അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് െചയ്യുന്നതിനുള്ള അവസാന തീയതി  നീട്ടി. പുതുക്കിയ തീയതി പിഎസ്‌സി പിന്നീടറിയിക്കും. മറ്റു തസ്തികകളുടെയും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്ന തീയതികൾ നീട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയിലേക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 26 ആയിരുന്നു. എന്നാൽ കോവിഡ്–19  പശ്ചാത്തലത്തിൽ തൊഴിൽപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ഇതിനകം ലഭിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് പ്രയാസം നേരിട്ടു. ഇക്കാര്യം കഴിഞ്ഞ ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി പിഎസ്‌സി അനന്തമായി നീട്ടിയത്. അവസാന തീയതി വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് അപ്‌ലോഡ് ചെയ്യുക. ഇതിനകം സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തവർ വീണ്ടും െചയ്യേണ്ടതില്ല.

 

വിവരണാത്മക പരീക്ഷ വൈകില്ല

അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ തസ്തികയിലേക്കുള്ള വിവരണാത്മക പരീക്ഷ വൈകാതെ നടത്തും. ഇതിനുള്ള ഒരുക്കങ്ങൾ പിഎസ്‌സി തുടങ്ങി.  കെഎഎസ് മെയിൻ പരീക്ഷ നടക്കുന്ന ജൂലൈയിൽ തന്നെ ഇതിലേക്കുള്ള പരീക്ഷയും നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ്– 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങളിൽ മാറ്റം വന്നേക്കാം. 

പ്രാഥമിക പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം ഇപ്പോൾ നീട്ടി നൽകിയിട്ടുണ്ട്.  ഇതിന് അവസാന തീയതി നിശ്ചയിച്ച് അർഹരായ ഉദ്യോഗാർഥികൾ എത്രയുണ്ടെന്നു ബോധ്യപ്പെട്ട ശേഷം പരീക്ഷാ തീയതി തീരുമാനിക്കും. പ്രാഥമിക പരീക്ഷയിൽ എത്ര മാർക്ക് വാങ്ങിയാലും നിശ്ചിത സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നവർക്കു മാത്രമേ വിവരണാകത്മക പരീക്ഷ എഴുതാൻ കഴിയൂ.  ചോദ്യപേപ്പർ ഇംഗ്ലിഷിൽ തയാറാക്കിയാലും ഉദ്യോഗാർഥികൾക്കു മലയാളത്തിലും ഉത്തരം എഴുതാം. സിലബസ് വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.