വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ ഗ്രേഡ്–2 തസ്തിക നിർത്തലാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിൽ നിന്നു വ്യക്തത തേടാൻ പിഎസ്‌സി തീരുമാനിച്ചു. മറുപടി ലഭിക്കും വരെ ഈ തസ്തികയുടെ നിയമന നടപടികൾ നിർത്തിവയ്ക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനിരുന്നതാണെങ്കിലും തൽക്കാലം വേണ്ടെന്നു വച്ചിട്ടുണ്ട്. സർക്കാരിൽ നിന്നു കൂടുതൽ വ്യക്തത വരുംവരെ പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരാസൂത്രണം, മുനിസിപ്പൽ കോമൺ സർവീസ് തുടങ്ങിയവയിലേക്ക് പുതിയ വിജ്ഞാപനങ്ങൾ ഉണ്ടാവില്ല. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ ഈ വകുപ്പുകളിൽ ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ നടത്തും. 

നിലവിലുള്ള വിഇഒ ഗ്രേഡ്– 2 റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ശേഷം  ഈ തസ്തിക വാനിഷിങ് കാറ്റഗറിയാക്കുമെന്നും ഈ തസ്തികയിലെ ഒഴിവുകൾ ക്ലാർക്ക് തസ്തികയാക്കി മാറ്റുമെന്നുമാണ് ജൂലൈ പതിനേഴിലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ വിഇഒ തസ്തികയ്ക്ക് ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ല. മുൻ റാങ്ക് ലിസ്റ്റുകൾ കഴിഞ്ഞ വർഷം റദ്ദായതാണ്. 

പുതിയ പരീക്ഷ നടത്തിയതിന്റെ ഉത്തരക്കടലാസ് മൂല്യനിർണയം അവസാന ഘട്ടത്തിലാണ്.  ഒാഗസ്റ്റിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച േശഷമാണോ തസ്തിക നിർത്തലാക്കുന്നതെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത തേടാൻ പിഎസ്‌സി തീരുമാനിച്ചത്. വിഇഒ ഗ്രേഡ്–2 തസ്തിക നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വാർത്തയും പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ആശങ്കകളും കഴിഞ്ഞ ലക്കം തൊഴിൽവീഥി പ്രസിദ്ധീകരിച്ചിരുന്നു.

English Summary : Kerala PSC VEO Rank List