തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് സോപ്പ് വിറ്റുനടക്കുന്ന കൊച്ചുപയ്യനെ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അഖിൽ രാജ്. വലിയതുറ ഫിഷറീസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥി. തിരുവനന്തപുരം കാട്ടാക്കട തുടലി സ്വദേശി. 

പുലർച്ചെ 5.30നു തിരുവനന്തപുരം സിറ്റിയിലേക്കു ബസിൽ കയറുമ്പോൾ സ്കൂൾ ബാഗിനൊപ്പം വീട്ടിൽ സ്വന്തമായുണ്ടാക്കിയ സോപ്പുകൾ നിറച്ച മറ്റൊരു ബാഗുമുണ്ടാകും. 7 മുതൽ 8 വരെ ട്യൂഷൻ. 8 മുതൽ 8.30 വരെ കിഴക്കേക്കോട്ടയിൽ സോപ്പ് വിൽപന. 9ന് അടുത്ത ബസിൽ സ്കൂളിലേക്ക്. വൈകിട്ട് തമ്പാനൂരിൽ സോപ്പ് വിൽപന. ടാപ്പിങ് തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതെ പഠനച്ചെലവു കണ്ടെത്തുന്നതിങ്ങനെ. പഠനത്തിനൊപ്പം ജോലിയും ചെയ്ത് ‘ജീവിതം പഠിക്കുന്ന’ വിദ്യാർഥികൾ പലരുമുണ്ട്. പാർട് ടൈം ജോലിക്കു പ്രോത്സാഹനമേകാൻ സ്കൂൾ– കോളജ് സമയം സർക്കാർ രാവിലെ 8 മുതൽ 1.30 വരെയാക്കിയാൽ ഇവർക്കിനി കൂടുതൽ ‘ടൈം’.  

കംപ്യൂട്ടറുണ്ടോ, ജോലിയുണ്ട്

തിരുവനന്തപുരം പട്ടം സ്വദേശി അബ്ദുൽ റഹ്മാൻ ഏതാനും വർഷം മുൻപ് ബിടെക് പഠനകാലത്തു ചെയ്തിരുന്ന പാർട്ട് ടൈം ജോലി ഇപ്പോൾ ഫുൾ ടൈമാക്കി. കംപ്യൂട്ടറും ഇന്റർനെറ്റും സാങ്കേതികപരിജ്ഞാനവുമുണ്ടെങ്കിൽ ഓൺലൈനിലൂടെ പണം വാരാമെന്ന് അബ്ദുൽ റഹ്മാൻ തറപ്പിച്ചുപറയുന്നു. അപ്‍വർക്ക് (upwork.com), ഫ്രീലാൻസർ (freelancer.com), ഫിവെർ (fiverr.com), ടോപ്ടാൽ (toptal.com) തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ റജിസ്റ്റർ ചെയ്താൽ വിവിധ സർവീസുകൾ ആവശ്യമുള്ളവർ ലിസ്റ്റ് ചെയ്തിരിക്കുന്നതു കാണാം, ഒപ്പം അവരുദ്ദേശിക്കുന്ന ബജറ്റും. നമുക്ക് എത്ര ബജറ്റിൽ ചെയ്യാമെന്ന് രേഖപ്പെടുത്താം. അവർക്കും പറ്റുന്നതാണെങ്കിൽ നമ്മളെ തിരഞ്ഞെടുക്കും. 

വെബ് ഡവലപ്മെന്റ്, 3ഡി ഡിസൈൻ, കണ്ടന്റ് റൈറ്റിങ്, കസ്റ്റമർ സർവീസ്, ഡേറ്റ അനലിറ്റിക്സ്, ഗെയിം ഡവലപ്മെന്റ്, വിഡിയോ പ്രൊഡക്‌ഷൻ തുടങ്ങി ഒട്ടേറെ മേഖലകളുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലോ മൊത്തം വർക്ക് അനുസരിച്ചോ ആകും പ്രതിഫലം. പ്രത്യേക ആപ്പിലെ ടൈമർ ഓൺ ആക്കിമണിക്കൂർ കണക്കാക്കും. 

ട്രെയിനർ ആകുന്നോ ?

മാസം 15,000 രൂപയോളം സമ്പാദിക്കുന്നുണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എം.ഫിൽ വിദ്യാർഥിയും സർക്കാരിന്റെ കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ (അസാപ്) സ്കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടീവുമായ (എസ്ഡിഇ) ആലപ്പുഴ സ്വദേശി മെറ്റിൽഡ അൽഫോൻസ്. കോളജിൽ പോകും മുൻപ് ദിവസവും രാവിലെ ഒരു മണിക്കൂർ ഒരു സ്കൂളിൽ നൈപുണ്യ പരിശീലന ക്ലാസെടുക്കണം; ശനി, ഞായർ ദിവസങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂർ അധികവും. മണിക്കൂറിന് 500 രൂപ പ്രതിഫലം. കുടുംബശ്രീയുടെ കീഴിൽ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, കോളജുകളിലെ സ്കോളർ സപ്പോർട്ട് പ്രോഗ്രാം, വോക് വിത്ത് സ്കോളർ എന്നിവയിലും പരിശീലകയാണ്.

സ്റ്റാർട്ടപ്പുകളിൽ അവസരം

പാർട്ട് ടൈം ജോലിക്കുള്ള പ്രോത്സാഹനം ഏറ്റവും ഗുണപ്പെടുക സ്റ്റാർട്ടപ്പുകൾക്കെന്ന് ഫൈനോട്ട്സ് ചീഫ് പ്രോഡക്ട് ഓഫിസറും സീഡ് ഇൻവെസ്റ്ററുമായ റോബിൻ അലക്സ് പണിക്കർ പറയുന്നു. വലിയ കമ്പനികൾക്കു സ്കൂൾ, കോളജ് കുട്ടികളെ കാര്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. പക്ഷേ സ്റ്റാർട്ടപ്പുകൾക്കു പറ്റും. 

ഫൈനോട്ട്സിനു വേണ്ടി പാർട്ട് ടൈമായി ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നത് ഒരു ബികോം വിദ്യാർഥിയാണ്. തിരുവനന്തപുരത്തെ ‘ബിഹബ്’ പോലെയുള്ള കോ–വർക്കിങ് സ്പേസുകളിൽ ചെറിയ തുകയ്ക്ക് ചെയർ വാടകയ്ക്കെടുത്ത് ഫ്രീം ടൈമിൽ പലർക്കും വേണ്ടി വർക്ക് ചെയ്യുന്നതാണു പുതിയ രീതി.

കേരളത്തിന്റെ വോട്ട് പാർട്ട് ടൈം ജോലിക്ക്

ക്ലാസ് ഉച്ച വരെ മാത്രമെങ്കിൽ ബാക്കി സമയം എങ്ങനെ വിനിയോഗിക്കുമെന്ന ചോദ്യവുമായി ‘കരിയർ ഗുരു’ നടത്തിയ എസ്എംഎസ് പോളിൽ പകുതിയിലേറെപ്പേരുടെയും വോട്ട് പാർട്ട് ടൈം ജോലിക്ക്. അതിനാൽ ഇത്തവണ കരിയർ ഗുരുവിൽ പ്രധാന ചർച്ചയും പാർട്ട് ടൈം ജോലിയെക്കുറിച്ചു തന്നെ.

എസ്എംഎസ് പോളിന്റെ വിശദഫലം ഇങ്ങനെ:

A   പാർട് ടൈം ജോലി : 58.36 % 

B  സ്പോർട്സ് / ജിം / കലകൾ : 17.01 %

C  തൊഴിലധിഷ്ഠിത കോഴ്സ് : 19.35 %

D  ലൈബ്രറി / വീട്  : 5.28 %