കോവിഡ് മഹാമാരിയെ തുടർന്നുള്ള തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും എസ്ബിഐക്ക് കാര്യമായ സമ്മർദമുണ്ടാക്കില്ലെന്ന് ചെയർമാൻ രജനീഷ് കുമാർ. സർക്കാർ, അർധ സർക്കാർ മേഖലയിൽ നിന്നുള്ള ഇടപാടുകൾ നല്ല രീതിയിൽ തുടരുന്നതിനാൽ  ബാങ്കിന്റെ പ്രവർത്തനത്തെയും കോവിഡ് സാഹചര്യം ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് ഓഹരി ഉടമകൾക്കുള്ള കത്തിൽ അദ്ദേഹം വ്യക്തമാക്കി. മുൻ സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം ഈ വർഷവും തുടരാനാവും.

ജീവനക്കാർക്ക് എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യത്തിലേക്ക് ബാങ്ക് അതിവേഗം മുന്നേറുകയാണ്. ഇടപാടുകാരുടെ താല്പര്യങ്ങളിൽ കോവിഡ് വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ ഏറെ വർധിച്ചു. ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ യോനോ വിപുലപ്പെടുത്തി ഒട്ടുമിക്ക ഇടപാടുകളും അതിലൂടെ അനായാസം ചെയ്യാനാവും വിധം ക്രമീകരിച്ചിട്ടുണ്ട്. വീട്ടിലിരുന്നു ജോലി എന്ന നയം എവിടെയിരുന്നും ജോലി എന്നാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.