ചെറിയ തിരിച്ചടി വന്നാൽ  എല്ലാം തകർന്നെന്നു കരുതി പലരും നിരാശപ്പെടും. മറ്റു ചിലരാകട്ടെ, പരാജയത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തി ആത്മവിശ്വാസത്തോടെ പ്രവർത്തിച്ച് മുന്നേറി വിജയിക്കും. മഹാവിജയങ്ങളിൽപ്പോലും എത്തും. ആവേശം  പകരുന്ന ചില ജീവിതകഥകൾ കാണുക. 

ലണ്ടനിൽപ്പോയി നിയമം പഠിച്ച് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വക്കീൽപ്പണിയിൽ പരാജയപ്പെട്ടയാളാണ് ഗാന്ധിജി. പക്ഷേ അദ്ദേഹത്തെപ്പോലെ മഹാവിജയം നേടിയവർ ലോകചരിത്രത്തിൽത്തന്നെ എത്രയോ ചുരുക്കം!

ഹൈസ്കൂൾപഠനം പൂർത്തിയാക്കാൻ കഴിയാഞ്ഞ വാൾട് ഡിസ്നി (1901–1966) ചിത്രകാരനും കാർട്ടൂണിസ്റ്റും ആനിമേറ്ററും സിനിമാനിർമ്മാതാവുമായി വിശ്വപ്രസിദ്ധി നേടി. 22 ഓസ്കാർ സമ്മാനമെന്ന റിക്കോർഡ് അദ്ദേഹത്തിന്. മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം മാത്രം മതി അദ്ദേഹത്തിന്റെ പേർ നിലനിർത്താൻ.

ഐടി ലോകത്തെ വിസ്മയമായ സ്റ്റീവ് ജോബ്സ് (1955- 2011) അദ്ദേഹംതന്നെ തുടങ്ങിയ ‘ആപ്പിൾ’ കമ്പനിയിൽ നിന്നു പുറത്താക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട ജോബ്സ് ‘നെക്സ്റ്റ്’ എന്ന മറ്റൊരു കമ്പനി തുടങ്ങി. പിന്നീട് നെക്സ്റ്റും ആപ്പിളും ലയിച്ച്, ജോബ്സ് ആപ്പിളിൽ തിരികെയെത്തി വലിയ വിജയങ്ങൾ കൊയ്തു.

ടെലിവിഷൻ ടോക്‌ഷോകളിലൂടെ  മാധ്യമറാണിയെന്ന പേർ സമ്പാദിച്ച ഓപ്രാ വിൻഫ്രി, ടെലിവിഷനു യോജിക്കാത്തയാളെന്നു പറഞ്ഞ് ഒരിക്കൽ പുറത്താക്കപ്പെട്ടിരുന്നു. മിക്കവരും മറയ്ക്കാനാഗ്രഹിക്കുന്ന സ്വന്തം പൂർവചരിത്രം മടികൂടാതെ തുറന്നുപറയാറുള്ളതും അവരുടെ ജനപ്രീതി ഉയർത്തി.

റോക്ക്സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച  ബീറ്റിൽസ് ഒരിക്കൽ വൻതിരിച്ചടി നേരിട്ടിരുന്നു. ഗിറ്റാർസംഗീതത്തിനു ഭാവിയില്ലെന്നു പറഞ്ഞ് ബീറ്റിൽസ് തിരസ്കരിക്കപ്പെട്ട സംഭവം.

‘ബിഗ് ബി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അമിതാഭ് ബച്ചൻ സ്വന്തംപേരിൽ കമ്പനി തുടങ്ങി. ആദ്യം ലാഭമുണ്ടാക്കിയെങ്കിലും, ക്രമേണ തകർച്ചയിലേക്കു നീങ്ങി. 1996ൽ ബാംഗ്ലൂരിൽ നടത്തിയ മിസ് വേൾഡ് മത്സരത്തോടെ കമ്പനി കോടിക്കണക്കിനു കടത്തിലായി. കരകയറുകില്ലെന്ന പ്രവചനങ്ങളെ മറികടന്ന്, സിനിമയും ടിവി ഷോയും വഴി അദ്ദേഹം വീണ്ടും വൻവിജയം കൈവരിച്ചു.

ഹാരി പോട്ടർ  പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന ജെ കെ റൗളിങ്ങിന്റെ ആദ്യകൃതി ‘ഹാരി പോട്ടർ  ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ’ 12 പ്രസാധകർ തിരസ്കരിച്ചിരുന്നു. റൗളിങ് പിന്നീട് എഴുത്തുകാരിയെന്ന നിലയിൽ അവിശ്വസനീയവിജയം കൈവരിച്ചതു ചരിത്രം.

എക്കാലത്തെയും മഹാസംഗീതജ്ഞനായിരുന്ന ബീഥോവന് വയലിൻ വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴി‍ഞ്ഞില്ല. നീ ശരിയാകില്ലെന്ന് ഗുരു പറ‍ഞ്ഞു. പക്ഷേ അദ്ദേഹം തനതായ രീതിയിൽ സംഗീതം നിർമ്മിച്ച് വിശ്വപ്രസിദ്ധി നേടി.

സിനിമാനിർമ്മാണത്തിലും സംവിധാനത്തിലും ലോകത്തിൽ അത്യുന്നതസ്ഥാനം കൈവരിച്ച സ്റ്റീവൻ സ്പീൽബെർഗിന് ഫിലിം സ്കൂളിൽ നിന്നു മൂന്നു പ്രാവശ്യം തിരസ്കാരം നേരിട്ടു.  ക്യാമ്പസ്  വിട്ടുപോയി 34 വർഷത്തിനു ശേഷം, കൈവശമുള്ള അസംഖ്യം പുരസ്കാരങ്ങളിൽ മയങ്ങിവീഴാതെ, കോളജിൽ മടങ്ങിയെത്തി 56–ാം വയസ്സിൽ ബിഎ ബിരുദം നേടിയത് അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ മറ്റൊരു വശം വെളിവാക്കി.

രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളെ നയിച്ച് വിജയത്തിലെത്തിക്കുക, സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടുക, ലോകത്തിലെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാളായി അംഗീകരിക്കപ്പെടുക തുടങ്ങിയ വൻവിജയങ്ങൾ കൈവരിച്ച വിൻസ്റ്റൻ ചർച്ചിൽ ആറാം ക്ലാസിൽ തോറ്റിരുന്നു.

20–ാം നൂറ്റാണ്ടിലെ അതിബുദ്ധിമാന്മാരിൽപ്പെട്ട ഐൻസ്റ്റൈൻ പോളിടെക്നിക് എൻട്രൻസ് പരീക്ഷയിൽ തോറ്റിരുന്നു. പക്ഷേ അദ്ദേഹത്തെ അത്തരത്തിലല്ല ഓർക്കുന്നത്.

സാധാരണക്കാർക്കു വാങ്ങിയുപയോഗിക്കാവുന്ന മോട്ടർക്കാർ ആദ്യമായി നിർമ്മിച്ചിറക്കിയ അസാമാന്യപ്രതിഭാശാലിയായ ഹെൻറി ഫഫ  ഫോർഡ് വ്യവസായജീവിതത്തിൽ രണ്ടു തവണ വലിയ തിരിച്ചടികളനുഭവിച്ചു. ‘പരാജയമെന്നത് വീണ്ടും തുടങ്ങാനുള്ള അവസരം’ എന്നു പറഞ്ഞ അദ്ദേഹം അക്കാര്യം ജീവിച്ചുതെളിയിച്ചു.

പരിണാമസിദ്ധാന്തത്തിന്റെ പിതാവ് ചാൾസ് ഡാർവിൻ (1809– 1882) മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് പ്രകൃതിപാഠത്തിലേക്കു തിരിഞ്ഞപ്പോൾ, മെഡിക്കൽ ഡോക്ടറായിരുന്ന അച്ഛൻ റോബർട്ട് ഡാർവിൻ പറഞ്ഞു, ‘പട്ടികളിലും എലിപിടിത്തത്തിലും മാത്രമാണ് നിനക്ക് താല്പര്യം. നിനക്കും കുടുംബത്തിനും  നീ അപമാനം വരുത്തും’. ഈ വാക്കുകൾ വരുത്തിയ മനോവ്യഥയെ മറികടന്ന് ഗംഭീരസിദ്ധാന്തം ആവിഷ്കരിച്ച് ചാൾസ് ചരിത്രത്തിൽ ശാശ്വതസ്ഥാനം കൈവരിച്ചു.

ഏവർക്കുമറിയാവുന്ന കഥയാണ് തോമസ് ആൽവാ എഡിസന്റേത്. ഒന്നും പഠിക്കാൻ കഴിവില്ലാത്ത മരക്കഴുതയെന്ന അദ്ധ്യാപികയുടെ ആക്ഷേപം  കേട്ട്, സ്കൂൾ വിട്ടുപോരേണ്ടിവന്ന ബാലൻ പിൽക്കാലത്ത് കണ്ടുപിടിത്തങ്ങളുടെ എണ്ണത്തിൽ ആർക്കും തകർക്കാനാവാത്ത റിക്കോർഡ് സൃഷ്ടിച്ചു. യുഎസ്സിൽ മാത്രം 1093 പേറ്റന്റുകൾ. വൈദ്യുതബൾബിന്റെ ഫിലമെന്റുണ്ടാക്കാനുള്ള പദാർത്ഥത്തിനായി പലതും പരീക്ഷിച്ചു പരാജയപ്പെട്ടു. ഒടുവിൽ വിജയം കണ്ടെത്തി. ആയിരം തവണ പരാജയപ്പെട്ടില്ലേയെന്ന പത്രക്കാരന്റെ ചോദ്യത്തിന് ‘വൈദ്യുതബൾബ് ഉണ്ടാക്കാൻ പറ്റാത്ത ആയിരം വഴികൾ കണ്ടെത്തി’  എന്നായിരുന്നു മറുപടി. (ആയിരത്തിന്റെ സ്ഥാനത്ത് മനോ‌ധർമ്മംപോലെ 700 മുതൽ 10,000 വരെ ചേർത്ത് പലരും ഇക്കഥ മാറ്റിക്കുറിച്ചിട്ടുണ്ട്).ധീരുബായ് അംബാനി, രത്തൻ ടാറ്റ തുടങ്ങിയവരുടെ വിജയകഥകളിൽ പരാജയങ്ങളുടെ ഉപകഥകളുമുണ്ട്. വേറെയും ചിലർ അന്ധനായതിനു ശേഷം ജോൺ മിൽട്ടൻ ‘പാരഡൈസ് ലോസ്റ്റ്’ എന്ന മനോഹരമായ മഹാകാവ്യം രചിച്ചു.

39 വയസ്സിൽ പോളിയോ ബാധിച്ച ഫ്രാങ്ക്ലിൻ ഡി റൂസ്‍വെൽറ്റ് 11 വർഷത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റായി. ആകെ നാലു തവണ. 

രണ്ടാം വയസ്സിൽ അന്ധയും ബധിരയും മൂകയും ആയ ഹെലൻ കെല്ലർ പേരുകേട്ട ഗ്രന്ഥകാരിയും പ്രഭാഷകയും വിദ്യാഭ്യാസപ്രവർത്തകയുമായി.

16 വയസ്സിലെ അപകടത്തിൽ പാദം നഷ്ടപ്പെട്ട സുധാ ചന്ദ്രൻ മൂന്നു വർഷത്തിനകം കൃത്രിമപാദംവച്ച് നൃത്തപ്രധാനമായ സിനിമയഭിനയിച്ച് അവാർഡ് നേടി.

20–ാം വയസ്സിൽ കാറപകടത്തിൽ ഒരു കണ്ണു നഷ്ടപ്പെട്ട മൻസൂർ ആലി ഖാൻ പട്ടോഡി ഒറ്റക്കണ്ണുമായി കളിച്ച് മികച്ച ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി.

പരാജയപ്പെടുമ്പോൾ നിരാശയുടെ നീർക്കുഴിയിൽ മുങ്ങിത്താഴാതെ, തറയിലേക്ക് ആഞ്ഞടിച്ച റബർപന്തുപോലെ കൂടുതൽ ശക്തിയിൽ കുതിച്ചുയരുന്നവരുണ്ട്. അവരാണ് യഥാർത്ഥവിജയികൾ. ഏവർക്കും മാതൃകകൾ.