കണ്ണു നഷ്ടപ്പെട്ടവർക്കായി കൃത്രിമക്കണ്ണു നിർമിച്ചുകൊടുക്കുന്ന ജോലിയാണ് ‘ഒക്യുലറിസ്റ്റ്’ 

നേത്രരോഗ വിദഗ്ധൻ മുതൽ കണ്ണട തിരഞ്ഞെടുത്തുതരുന്ന ടെക്നിഷ്യൻ വരെ ഈ മേഖലയിൽ ജോലികൾ പലതുണ്ട്. എന്നാൽ, അധികമറിയാത്തൊരു മേഖലയാണ് കണ്ണ് ഉണ്ടാക്കുന്ന ജോലി. അതെ, മനുഷ്യർക്കുവേണ്ടി കണ്ണുണ്ടാക്കുന്നവർ! ‘ഒക്യുലറിസ്റ്റ്’ എന്നു വിളിക്കപ്പെടുന്നു, ഈ ജോലിക്കാർ. പ്രോസ്തെറ്റിക് ഐ ടെക്നിഷ്യൻ എന്നും ഈ ജോലിക്കു പേരുണ്ട്. അപകടങ്ങളോ രോഗങ്ങളോ വന്നു കണ്ണുകൾ നഷ്ടപ്പെട്ടവർക്കാണു കണ്ണുകൾ നിർമിച്ചു നൽകുന്നത്. പ്രത്യേകിച്ച്, ഒരു കണ്ണിനു കാഴ്ചശക്തി പോയവർക്ക്. ഇത്തരം കൃത്രിമക്കണ്ണുകൾകൊണ്ടു കാഴ്ചശക്തി ലഭിക്കില്ലെങ്കിലും മുഖസൗന്ദര്യം വീണ്ടെടുക്കാം.

കലയും സങ്കേതവും 

ഒട്ടും എളുപ്പമുള്ള ജോലിയല്ല ഇത്. കണ്ണുകൾ വേണ്ടയാൾക്കു ചേരുംവിധം ഡിസൈൻ ചെയ്യണം. ആളുകളുടെ നിറം, വലുപ്പം തുടങ്ങിയ ഘടകങ്ങൾ അതിനെ സ്വാധീനിക്കും. മുൻകാലങ്ങളിൽ ഗ്ലാസ് ഉപയോഗിച്ചായിരുന്നു കണ്ണുകൾ നിർമിച്ചിരുന്നത്. ഇപ്പോൾ അക്രിലിക് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. ആദ്യം അളവുകൾക്കനുസരിച്ച് കണ്ണുകൾ നിർമിക്കും. അതിനു ശേഷം കൺപീലികൾക്കകത്ത് ഇവ വച്ചുപിടിപ്പിക്കും. അൽപം കലാബോധവും വേണമെന്നർഥം.

കൃത്രിമക്കണ്ണുകൾ വച്ചുപിടിപ്പിച്ചാൽ, യഥാർഥത്തിൽ കണ്ണുള്ളതായി ആളുകൾക്കു തോന്നും. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കണ്ണുകൾ ചലിപ്പിക്കാനും സാധിക്കും. കണ്ണിലേക്കുള്ള മസിലുകൾ സജീവമാണെങ്കിൽ അവ ഇത്തരം കണ്ണുകളിലേക്കു ഘടിപ്പിച്ചാണ് ചലനം യാഥാർഥ്യമാക്കുന്നത്. 

വേണം പരിശീലനം

നല്ല ശമ്പളം ലഭിക്കുന്ന ജോലിയാണ് ഒക്യുലറിസ്റ്റ്. എന്നാൽ, ഒക്യുലറിസ്റ്റ് ആവുക എളുപ്പമല്ല. അമേരിക്കൻ സൊസൈറ്റി ഓഫ് ഒക്യുലറിസ്റ്റ്സ് എന്ന സംഘടനയാണു രാജ്യാന്തര തലത്തിൽ പരിശീലനം നൽകുന്ന പ്രധാന സ്ഥാപനം. 5 വർഷമാണു പരിശീലന കാലാവധി. ഇന്ത്യയിലും വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ഒക്യുലറിസ്റ്റുകൾക്കു പരിശീലനം നൽകുന്നുണ്ട്. ഒക്യുലറിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന പേരിൽ 2014 മുതൽ നമ്മുടെ രാജ്യത്തും സംഘടന പ്രവർത്തിക്കുന്നുണ്ട്. കണ്ണുകൾ ആവശ്യമുള്ളവർക്ക് ഇവരുടെ സഹായം ലഭിക്കും. 

English Summary : Ocularisty Career Opportunities : The making of artificial eyes