ലോകമെങ്ങുമുള്ള ജനജീവിതത്തെ സാരമായി ബാധിക്കുകയാണ് കോവിഡ് 19. എന്തു ചെയ്യണമെന്നറിയാതെ വ്യാപാരമേഖലയും വൻകിട കമ്പനികളും പകച്ചുനിൽക്കുന്നു. പുതിയ ജോലികൾ തേടുന്നവർക്കു തൽക്കാലത്തേക്കെങ്കിലും ഇതു തിരിച്ചടിയാകും. എന്നാൽ, നിലവിലെ ജോലികളുടെ രീതിതന്നെ മിക്ക കമ്പനികളും മാറ്റി. മനുഷ്യർ തമ്മിൽ അടുത്തിടപഴകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതുതന്നെയാണു പരീക്ഷണങ്ങളുടെ ലക്ഷ്യം. കോവിഡ് ഭീതിയൊഴിഞ്ഞാലും ചിലപ്പോൾ ഈ രീതികൾ മുന്നോട്ടു പോയേക്കാം

എപ്പോഴും ജോലിയിലാണ്

കോവിഡ് കാലത്തു മിക്ക കമ്പനികളും വർക് ഫ്രം ഹോം രീതിയിലേക്കു മാറി; പ്രത്യേകിച്ച് ഐടി കമ്പനികൾ. അതുകൊണ്ടുതന്നെ സദാസമയയവും ജോലിയിലാണ് എന്നൊരു തോന്നൽ ജീവനക്കാർക്കുണ്ടാകുന്നു. ഓഫിസിന്റെ വാടക, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയൊന്നും വേണ്ടാത്തതിനാൽ കമ്പനി ഉടമകൾ ഒരുപക്ഷേ, ഈ രീതി കോവിഡിനു ശേഷവും മുന്നോട്ടു കൊണ്ടുപോയേക്കാം.

                                               

ടെക്നോളജിയാണ് എല്ലാം

മിറ്റീങ്ങുകളെല്ലാം ഇപ്പോൾ വിഡിയോ കോൺഫറൻസുകൾ വഴിയാണ്. (സൂം എന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷന്റെ മാർക്കറ്റ് വാല്യു 38 ശതമാനമാണ് കോവിഡ് കാലത്ത് ഉയർന്നത്!). ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതു ചാറ്റ് ബോട്ടുകളാണ്. മനുഷ്യരുടെ ഇടപെടൽ കുറയുന്ന രീതിയിൽ ജോലികൾ ഓട്ടമേറ്റഡ് ആക്കാനാണു കമ്പനികളുടെ ശ്രമം. ഇവയൊക്കെ പിന്നീടും തുടരുമെന്നുറപ്പാണ്.

മാറുന്ന ജോലികൾ

ചില ജോലികളിൽ കോവിഡ് കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ആളുകൾ കൂടുതലായി ഓൺലൈൻ ഫുഡ് ഡെലിവറിയെ ആശ്രയിക്കുന്നു. ഊബർ, ഒല പോലുള്ള ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നു. സ്ഥിരം, താൽക്കാലിക ജീവനക്കാർ തമ്മിലുള്ള വ്യത്യാസവും കുറഞ്ഞുവരികയാണ്. 

ഇത്തരം ഒട്ടേറെ മാറ്റങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജോലികളുടെ സ്വഭാവം കോവിഡിന് മുൻപ്, ശേഷം എന്നിങ്ങനെ മാറാൻ സാധ്യതയുണ്ട് എന്നതാണു യാഥാർഥ്യം.