അമ്യൂസ്മെന്റ് പാർക്കുകളിലെ വാട്ടർ റൈഡുകളിൽ ഒഴുകിയിറങ്ങാൻ കൗതുകം തോന്നാത്തവരുണ്ടാകില്ല. ബഹുനിലക്കെട്ടിടങ്ങളുടെ ഉയരത്തിൽനിന്നു കുത്തനെ താഴേക്കും വളഞ്ഞും പുളഞ്ഞും വെള്ളത്തിൽ നീന്തിപ്പോകുമ്പോൾ സാഹസികതയുടെയും വിനോദത്തിന്റെയും അനുഭവമല്ലേ നമുക്കൊക്കെ കിട്ടാറുള്ളൂ. പക്ഷേ, ഇങ്ങനെ ചെയ്താൽ കാശ് കിട്ടുന്നൊരു വിഭാഗമുണ്ട്. അവരാണു ‘വാട്ടർ സ്ലൈഡ് ടെസ്റ്റർ’. 

പുതിയ വാട്ടർ റൈഡുകൾ ടെസ്റ്റ് ചെയ്യുക, റൈഡുകൾ നന്നായി പ്രവൃത്തിക്കുന്നുണ്ടോയെന്നു കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക തുടങ്ങിയവയാണ് വാട്ടർ സ്ലൈഡ് ടെസ്റ്ററുടെ ജോലി. റിസോർട്ടുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവരുടെ ആവശ്യം വരിക.

‘കൂൾ കൂൾ’ ജോബ്

18 വയസ്സു തികഞ്ഞ ആർക്കും വാട്ടർ സ്ലൈഡ് ടെസ്റ്ററാകാം. അതുകൊണ്ടുതന്നെ ചില രാജ്യങ്ങളിൽ കോളജ് വിദ്യാർഥികളുടെ ഇഷ്ടപ്പെട്ട പാർട് ടൈം ജോലികളിലൊന്നാണ് വാട്ടർ സ്ലൈഡ് ടെസ്റ്റർ. വിവിധ സ്ഥലങ്ങളിലെ റിസോർട്ടുകളിൽ പോകാം, ഉല്ലസിക്കാം തുടങ്ങിയവയാണ് ഈ ‘കൂൾ’ ജോലിയുടെ ആകർഷണീയത. 

വർഷത്തിൽ അഞ്ചോ ആറോ മാസം മാത്രമേ ജോലി ഉണ്ടാവുകയുള്ളൂ. മഴക്കാലത്തും തണുപ്പുകാലത്തും റൈഡുകൾ ടെസ്റ്റ് ചെയ്യാറില്ല. റൈഡുകളുടെ സുരക്ഷിതത്വം, വെള്ളത്തിന്റെ ഗുണമേന്മ, എത്രമാത്രം കൗതുകം ജനിപ്പിക്കുന്നു തുടങ്ങിയവയാണ് ഇവർ പരിശോധിച്ചു റിപ്പോർട്ട് നൽകേണ്ടത്.

ഒഴുകിയെത്തും, പണം! 
മിക്കപ്പോഴും ഈ രംഗത്തെ കമ്പനികളോടൊപ്പമാകും വാട്ടർ സ്ലൈഡ് ടെസ്റ്റർമാർ ജോലി ചെയ്യുക. എന്നാൽ, ഒറ്റയ്ക്കു ജോലി ചെയ്യുന്നവരുമുണ്ട്. ഓസ്ട്രേലിയൻ സ്വദേശി ഡെർബ് പൂൾ എന്ന വനിത ഈ രംഗത്തു പ്രശസ്തയാണ്. വർഷം 30,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 14 ലക്ഷം രൂപ) വരെ ഇവർ ഈ ജോലി വഴി സമ്പാദിക്കാറുണ്ടത്രെ! 

അതേ സമയം, നല്ല ശാരീരികക്ഷമത വേണ്ട ജോലിയാണിത്. മണിക്കൂറുകളോളം റൈഡുകളിൽ കിടക്കേണ്ടി വരും. ആദ്യമായി ടെസ്റ്റ് ചെയ്യുന്ന റൈഡുകളിൽ അപകടസാധ്യതയുണ്ടാകാം. ചെരിവു കൂടുതലാണെങ്കിൽ കുത്തനെ പോയി വീഴേണ്ടി വരും. ചിലപ്പോൾ വളവുകളിൽ പുറത്തേക്കു തെറിച്ചു പോയേക്കാം. വെള്ളത്തിന്റെ നിലവാരം മോശമാണെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നം വേറെ.