ്ടതില്ല. ഏതു കൂരിരുട്ടിലും നക്ഷത്രങ്ങൾ ചിമ്മുന്നു; പ്രകാശത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്. 

‘‘സ്‌ഫുടതാരകൾ കൂരിരുട്ടിലുണ്ടി–

 ടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ’’

എന്നു കുമാരനാശാൻ. ഏതു മഹാസാഗരത്തിലുമുണ്ട് ദ്വീപുകൾ. പ്രതീക്ഷയിലും പ്രത്യാശയിലും മുറുകെപ്പിടിച്ച് മുന്നേറുകയാണ് വിജയത്തിലേക്കുള്ള സുവർണപാത.

അക്രമത്തിന്റെയും മനുഷ്യരാശിയുടെ ബദ്ധവൈരിയായ ഭീകരവാദത്തിന്റെയും പിടിയിലമർന്നുപോയവരുടെ ദൈന്യമോർക്കുക ഏറെച്ചിന്തിക്കാനാവാത്തവരും ശുദ്ധാത്മാക്കളും ദുഷ്പ്രചരണം തിരിച്ചറിയാതെ കെണിയിൽപ്പെട്ടു പോകാം. അവർക്ക് തിരിച്ചുവരവ് ഏറെ ക്ലേശകരം. പക്ഷേ അവരെ മോചിപ്പിക്കുന്നത് പുണ്യം. അവിടെയും നമ്മുടെ തുണയ്ക്കെത്തുന്നത് പ്രത്യാശ. ഏതു ചെളിക്കുണ്ടിൽ വീണയാളെയും കൈപിടിച്ചുയർത്താൻ കഴിയും. പണ്ടോരയുടെ വിഷപ്പെട്ടിക്കു പകരം സ്നേഹവും കാരുണ്യവും സഹകരണവും ഉൾപ്പെടെയുള്ള നന്മകൾ നിറഞ്ഞ പേടകം നമുക്കു തുറക്കാന് കഴിയുമോയെന്നു ചിന്തിക്കാം.

പ്രത്യാശയെപ്പറ്റി അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസൻ (1830–1886): ‘പ്രത്യാശ തൂവലണിഞ്ഞ് ആത്മാവിൽ ചേക്കയിരിക്കുന്നു. വാക്കുകളില്ലാത്ത രാഗം ആലപിക്കുന്നു. ഒരിക്കലും നിർത്താതെ.’ സ്നേഹിക്കാൻ ആരെയെങ്കിലും കിട്ടുക, ചെയ്യാൻ എന്തെങ്കിലും ഉണ്ടാകുക, പ്രതീക്ഷിക്കാനുള്ള വക മുന്നിലെത്തുക ‌ഇത്രയും പോരേ ജീവിതം ആനന്ദകരമാകാൻ? ‘പൂക്കളെയെല്ലാം വെട്ടിനശിപ്പിക്കാം. പക്ഷേ വസന്താഗമനം തടയുക അസാധ്യം’ എന്ന് പാബ്ലോ നെരൂദ. 

‘പ്രത്യാശയില്ലെങ്കിൽ ലക്ഷ്യങ്ങളില്ല. നിങ്ങൾ എങ്ങോട്ടു പോകണമെന്ന് അറിയാത്ത അവസ്ഥ’ എന്ന് പ്രചോദകലേഖിക കാതറീൻ പോസിഫർ (Catherine Pulsifer). ദുരിതത്തിലാണ്ടവർക്ക് പ്രത്യാശയല്ലാതെ മരുന്നില്ലെന്ന് ഷേക്സ്പിയർ (മെഷർ ഫോർ മെഷർ – 3:1).

ഓരോ കുഞ്ഞും ജനിക്കുന്നത് ലോകം മുന്നോട്ടു പോകണമെന്ന അറിയിപ്പുമായല്ലേ? ഏതു പണ്ടോര ശ്രമിച്ചാലും നന്മയെ നശിപ്പിക്കാൻ കഴിയില്ല; പ്രത്യാശയെയും.