ലോക്ഡൗണ്‍ കാലഘട്ടത്തിലും വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്ന അധ്യാപകരെ നിങ്ങള്‍ക്കറിയാം. എന്നാല്‍ കുട്ടികള്‍ക്കു വേണ്ടി ഈ ലോക്ഡൗണ്‍ കാലത്തു ദിവസവും മരത്തിനു മുകളില്‍ വലിഞ്ഞു കയറുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം. പശ്ചിമ ബംഗാള്‍ ബങ്കുര ജില്ലയിലെ അഹന്‍ഡ ഗ്രാമത്തിലുള്ള ചരിത്രാധ്യാപകനായ സുബ്രത പാടിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മരം കയറ്റം പതിവാക്കിയിരിക്കുന്നത്. 

ഓണ്‍ലൈന്‍ ക്ലാസുകളെടുക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് റേഞ്ച് കിട്ടുന്നതിനു വേണ്ടിയാണ് 35കാരനായ അധ്യാപകന്റെ ഈ സാഹസം. വീടിനടുത്തുള്ള വേപ്പ് മരത്തില്‍ ഒരു തട്ടുണ്ടാക്കി അതിനു മുകളിലിരുന്നാണ് സുബ്രത കുട്ടികള്‍ക്ക് ഓണ്‍ലൈനായി ചരിത്രപാഠം പകരുന്നത്. കൊല്‍ക്കത്തയിലെ അഡമാസ് യൂണിവേഴ്‌സിറ്റിയിലെയും റൈസ് എജ്യുക്കേഷനിലെയും അധ്യാപകനാണ് ഇദ്ദേഹം. 

കോവിഡ്-19 കാലത്ത് തന്റെ കുടുംബത്തിനൊപ്പമിരിക്കാനാണ് കൊല്‍ക്കത്തയില്‍ നിന്നും അഹന്‍ഡ ഗ്രാമത്തിലേക്ക് സുബ്രത വന്നത്. പക്ഷേ, അപ്പോഴും അധ്യാപകനെന്ന തന്റെ ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. 

മുള കൊണ്ടു മരമുകളില്‍ നിര്‍മ്മിച്ച തട്ടിലിരുന്നു തുടര്‍ച്ചയായി രണ്ടും മൂന്നും ക്ലാസുകളൊക്കെ ചില ദിവസങ്ങളില്‍ സുബ്രത എടുക്കും. വേനല്‍ ചൂടൊക്കെ സഹിച്ചാണ്  ഈ അധ്യാപനം. ചില സമയത്ത് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പോലും അവിടെ നിന്ന് എഴുന്നേല്‍ക്കില്ല. ഇടയ്‌ക്കെത്തുന്ന ഇടിയും മിന്നലും മഴയും മരത്തിന് മുകളിലെ പ്ലാറ്റ്‌ഫോമിന് നാശം വരുത്തും. അവയൊക്കെ വീണ്ടും ശരിയാക്കി സുബ്രത തന്റെ അധ്യാപനം തുടരും. 

അധ്യാപകന്റെ ഈ ബുദ്ധിമുട്ടുകള്‍ വിദ്യാർഥികളും അറിയുന്നുണ്ട്. അതിനാല്‍ അവരാരും ഒരു ക്ലാസ് പോലും ഒഴിവാക്കാറില്ല. ഇത്ര ത്യാഗം സഹിച്ച് തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകന്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് റൈസ് എജ്യുക്കേഷനിലെ വിദ്യാർഥികളിലൊരാളായ ബുദ്ധദേബ് മൈതി പറയുന്നു. 

വിളവെടുപ്പ് കാലത്ത് തങ്ങളുടെ കൃഷി സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്ന ആനകളെ നിരീക്ഷിക്കാന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ മരമുകളില്‍ സ്ഥാപിക്കുന്ന ഏറുമാടങ്ങളാണ് തനിക്ക് ഈ ആശയം നല്‍കിയതെന്ന് സുബ്രത പറയുന്നു. 

English Summary: Professor Climbs Tree To Teach Students During Lockdown