വസ്ത്രം വാങ്ങാൻ കടകളിൽ പോകുമ്പോൾ, മനോഹര വസ്ത്രങ്ങളണിയിച്ച് ഒരുക്കിയ ‘സുന്ദരികളുടെയും സുന്ദരൻമാരുടെയും’ പ്രതിമകൾ ശ്രദ്ധിക്കാറില്ലേ? പ്രതിമയിലെ വസ്ത്രങ്ങൾ കണ്ട് ആളുകളെ അകത്തേക്ക് ആകർഷിക്കുക തന്നെയാണു ലക്ഷ്യം. എന്നാൽ, വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഇത്തരമൊരു പ്രതിമ അടുത്തേക്കു വന്നു നമ്മെ സഹായിച്ചാൽ എങ്ങനെയുണ്ടാകും? നമ്മൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ആ പ്രതിമ ധരിച്ചു കാണിച്ചാലോ? സംഗതി കൊള്ളാമല്ലേ? ഇത്തരം ജീവനുള്ള പ്രതിമകൾ അഥവാ മോഡലുകൾ വിദേശരാജ്യങ്ങളിലുണ്ട്. കടകളിൽ‌ മാത്രമല്ല, പൊതുസ്ഥലങ്ങളിൽ പരസ്യത്തിനായും ജീവനുള്ള പ്രതിമകളെ ഉപയോഗിക്കുന്നുണ്ട്. ‘ലൈവ് മാനക്വിൻസ്’ എന്നാണ് ഇവയെ പറയുക.

 

പിടിച്ചെടുക്കും, ശ്രദ്ധ

തിരക്കുള്ള സ്ഥലങ്ങളിൽ പ്രതിമപോലെ നിന്നശേഷം പെട്ടെന്നു ചലിക്കുകയാണെങ്കിൽ ആളുകൾ ആദ്യമൊന്നു പേടിക്കുമെങ്കിലും ശ്രദ്ധിക്കുമെന്നുറപ്പ്. ഉപഭോക്താക്കളോടു സംസാരിക്കുകയോ വെറുതെ അനങ്ങാതെ നിൽക്കുകയോ ആകാം. ഏതു കമ്പനികളുടെയും പരസ്യമായി ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാം. വസ്ത്രങ്ങളുടെ പുതിയ ഡിസൈനുകൾ പരീക്ഷിക്കാൻ ഫാഷൻ രംഗത്തെ വൻകിട കമ്പനികളും ഈ രീതി തിരഞ്ഞെടുക്കാറുണ്ട്. ഇവർ പുതിയ വസ്ത്രങ്ങൾ വീട്ടിൽ കൊണ്ടുപോയി ദിവസേന ഉപയോഗിക്കുകയും വേണം. വസ്ത്രങ്ങളുടെ നിലവാരവും മറ്റും പരിശോധിച്ചു റിപ്പോർട്ട് നൽകാനാണിത്. അതിനു ശേഷമേ വസ്ത്രങ്ങൾ വിപണിയിലിറക്കൂ.

എളുപ്പമല്ല, ജോലി

‘ലൈവ് മാനക്വിൻ’ ജോലികൾക്കു പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ല. എങ്കിലും അൽപം കഷ്ടപ്പെടേണ്ടിവരും. മണിക്കൂറുകളോളം അനങ്ങാതെ നിൽക്കുകയോ ചിലപ്പോൾ ശരീരത്തു ചായം പൂശിയും മറ്റും നിൽക്കുകയോ വേണ്ടിവരും. വിദേശത്തു സ്റ്റേജ് ആർട്ടിസ്റ്റുകൾ ഇത്തരം ജോലികൾ ചെയ്യാറുണ്ട്. ആൾക്കൂട്ടത്തിനു നടുവിൽ അഭിനയിക്കേണ്ടി വരുമ്പോഴാണ് അത്തരം ആളുകളുടെ പ്രയോജനമുണ്ടാവുക. ജോലി ചെയ്യുന്ന കമ്പനികളുടെ നിലവാരമനുസരിച്ചു ശമ്പളവും വ്യത്യാസപ്പെടും. യുഎസിൽ മണിക്കൂറിന് 50 ഡോളർ (3800 രൂപ) സമ്പാദിക്കുന്നവരുണ്ട്.