അമേരിക്ക വിയറ്റ്നാമിൽ നടത്തിയ യുദ്ധം നമുക്ക് അംഗീകരിക്കാനാവാത്ത രാഷ്ട്രാന്തര കുറ്റകൃത്യമായിരുന്നു. പക്ഷേ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മനുഷ്യപ്രകൃതിയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അത്തരത്തിൽപ്പെട്ട ഒരു സംഭവം നമ്മെ ചിന്തിപ്പിക്കും. 

തന്നോട് ആവശ്യപ്പെട്ട ദൗത്യം നിർവഹിച്ച് പലതവണ പറന്നു തിരികെയെത്തിയ യൂഎസ് നേവി ജെറ്റ്–പൈലറ്റാണ് ചാൾസ് പ്ലംബ്. യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാർക്ക് സായുധസേനയിൽ ഉയർന്ന സ്ഥാനമാണ്. ജോലിക്കിടയിൽ  അവർ നിരന്തരം നേരിടുന്ന കൊടിയ അപായസാധ്യതയാണ് ഇതിന് കാരണം. പ്ലംബിന്റെ വിമാനം ഒരിക്കൽ മിസൈൽ തട്ടി തകർന്നു. പക്ഷേ പ്ലംബ് പാരഷൂട്ട് ഉപയോഗിച്ച് ചാടി രക്ഷപെട്ടു. ആറു വർഷം യുദ്ധത്തടവുകാരനായി കഴിഞ്ഞു. പിന്നീട് സ്വതന്ത്രനായി നാട്ടിലെത്തി, പ്രഭാഷകനായി.

ഒരുനാൾ ഭാര്യയോടൊപ്പം റസ്റ്റൊറാന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അടുത്ത മേശയിലെ അപരിചിതൻ വന്നു ചോദിച്ചു, ‘അങ്ങ് പ്ലംബല്ലേ? വിയറ്റ്നാം യുദ്ധത്തിൽ മിസൈലേറ്റ് തകർന്ന വിമാനത്തിൽ നിന്നു ചാടി രക്ഷപെട്ട പൈലറ്റ്?’

‘ശ്ശെടാ, നിങ്ങളിതെങ്ങനെ മനസ്സിലാക്കി?’

‘ഞാനാണ് അങ്ങയുടെ പാരഷൂട് തുന്നിയത്’

വിസ്മയഭരിതനായ വൈമാനികന് സ്വജീവിതം രക്ഷിച്ച അയാളോട് എങ്ങനെ കൃതജ്ഞത പറയണമെന്നറിയാതെ ശ്വാസം മുട്ടി. ‘അതു നന്നായി പ്രവർത്തിച്ചു. ഇല്ലെങ്കിൽ ഞാൻ ഇന്നിവിടെ കാണുമായിരുന്നില്ല.’

അന്നു രാത്രി പ്ലംബിനു ശിവരാത്രിയായിരുന്നു. വികാരത്തിന്റെ വേലിയേറ്റംമൂലം ഒരുപോള കണ്ണടയ്ക്കാനായില്ല. തീരെ പിഴവില്ലാതെ ജോലി ചെയ്ത ആ പാവം‌ അന്ന് ഏറ്റവും താണ നാവികർക്കുള്ള മോശമായ യൂണിഫോമായിരിക്കാം ധരിച്ചിരുന്നത്. എന്റെ ജോലിയുടെ പകിട്ടുകാരണം അയാളോട് ‘ഗുഡ് മോണിങ്’ പോലും പറയാതെ അയാളെ തീർത്തും അവഗണിച്ച് പല തവണ ഞാൻ കടന്നുപോയിരി‌‌ക്കാം. ഞാൻ ഫൈറ്റർ പൈലറ്റും അയാൾ വെറും സെയിലറുമല്ലേ? 

കപ്പൽമുറിയിലെ നീണ്ട മേശമേൽ വച്ച് സിൽക് കൃത്യമായി മുറിച്ച് ഓരോ മടക്കും തുന്നി, ഒരു തരത്തിലും ബലക്ഷയമില്ലെന്ന് ഉറപ്പിച്ച്, ഒരു മനുഷ്യജീവൻ തന്റെ കൈയിലാണെന്നോർത്ത് മണിക്കൂറുകളോളം ക്ഷമയോടെ കഷ്ടപ്പെട്ട് പണിയെടുത്തയാൾ. അയാൾക്ക് അന്ന് പ്രാധാന്യമേ നല്കാതിരുന്ന ഞാൻ.

ഇത്രയൊക്കെ വീണ്ടും വീണ്ടും ചിന്തിക്കാറുള്ള പ്രഭാഷകനായ പ്ലംബ് പലപ്പോഴും സദസ്സിനോടു ചോദിക്കും,‘നിങ്ങളുടെ പാരഷൂട് തുന്നുന്നതാര്?’ ജീവിതത്തിലെ പ്രശ്നഭരിതമായ നിർണായക നിമിഷങ്ങൾ വിജയകരമായി കടന്നുപോകണമെങ്കിൽ നമുക്കു പല പാരഷൂട്ടുകളും വേണം. മാനസിക പാരഷൂട്, വൈകാരിക പാരഷൂട്, ആത്മീയ പാരഷൂട് എന്നിങ്ങനെ. പ്ലംബ് അന്ന് രക്ഷപെടുന്നതിന് ഭൗതിക പാരഷൂട്ടും വേണ്ടിയിരുന്നു,

നമ്മുടെ പാരഷൂട് തുന്നുന്നത് നാം തീരെ ശ്രദ്ധിക്കാത്തവരെന്നല്ല, അവഗണിക്കുന്നവർ പോലും ആയിരിക്കാം. ആകട്ടെ, ഇടപെടുന്ന പലരെയും നാം അവഗണിക്കുന്നതെന്തുകൊണ്ട്? ആർക്കും ഗുണം ചെയ്യാത്ത ‘ഞാനെന്ന ഭാവം’ ആയിരിക്കാം. അയാൾക്ക് എന്തുതന്നെ വന്നാലും എനിക്കെന്ത് എന്ന വിചാരമാവാം. ഔപചാരികമായെങ്കിലും ‘ഹെലോ’, ‘എന്താ സുഖം തന്നെയോ?’, ‘പരീക്ഷ നന്നായെഴുതിയോ?’, ‘അമ്മയുടെ അസുഖത്തിനു കുറവുണ്ടോ?’ എന്നൊക്കെ ചോദിച്ചുകൂടേ? അങ്ങനെ ചോദിച്ചതുകൊണ്ട് നമ്മുടെ വിലയിടിയുമോ?

വിലയിടുകില്ലെന്നല്ല, അന്യർക്കു നമ്മോടുള്ള സമീപനം മെച്ചപ്പെടുകയാവും സംഭവിക്കുക. മറ്റുള്ളവരെ അവഗണിക്കുന്നതിനു കാരണം അവർ അവഗണിക്കപ്പെടേണ്ടവരാണെന്ന ചിന്ത മൂലമല്ലേ? അവരോട് പരിഗണനയില്ലാത്തതുകൊണ്ടല്ലേ? സംസ്കാരമെന്നാൽ അന്യരോടുള്ള പരിഗണനയാണെന്ന് ഇംഗ്ലിഷ്മൊഴിയുണ്ട്. മനംകവരുന്ന വ്യക്തിത്വത്തിന്റെ അടിസ്ഥാനഘടകം ഈ പരിഗണനയാണ്. പക്ഷേ മിക്കവരും സ്ഥാനമോ അധികാരമോ കൈവരുന്നതോടെ വിനയം കൈവിട്ട്, ഞാനെന്ന ഭാവത്തിന് അടിപ്പെട്ട് അന്യരിൽ നിന്ന് അകലുന്നു.

സ്വാർത്ഥത കീഴടക്കുന്നതോടെ എനിക്കെന്തു വേണമെന്നതിൽ മാത്രമായിപ്പോകുന്നു ശ്രദ്ധ. മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ മറക്കുന്നു. പക്ഷേ ജീവിതവിജയം കൈവരിക്കാൻ സർവകലാശാലാബിരുദത്തെക്കാൾ സഹായിക്കുക അന്യരുടെ വികാരങ്ങളെ മാനിച്ചു പെരുമാറുന്ന രീതിയാകാം. നാം എത്രയോ പേരുമായി ഇടപഴകുന്നു. പക്ഷേ ചുരുക്കം ചിലർ നമ്മുടെ മനസ്സിൽ ഇടം തേടുന്നതെന്തുകൊണ്ട്? അവർ നമ്മോടു കാട്ടുന്ന താല്പര്യം തന്നെ കാരണം. നിസ്സാരരെന്നു തോന്നുന്ന ചിലരാകാം നമ്മുടെ പാരഷൂട് തുന്നുന്നത്.