വീടിനുള്ളിൽ എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ആശങ്കപ്പെടുന്നവർ അറിയാൻ, ഇതാ 14 ദിവസം ക്വാറന്റീൻ ചെയ്യാൻ സ്വയം തയാറായ വിദ്യാർഥികളുടെ അനുഭവങ്ങൾ. രോഗബാധിതരല്ല ഇവരാരും. മുൻകരുതലുകളുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയാൻ സന്നദ്ധരായവരാണ്. മുതിർന്നവർ ഉൾപ്പെടെ നിർദേശങ്ങൾ ലംഘിച്ച് പൊതുവിടങ്ങളിൽ എത്തുമ്പോൾ കണ്ടു പഠിക്കാനുണ്ട് നമ്മുടെ വിദ്യാർഥികളിൽ നിന്നും.

‘‘ക്വാറന്റീൻ ‌കൃത്യമായി പാലിക്കണമെന്ന് ഉറപ്പിച്ചിരുന്നതു കൊണ്ട് എയർപോർട്ടിൽ നിന്നു തന്നെ 4 പുസ്തകങ്ങൾ വാങ്ങിയാണു വീട്ടിലെത്തിയത്. കൊല്ലം തിരുമുല്ലവാരത്താണു വീട്. എയർപോർട്ടിൽ നിന്നു തന്നെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം കിട്ടിയിരുന്നു. വന്നപ്പോൾ മുതൽ ഒരു മുറിയിലാക്കി ലോകം.  വായനയും നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമുമാണ് നേരംപോക്ക്. അച്ഛനെ പുറത്തുവിടേണ്ടന്നു കരുതി വായനയുടെ വേഗം കുറച്ചിട്ടുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അമ്മ ഇത്തിരി സമയമെടുത്തു. പിന്നെ അമ്മയും ഓക്കെയായി. എനിക്കു മാത്രമായി പ്ലേറ്റും കപ്പും ഒക്കെയുണ്ട്. ടിഷ്യൂ പേപ്പർ കൊണ്ടാണ് തൊടുന്നതു പോലും. ഞാനിരിക്കുന്ന സ്ഥലം തനിയെ ഡെറ്റോൾ കൊണ്ടു വൃത്തിയാക്കും. കൃത്യമായ അകലം പാലിക്കുന്നുമുണ്ട്. തൊട്ടടുത്ത വീടുകളിൽ പ്രായമുള്ളവരും കുട്ടികളും ഉള്ളതുകൊണ്ട് ഈ ശ്രദ്ധ എടുത്തേ പറ്റൂ. 21 വയസ്സു മാത്രമുള്ള എനിക്ക് അസുഖം വന്നാലും രക്ഷപെടാനായേക്കും. പക്ഷേ, ക്വാറന്റീൻ കൃത്യമായി പാലിക്കാനുള്ള പ്രിവിലേജ് പോലുമില്ലാത്തവർക്ക് ഒപ്പം നിൽക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.’’

അക്ഷയ് സുധീർ

- നന്ദന പ്രവീൺ, മേയ് യു ചൈനീസ് ലാംഗ്വേജ് സെന്റർ, ഡൽഹി

‘‘കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈദരാബാദിൽ നിന്നു കഴക്കൂട്ടത്തെ വീട്ടിലെത്തിയത്. വന്നപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ വിളിച്ചറിയിച്ചു. ക്വാറന്റീനിൽ കഴിയണമെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആദ്യമൊന്നും വീട്ടുകാർക്ക് ഗൗരവം മനസ്സിലായിരുന്നില്ല. കേസുകളുടെ എണ്ണം കൂടുന്നതു കണ്ടതോടെ എല്ലാവരും സീരിയസായി. പഠനവുമായി ബന്ധപ്പെട്ട് കുറേ വായിക്കാനും എഴുതാനുമുണ്ട്. പിന്നെ സിനിമയും പുസ്തകങ്ങളും ഒക്കെ ഉള്ളതുകൊണ്ടു സമയം പോകും. ഒപ്പം നാട്ടിലെത്തിയവർ കറങ്ങി നടക്കുന്ന പടങ്ങൾ ഇൻസ്റ്റയിലോ വാട്സ്ആപ്പിലോ ഇട്ടിരിക്കുന്നതു കണ്ടാൽ അപ്പോൾ തന്നെ വിളിച്ച് അങ്ങനെ ചെയ്യരുതെന്നു പറയാറുണ്ട്. നമുക്കു രോഗം വരുമോ എന്നതിനെക്കാളുപരി നമ്മൾ രോഗവാഹകരായി മാറരുത് എന്നതാണു പ്രധാനം. ആരും പറയാതെ തന്നെ നമുക്കുണ്ടാവേണ്ട ചിന്തയാണത്.’’

- അക്ഷയ് സുധീർ, എംഎ സോഷ്യോളജി,ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി.

‘‘യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വൈദ്യുതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റദ്ദ് ചെയ്യുമെന്നറിയിച്ചതിനു ശേഷമാണ് തിരുവനന്തപുരത്തെ വീട്ടിലേക്കു വന്നത്. കാറിലായിരുന്നു യാത്ര. വന്നപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ വിളിച്ചറിയിച്ചു. രണ്ടാഴ്ച ക്വാറന്റീൻ ചെയ്യണമെന്ന നിർദേശം അക്ഷരംപ്രതി പാലിക്കുന്നുണ്ട്. വീടിന്റെ മുകളിലത്തെ നിലയിലേക്ക് അമ്മ മാത്രമേ വരാറുള്ളൂ. ഭക്ഷണം തരുന്ന പാത്രം ഞാൻ തന്നെ കഴുകി കൊടുക്കും.മറ്റാരും അത് ഉപയോഗിക്കില്ല. വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ ലായനിയിലാണ് കഴുകുന്നത്. അപ്പൂപ്പനും അമ്മൂമ്മയും ഉള്ളതുകൊണ്ട് താഴേക്കു പോകാറേയില്ല.

വായനയും സിനിമ കാണലും തന്നെയാണു നേരംപോക്ക്. ആളുകൾക്കിപ്പോഴും ഇതിന്റെ ഗൗരവം മനസ്സിലായിട്ടുണ്ടോയെന്നു സംശയമുണ്ട്. നമുക്ക് ഒരുപക്ഷേ നല്ല രോഗപ്രതിരോധശേഷി ഉണ്ടായേക്കാം. പക്ഷേ രോഗവാഹകരായാൽ, നമുക്ക് ചുറ്റുമുള്ളവരെല്ലാം അങ്ങനെയാവണമെന്നില്ല. മറ്റുള്ളവരെക്കുറിച്ച് കൂടി ഓർക്കേണ്ടേ? വേറൊന്നും ചെയ്യേണ്ട, വെറുതെ വീട്ടിലിരുന്നാൽ മതിയല്ലോ.’’

- നന്ദന ശങ്കർ, ഇന്റഗ്രേറ്റഡ് എംഎ 

പൊളിറ്റിക്കൽ സയൻസ്, ഒന്നാം വർഷം, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി.