ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നീ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റ്  ഇനിയും വൈകും. ഗർഭിണികളായ 2 ഉദ്യോഗാർഥികൾ  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനൂകൂല വിധി നേടിയതാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകാൻ കാരണമെന്നു പിഎസ്‌സി അറിയിച്ചു. 

കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുന്നതിനു സമയം നീട്ടിനൽകണമെന്ന ഇവരുടെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിക്കുകയും പിഎസ്‌സിക്കു  നിർദേശം നൽകുകയും ചെയ്തു. ഇതനുസരിച്ച് ഇവരുടെ കായികക്ഷമതാ പരീക്ഷ നടത്തണം. സമാന കാരണം ചൂണ്ടിക്കാട്ടി മറ്റുചില ഉദ്യോഗാർഥികൾ പിഎസ്‌സിയിൽ നേരത്തേ അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചു. കോടതി വിധി നേടിയവർക്കൊപ്പം ഇവരെക്കൂടി പരിഗണിക്കാനാണു തീരുമാനം. ഇത്രയും പേരുടെ കായികക്ഷമതാ പരീക്ഷ പൂർത്തിയാക്കിയ ശേഷമേ വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂവെന്നും പിഎസ്‌സി  വ്യക്തമാക്കി.  

പാതി വഴി പിന്നിട്ട് പുരുഷ പൊലീസ് നിയമന ശുപാർശ

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയ്ക്കൊപ്പം വിജ്ഞാപനം പ്രസിദ്ധീകരിച്ചു പരീക്ഷ നടത്തിയ പുരുഷ സിവിൽ പൊലീസ് ഒാഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലൈ  ഒന്നിനാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഏഴു ബറ്റാലിയനുകളിലായുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്നു മൂവായിരത്തിലധികം  പേർക്കു നിയമന ശുപാർശയും നൽകി.   എന്നാൽ വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം നീളുകയാണ്. 

29–12–2017ലെ ഗസറ്റിലാണ് വനിതാ സിവിൽ പൊലീസ് ഒാഫിസർ വിജ്ഞാപനം  പ്രസിദ്ധീകരിച്ചത്. മുൻപ് ബറ്റാലിയൻ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരുന്ന തസ്തികയിൽ ഇത്തവണ സംസ്ഥാന തലത്തിലായിരുന്നു വിജ്ഞാപനം. 2,96,602 പേർ അപേക്ഷ നൽകി.  2018 ജൂലൈ 22ന് ഒഎംആർ പരീക്ഷ നടത്തി. 2019 ഏപ്രിൽ 10നു പതിനായിരം പേരെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള കായികക്ഷമതാ പരീക്ഷ നടത്തിയത് കഴിഞ്ഞ നവംബറിൽ. കായികക്ഷമതാ പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരിയിൽ പൂർത്തിയാക്കി.