വ്യാവസായിക പ്രാധാന്യമുള്ള ഗവേഷണ ആശയങ്ങളുണ്ടോ ? അത്തരമൊരു വിഷയത്തിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തിട്ടുണ്ടോ ? എങ്കിൽ മികച്ച ഫെലോഷിപ്പോടെ ഗവേഷണത്തിനുള്ള സുവർണാവസരമാണ് പ്രൈംമിനിസ്റ്റേഴ്സ് ഫെലോഷിപ് സ്കീം ഫോർ ഡോക്ടറൽ റിസർച്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) ചേർന്നൊരുക്കുന്ന ഫെലോഷിപ്. ഗവേഷണത്തിൽ ആ രംഗത്തെ വ്യവസായ സ്ഥാപനത്തെ കൂടി പങ്കാളിയാക്കണം. സാധാരണ ഫെലോഷിപ്പുകളേക്കാൾ കൂടുതൽ തുക ലഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ തൊഴിൽ, നൈപുണ്യ ശേഷി വികസനവും നേട്ടം. 

∙ എങ്ങനെ: ഇന്ത്യയിൽ സയൻസ്, എൻജിനീയറിങ്, ടെക്നോളജി, മെഡിസിൻ, അഗ്രികൾചർ വിഷയങ്ങളിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ഗവേഷണവുമായി സഹകരിക്കാൻ തയാറുള്ള വ്യവസായ സ്ഥാപനത്തെ സ്വയം കണ്ടെത്തി അക്കാര്യം കൂടി അപേക്ഷയിൽ അറിയിക്കണം. 

www.primeministerfellowshipscheme.in, www.serb.gov.in, www.serbficci-iirrada.in

∙ എപ്പോൾ: ഏതു സമയവും ഓൺലൈനായി അപേക്ഷിക്കാം. പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തിട്ടു 14 മാസം കഴിയരുത്. വർഷം മൂന്നോ നാലോ തവണ ഫെലോഷിപ് ജേതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും.

∙ തിരഞ്ഞെടുപ്പ്: ഇന്റർവ്യൂവോ പരീക്ഷയോ ഇല്ല. വ്യവസായ പ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും അടങ്ങുന്ന സമിതി അപേക്ഷകൾ പരിശോധിച്ചു തീരുമാനമെടുക്കും. 

∙ ഫെലോഷിപ്: മാസം 55,000–72,800 രൂപ. കാലാവധി 4 വർഷം.

2015ലാണ് കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ മൈക്രോബിയൽ ബയോടെക്നോളജിയിൽ പിഎച്ച്ഡിക്കു ചേർന്നത്. 2016ൽ ഫെലോഷിപ്പിന് അപേക്ഷിച്ചു. ആ വർഷം തന്നെ ലഭിച്ചു.

രേഷ്മ ഐശ്വര്യ 

(അസിസ്റ്റന്റ് പ്രഫസർ, ബയോടെക്നോളജി, ശ്രീനാരായണ ഗുരു കോളജ്, കോയമ്പത്തൂർ)