പ്രണയമില്ലാത്ത ജീവിതം ശുഷ്കവും ശൂന്യവുമാണെന്നു പറയാറുണ്ട്. ആത്മാവിന്റെ ആഹാരമാണു പ്രണയം എന്നാണു ചിലർ വിശേഷിപ്പിക്കുക. വ്യക്തികളെ മാത്രമല്ല, കാഴ്ചകളെ, സംഗീതത്തെ, പ്രകൃതിയെ... എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കാത്ത ആരുമുണ്ടാവില്ല. 

എങ്ങനെ പ്രണയിക്കണം, എപ്പോൾ പ്രണയിക്കണം എന്നതാണു പ്രധാനം. ആദ്യം പ്രണയത്തിന്റെ രസതന്ത്രത്തെക്കുറിച്ചു പറയാം. നമ്മുടെയൊക്കെ ശരീരത്തിൽ വിവിധ ധർമങ്ങൾ നിർവഹിക്കുന്ന ഒരുപാടു ഹോർമോണുകൾ ഉള്ള കാര്യം അറിയാമല്ലോ.. ഈസ്ട്രജൻ, ഇൻസുലിൻ, അഡ്രിനാലിൻ, വാസോപ്രസിൻ, ഓക്‌സിടോസിൻ എന്നിവയെക്കുറിച്ചൊക്കെ കേട്ടിരിക്കും. ഇതിൽ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഹോർമോണാണ് ഓക്‌സിടോസിൻ. കൗമാര പ്രായത്തിലെത്തുന്നതോടെ ഓക്‌സിടോസിൻ കാര്യമായി പ്രവർത്തിച്ചു തുടങ്ങുകയും നമുക്ക് ഓപ്പസിറ്റ് സെക്‌സിനോട് കടുത്ത പ്രണയം ഉണ്ടാവുകയും ചെയ്യും. 

ഇപ്പോൾ നിങ്ങൾ ഈ പ്രായത്തിലൂടെ കടന്നു പോവുകയാണെന്നിരിക്കട്ടെ. ഒരു വ്യക്തിയോടു നിങ്ങൾക്ക് എങ്ങനെയാണു പ്രണയമുണ്ടായതെന്നു ചോദിച്ചാൽ വിവിധ ഉത്തരങ്ങളാവും ലഭിക്കുക. ചിലർ പറയും അയാളുടെ മുടിയാണ് ഇഷ്ടപ്പെട്ടതെന്ന്. മറ്റു ചിലർ സംസാരശൈലിയിൽ ആകൃഷ്ടരായവരായിരിക്കും. ചിലരെ ആകർഷിച്ചതു കണ്ണുകളാവും. ഇതെല്ലാം തെറ്റാണ്. നിങ്ങൾക്ക് അയാളോടു പ്രണയമുള്ളതുകൊണ്ടാണ് ഇതൊക്കെ ആകർഷകമായി തോന്നുന്നത്. എപ്പോൾ നിങ്ങളുടെ പ്രണയം നഷ്ടപ്പെടുന്നുവോ അപ്പോൾ അതെല്ലാം സാധാരണ കാഴ്ചകളായി മാറും.  

നമുക്കു രണ്ടു മസ്തിഷ്‌കങ്ങളുണ്ടെന്നു പറയാറുണ്ട്. കൊഗ്‌നിറ്റീവ് ബ്രെയിൻ അഥവാ ബൗദ്ധിക മസ്തിഷ്‌കവും ഇമോഷനൽ ബ്രെയിൻ അഥവാ വൈകാരിക മസ്തിഷ്‌കവും. ബൗദ്ധിക മസ്തിഷ്‌കം പക്വതയിലെത്താൻ 22 വയസ്സാകണം. ലോകത്തുള്ള എല്ലാ വിദ്യാഭ്യാസ രീതികളും ഈ വസ്തുതയെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്തതാണ്. പതിനഞ്ചോ പതിനാറോ വയസ്സിൽ പത്താം ക്ലാസ്, പിന്നെ പ്ലസ് ടു, ഡിഗ്രി, പിജി എന്നീ തലങ്ങൾ കഴിയുമ്പോഴേക്ക് 22 വയസ്സെത്തും. 

ഇമോഷനൽ ബ്രെയിൻ എപ്പോഴും തേടുന്നത് താൽക്കാലിക സുഖമാണ്. ഈ വൈകാരിക മസ്തിഷ്‌കത്തെ തോൽപിക്കാൻ ബൗദ്ധിക മസ്തിഷ്‌കത്തിനാവണം. അതായത് 22 വയസ്സുവര പ്രണയിക്കേണ്ടത് പുസ്തകങ്ങളെ, മാതാപിതാക്കളെ, വിദ്യാഭ്യാസത്തെ ഒക്കെയാണ്. സൗഹൃദം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിച്ചാൽ നഷ്ടപ്പെടുന്നത് കൂടിച്ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും നല്ല നിമിഷങ്ങളാണ്. കൂട്ടുകാരെ മാറ്റിനിർത്തി ഒരാൾക്കൊപ്പം മാത്രമായി നിങ്ങളുടെ നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണു പിണക്കവും ടെൻഷനും വെറുപ്പും പിന്നെ ഏകാന്തതയുമൊക്കെ പ്രണയത്തിന്റെ പരിണതഫലങ്ങളാകുന്നത്. നമ്മുടെ നല്ലതു മാത്രം ആഗ്രഹിക്കുന്ന സൗഹൃദവൃന്ദത്തെ നേടാനായാൽ അതുമതി ജീവിതം അവിസ്മരണീയമാകാൻ. 

ഇനി 22 വയസ്സു കഴിഞ്ഞുള്ള കാലം. ഇനിയാണ് ജീവിതത്തെ പ്രണയിക്കേണ്ടത്. നിങ്ങൾക്കു കൃത്യമായി യോജിക്കുന്ന, നിങ്ങളുടെ ചിന്താഗതികളോടു പൊരുത്തപ്പെടുന്ന ഒരു പങ്കാളിയെ തിരഞ്ഞെടുക്കേണ്ട കാലം കൂടിയാണിത്. പിന്നെയുള്ള പ്രണയം അയാളോടായിരിക്കണം.  മനോഹരനിമിഷങ്ങളിലൂടെ ഒരു ഇന്ദ്രജാലം പോലെ ജീവിതം മുന്നോട്ടുപോകണം. പിന്നെ മക്കളോടാവണം പ്രണയം. അങ്ങനെയങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും, പ്രണയഭരിതമായ ജീവിതം. 

ഇനി പറയൂ, ഇത്രമാത്രം മധുരവും മനോഹരവുമായ പ്രണയത്തിന്റെ പേരിലാണോ വൈകാരിക പ്രലോഭനങ്ങളിൽപ്പെട്ട് നമ്മുടെ നാട്ടിൽ പിണക്കങ്ങളും കൊലപാതകങ്ങളും ആത്മഹത്യങ്ങളും ഒളിച്ചോട്ടങ്ങളുമൊക്കെ നടക്കുന്നത്?