ഈ ഓറഞ്ചു വിൽപനക്കാരൻ എങ്ങനെയാണ് ഒരു നാടിന്റെ ഹീറോ ആയത്?

ഭാര്യയും നാലു മക്കളുമുള്ള കുടുംബം പുലർത്താനായി ഓറഞ്ചു വില്പന നടത്തിയിരുന്ന ഹരേക്കള ഹജ്ജബ്ബ ഇന്ന് ഒരു നാടിനു മുഴുവൻ വെളിച്ചമാണ്.’ദി റിയൽ ഹീറോ’ എന്ന് ഒരു നാടു മുഴുവൻ വിളിച്ചത് ഈ മനുഷ്യനെയാണ്. മംഗളുരു സർവകലാശാലയുടെ ബിരുദ പുസ്തകങ്ങളിൽ മധുരാക്ഷരങ്ങൾ എന്ന പേരിൽ വിദ്യാർഥികൾ പഠിക്കുന്നത് ഈ മധുരനാരങ്ങ വില്പനക്കാരന്റെ ജീവിതമാണ്...

ഹരേക്കള ഹജ്ജബ്ബ എങ്ങനെയാണ്  ഹീറോ ആയത്?
വിദ്യാഭ്യാസം എന്നതു കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നുകളിൽ ഹജ്ജബ്ബ കച്ചവടം ചെയ്യുന്നത് ഓറഞ്ചുകൾ മാത്രമാണ്..കുടുംബത്തിനു വേണ്ടി പോലും ചെലവാക്കാതെ ഉറുമ്പു ധാന്യമണി ശേഖരിക്കുന്നതു പോലെ പൈസ സ്വരുക്കൂട്ടുന്നതു നാട്ടിലെ കുഞ്ഞുങ്ങൾക്കു അക്ഷരങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകരാനാണ്...വലുപ്പമേറിയ ഓറഞ്ചുകുട്ട തലയിൽ ചുമന്നു വിയർത്തൊലിച്ചു കച്ചവടം ചെയ്യുന്നത‌ു സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപകർക്കു ശമ്പളം നല്കുന്നതിനുമാണ്.. പിന്നെ എങ്ങനെയാണ് ഹജ്ജബ്ബ ഹീറോ അല്ലാതാകുന്നത്?  

ദക്ഷിണ കർണാടകയിലെ ന്യൂ പദപ്പ അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത ഒരു ഗ്രാമമാണ്...പൊട്ടിപൊളിഞ്ഞ റോഡുകൾ നിറഞ്ഞ, അടിയന്തിരാവശ്യങ്ങൾക്കു പോലും വാഹനങ്ങൾ ഇല്ലാത്ത,നല്ല വീടുകൾ പോലുമില്ലാത്ത ഈ ഗ്രാമത്തിൽ പക്ഷെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന, 400 ലധികം വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയമുണ്ട്. ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയർ പ്രൈമറി സ്കൂൾ, ന്യൂ പദപ്പ. ഒന്നര ഏക്കറിൽ രണ്ടു കെട്ടിടങ്ങളിലായി 6ാം ക്ലാസ്സുവരെ ഇവിടെ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. ഉയരം കുറഞ്ഞു മെലിഞ്ഞ ഹജ്ജബ്ബയെന്ന ആ ഓറഞ്ച് വില്പനക്കാരനാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.

ഹജ്ജബ്ബ ഓറഞ്ചു കച്ചവടം തുടങ്ങുന്നതു 1970കളിലാണ്. നിരക്ഷരനാണെങ്കിലും കന്നഡയും തുളുവും ബ്യാരിയുമെല്ലാം നന്നായി സംസാരിക്കുന്ന ഹജ്ജബ്ബയ്ക്കു പക്ഷെ വിദേശികളുമായുള്ള കച്ചവടത്തിനു ഭാഷയൊരു വലിയ പ്രശ്നമായിരുന്നു. വിദ്യാലയമില്ലാത്ത തന്റെ ഗ്രാമം, ഈ  തലമുറക്കു മാത്രമല്ല ഇനി വരുന്ന തലമുറക്കും അക്ഷരങ്ങളിലൂടെയുള്ള അറിവു നിഷേധിക്കുമല്ലോ എന്ന ചിന്ത ഹജ്ജബ്ബയുടെ ഉറക്കം നഷ്ടപ്പെടുത്തി. ഉറക്കമില്ലാത്ത  രാത്രികളിൽ ഹജ്ജബ്ബ കണ്ട സ്വപ്നം എന്നും ഒന്നുതന്നെയായിരുന്നു. തന്റെ നാട്ടിലെ കുട്ടികൾക്ക് ഒരു സ്കൂൾ. ഒരു ഓറഞ്ചു വില്പനക്കാരന്റെ അതിമോഹമായിരുന്നില്ല ആ സ്വപ്നം. പതുക്കെ പതുക്കെ ഹജ്ജബ്ബ ആ സ്വപ്നത്തിനു നിറങ്ങൾ നൽകി. ഓറഞ്ചു വിറ്റുകിട്ടുന്ന തുകയിൽ നിന്നു നല്ലൊരു പങ്കു തന്റെ സ്വപ്നപൂർത്തീകരണത്തിനായി മാറ്റിവെച്ചു. അങ്ങനെ ആ ദിവസം വന്നെത്തി,1999 ജൂൺ 6. ഹരേക്കളയിലെ ത്വാഹാ മസ്ജിദിന്റെ ഒരു ചെറിയ മുറിയിൽ ഹജ്ജബ്ബ തന്റെ സ്കൂൾ തുടങ്ങി. അത്രയും മനോഹരമായ ഒരു ദിവസം അന്നോളം ഹജ്ജബ്ബയുടെ ജീവിതത്തിൽ ഉണ്ടായികാണില്ല. 

തന്റെ ഗ്രാമത്തിനു മുഴുവനായി അറിവിന്റെ വിളക്കു കത്തിച്ചു പകർന്നുനൽകുന്നതിന്റെ ഒരു ചെറിയ തുടക്കം മാത്രമായിരുന്നു അത്. പക്ഷെ യഥാർത്ഥ പ്രശ്നം തുടങ്ങുകയായിരുന്നു. സ്കൂളിൽ ചേരാൻ ഒരു കുട്ടി പോലുമില്ല. ആകെ വിഷമവൃത്തത്തിലകപെട്ടുപോയ നിമിഷങ്ങൾ...പക്ഷെ തോറ്റുകൊടുക്കാൻ ആ മനുഷ്യനു കഴിയുമായിരുന്നില്ല. ഓരോ വീട്ടിലും കയറിയിറങ്ങിയ അയാൾ ഒടുവിൽ 28 കുട്ടികളെ തന്റെ സ്കൂളിൽ പഠിക്കാൻ എത്തിച്ചു. ഓറഞ്ചുവിറ്റു കിട്ടുന്ന പൈസ മാസാവസാനങ്ങളിലേക്കു മാറ്റിവെച്ചു. തന്റെ കുട്ടികളെ പഠിപ്പിക്കാനെത്തിയ അധ്യാപികക്ക് ശമ്പളം നൽകാനായി.

സ്കൂളിന്റെ അംഗീകാരം പോലുള്ള കടമ്പകൾ പിന്നെയും വലിയ വാപിളർത്തി ഹജ്ജബ്ബയെ വിഴുങ്ങാനൊരുങ്ങിയെങ്കിലും ഓറഞ്ചു വില്പന പോലും മാറ്റിവെച്ചു ആ മനുഷ്യൻ അതിനായി തുനിഞ്ഞിറങ്ങിയപ്പോൾ തോറ്റുകൊടുക്കാനേ അധികാരികൾക്കു കഴിഞ്ഞുള്ളു. ഓറഞ്ചു വില്പന നടക്കാതിരുന്ന ആ ദിനങ്ങളിൽ സ്വന്തം വീട്ടിലെ അടുപ്പു പുകഞ്ഞില്ലെന്ന സത്യം പിന്നെയുള്ള ദിവസങ്ങളിൽ ഭാര്യയും മക്കളും ബീഡിതെറുപ്പിനു പോയപ്പോഴാണ് ഹജ്ജബ്ബ മനസിലാക്കിയത്. ആ വലിയ ഉദ്യമത്തിനു മനസ്സുകൊണ്ടും കർമം കൊണ്ടും പിന്തുണ നൽകുകയായിരുന്നു ആ ഭാര്യയും മക്കളും.

ഒറ്റമുറി കെട്ടിടത്തിലെ സ്കൂളിനു അംഗീകാരം ലഭിച്ചെങ്കിലും എത്രയും പെട്ടന്നു സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന നിബന്ധനയും കൂടെയുണ്ടായിരുന്നു. പിന്നീടു കടം വാങ്ങലുകളുടെയും യാചനയുടെയും  നാളുകളായിരുന്നു. വലിയ വാതിലുകളിലും ചെറിയ വാതിലുകളും ഒരുപാടു തവണ മുട്ടിയപ്പോൾ ആ തകര പെട്ടിയിൽ 50000ത്തോളം രൂപ നിറഞ്ഞു. അങ്ങനെ സ്കൂളിനായി 2001ൽ 40 സെന്റ് സ്ഥലം വാങ്ങി. കേട്ടറിഞ്ഞും കണ്ടറിഞ്ഞും പിന്നീടു ഒരുപാടു പേർ സഹായവുമായെത്തി. കന്നഡപ്രഭയെന്ന പത്രം അവരുടെ ആ വർഷത്തെ മാന് ഓഫ് ദി ഇയർ പുരസ്‌കാരം നൽകി ഹജ്ജബ്ബയെ ആദരിച്ചു. കൂടെ സമ്മാനത്തുകയായി ഒരു ലക്ഷം രൂപയും നൽകി. സ്കൂളിന്റെ നിർമാണ ചെലവിലേക്കു ആ തുക മാറ്റിവെക്കുവാൻ ഹജ്ജബ്ബയ്ക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പിന്നീടും നിരവധി പുരസ്‌കാരങ്ങൾ ആ ‘ചെറിയ, വലിയ’ മനുഷ്യന് ലഭിച്ചു. സിഎൻഎൻ-ഐബിഎൻ 2007ൽ ‘ദി റിയൽ ഹീറോ’ പുരസ്‌കാരം നൽകിയപ്പോൾ  ലഭിച്ച അഞ്ചുലക്ഷം രൂപയും തന്റെ സ്കൂൾ നിർമാണത്തിലേക്കാണ് അദ്ദേഹം മാറ്റിവെച്ചത്. ആ ചാനൽ പരിപാടിയുടെ അവതാരകൻ ബോളിവുഡിന്റെ സ്വന്തം ആമീർ ഖാനും ഹജ്ജബ്ബയെ കുറിച്ചുള്ള ആമുഖം വായിച്ചത് മലയാളത്തിന്റെ പ്രിയ മോഹൻലാലുമായിരുന്നു.

2011 ലെ കർണാടക സർക്കാരിന്റെ രാജ്യോത്സവ് പുരസ്കാരവും ഹജ്ജബ്ബയ്ക്കു തന്നെയായിരുന്നു. ഒന്നര ഏക്കറിൽ രണ്ടു കെട്ടിടങ്ങളും പത്തു ക്ലാസ് മുറികളുമുള്ള ഒരു സ്കൂൾ ഇന്ന് ന്യൂ പദപ്പ എന്ന ആ ഗ്രാമത്തിനു സ്വന്തമാണ്. ഹജ്ജബ്ബയെന്ന സാധാരണക്കാരനായ മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ പൂർത്തീകരണമാണ് ആ വിദ്യാലയം. ഇരുൾ മൂടുമായിരുന്ന ഒരു ഗ്രാമത്തിലേക്ക് അറിവിന്റെ ഒരു തിരിവെട്ടം പകർന്നു നൽകി, അതൊരു വലിയ വെളിച്ചമായി കാണാൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്ത ഹജ്ജബ്ബ, എന്നും എപ്പോഴും ഒരു ‘സൂപ്പർ ഹീറോ’ തന്നെയല്ലേ?

Education News>>