സർക്കാർ സർവീസിൽ നിന്നു മാർച്ച് 31നു വിരമിച്ചത് പതിനായിരത്തോളം ജീവനക്കാർ. ലഭ്യമായ കണക്കുകൾ പ്രകാരം ആറായിരം അധ്യാപകരും നാലായിരം  മറ്റു ജീവനക്കാരുമാണ്  വിരമിച്ചത്. സാധാരണ   മേയ് 31നാണ് ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാർ വിരമിക്കുന്നത്. എന്നാൽ ഇത്തവണ മാർച്ച് 31നും  കണക്കിലധികം വിരമിക്കൽ നടന്നു. റവന്യൂ, പൊലീസ് തുടങ്ങിയ വകുപ്പുകളിൽ നിന്നാണു കൂടുതൽ ജീവനക്കാർ വിരമിച്ചത്. 

സെക്രട്ടേറിയറ്റ്, സർവകലാശാലകൾ എന്നിവയ്ക്കൊപ്പം സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങിൽ നിന്നും ധാരാളം പേർ വിരമിച്ചു. അധ്യാപക തസ്തികകളിൽ എൽപി/ യുപി ടീച്ചർ, എച്ച്എസ്എ, ഹയർസെക്കൻഡറി വിഭാഗത്തിലുള്ളവരാണ് അധികവും.  

ലിസ്റ്റിലുള്ളവർ ആശങ്കയിൽ
വിരമിക്കുന്ന ജീവനക്കാർക്ക് ആനുപാതികമായി പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം നടക്കേണ്ടതാണ്. എന്നാൽ കോവിഡ്–19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവുകൾ കണ്ടെത്തി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവ് വരുമെന്ന ആശങ്കയുണ്ട്. വിരമിക്കൽ ഒഴിവിന് ആനുപാതികമായി ഏറ്റവും കൂടുതൽ നിയമനം നടക്കേണ്ടത് എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിൽ നിന്നാണ്. കഴിഞ്ഞ കുറച്ചു നാളുകളായി വിരമിക്കൽ ഒഴിവുകളല്ലാതെ പുതിയ തസ്തിക സൃഷ്ടിച്ച വകയിൽ ഒഴിവുകളൊന്നും ഇവർക്കു ലഭിച്ചിട്ടില്ല. 

ഇത്തവണത്തെ വിരമിക്കൽ ഒഴിവുകൾകൂടി നഷ്ടപ്പെട്ടാൽ വലിയ തിരിച്ചടിയാവും ഈ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ നേരിടേണ്ടി വരിക.