പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞ പോലെയാണ് കൊറോണ വൈറസ് കാലത്തെ ലോക സമ്പദ് രംഗത്തിന്റെ സ്ഥിതി. ആകെ മാന്ദ്യത്തില്‍ നില്‍ക്കുന്നതിന്റെ ഇടയില്‍ കൊറോണ വൈറസ് കൂടി എത്തിയതോടെ പല സമ്പദ് വ്യവസ്ഥകളും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കൊറോണ വൈറസ് സമ്പദ്‌മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് നമ്മുടെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപനങ്ങളുമൊക്കെ അടച്ചിടുന്നത് തൊഴില്‍ മേഖലയ്ക്കുണ്ടാക്കുന്ന തിരിച്ചടി ചില്ലറയല്ല. കൊറോണ വൈറസ് മൂലം അമേരിക്കയില്‍ പാതിയില്‍ അധികം ജോലികളുടെ കാര്യം അനിശ്ചിതത്വത്തിലാണെന്ന് അവിടുന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ  80 ദശലക്ഷത്തിലധികം ജോലികള്‍ ഉയര്‍ന്ന തോതിലോ മിതമായ നിരക്കിലുള്ളതോ ആയ ഭീഷണി നേരിടുന്നതായി  മൂഡീസ് അനലിറ്റിക്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതിനർഥം ഇത്രയും ജോലികള്‍ നഷ്ടപ്പെടുമെന്നല്ല. പക്ഷേ, ശമ്പളക്കുറവും പിരിച്ചു വിടലുകളും ശമ്പളം വൈകലുമൊക്കെ കൊറോണയുടെ അനന്തരഫലമായി തൊഴില്‍ രംഗത്ത് ഉണ്ടാകാം. 

80 ദശലക്ഷം ജോലികളില്‍ 27 ദശലക്ഷം ജോലികള്‍ ഉയര്‍ന്ന തോതിലുള്ള ഭീഷണി നേരിടുന്നു. ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിനോദരംഗം, താത്ക്കാലിക സഹായ സേവനങ്ങള്‍, ഓയില്‍ ഡ്രില്ലിങ് തുടങ്ങിയ മേഖലകളാണ് ഉയര്‍ന്ന റിസ്‌കുള്ള വിഭാഗത്തില്‍പ്പെടുന്നത്. ഈ മേഖലയിലെ 20 ശതമാനം, അതായത് 50 ലക്ഷം തൊഴിലുകള്‍ ബാധിക്കപ്പെടാം. 52 ദശലക്ഷം ജോലികള്‍ മിതമായ നിരക്കിലുള്ള പ്രതിസന്ധിയെയാണ് നേരിടുന്നത്. റീട്ടെയ്ല്‍, ഉത്പാദനം, കെട്ടിട നിര്‍മ്മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ ഈ വിഭാഗത്തില്‍പ്പെടും. 

വൈറസ് ബാധ പ്രധാനമായും ബാധിക്കുക ജനങ്ങളുടെ വാങ്ങല്‍ ശേഷിയെയാണ്. സ്റ്റോക്ക് മാര്‍ക്കറ്റുകളൊക്കെ കൂപ്പ് കുത്തുന്നതോടെ പലരുടെ കൈയ്യിലും ചെലവാക്കാന്‍ പണമില്ലാതാകും. തങ്ങള്‍ക്കോ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ രോഗം പിടിപെടുമോ എന്ന ചിന്തയും അവരെ കുറച്ച് ചെലവഴിക്കാന്‍ പ്രേരിപ്പിക്കും. ഈ പ്രതിസന്ധിയെ നേരിടാന്‍ സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.