സുപ്രീം കോടതി കനിഞ്ഞാൽ 44 പേരും പഠിക്കും

കണ്ണൂർ, കരുണ മെഡിക്കൽ കോളജ് ബിൽ ഗവർണർ തടഞ്ഞതു കൊണ്ടു സർക്കാർ മാത്രമല്ല, പ്രവേശന മേൽനോട്ട സമിതിയും വലിയൊരു പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെട്ടു.

അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലും പാലക്കാട് കരുണയിലും പ്രവേശനത്തിൽ ക്രമക്കേട് കണ്ടെത്തിയതു പ്രവേശന മേൽനോട്ട സമിതിയായിരുന്നു.എന്നാൽ ഇതേ സമിതിയെക്കൊണ്ട് പ്രവേശനം പുനഃ പരിശോധിപ്പിച്ചു ക്രമപ്പെടുത്താനുള്ള വ്യവസ്ഥയാണ് വിവാദ ബില്ലിൽ സർക്കാർ ഉൾപ്പെടുത്തിയത്. ജസ്റ്റിസ് ജെ.എം.ജയിംസ് അധ്യക്ഷനായിരിക്കെയാണ് കമ്മിറ്റി ഈ കോളജുകളിലെ പ്രവേശനം അസാധുവാക്കിയത്. ഇപ്പോൾ ജസ്റ്റിസ് ആർ.രാജേന്ദ്രബാബുവാണ് അധ്യക്ഷൻ.കമ്മിറ്റി സംവിധാനം തുടർ പ്രക്രിയ ആയതിനാൽ അധ്യക്ഷൻ മാറിയാലും വ്യക്തമായ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ്  തീരുമാനങ്ങൾ എടുക്കുന്നത്. 

വിദ്യാർഥികളെ പുറത്താക്കാനുള്ള ജയിംസ് കമ്മിറ്റിയുടെ തീരുമാനം സുപ്രീം കോടതി രണ്ടു തവണ ശരി വച്ചിരിക്കെ അതേ വിദ്യാർഥികളുടെ പ്രവേശനം പരിശോധിച്ചു രാജേന്ദ്രബാബു കമ്മിറ്റി  ശരിവയ്ക്കണമെന്ന നിർദേശം കമ്മിറ്റിയെ പ്രതിസന്ധിയിലാക്കുമായിരുന്നു. ഗവർണർ ഇടപെട്ട് ബിൽ തടഞ്ഞതോടെ കമ്മിറ്റി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ചേർന്നപ്പോൾ ഗവർണർ തടഞ്ഞു വച്ച ബില്ലിനെക്കുറിച്ചു ചർച്ചയൊന്നും നടന്നില്ല. ഇതേക്കുറിച്ചു  കൂടുതൽ ചർച്ച ചെയ്തിട്ടും പ്രയോജനമില്ലെന്ന നിലപാടിലായിരുന്നു ആരോഗ്യ മന്ത്രി. മറ്റു മന്ത്രിമാരും ഇതേ നിലപാടിൽ ആയിരുന്നതിനാൽ വിഷയം ആരും ഉന്നയിച്ചില്ല. ചർച്ച ചെയ്താലും കാര്യമായ പരിഹാര നടപടികളൊന്നും സർക്കാരിനു മുന്നിലില്ല. ബില്ലിനെതിരെ കർശന നിലപാട് സ്വീകരിച്ച ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനോടു ഭരണ നേതൃത്വത്തിലെ ചിലർക്ക് അതൃപ്തിയുണ്ട്.എന്നാൽ അദ്ദേഹം സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്നവരും മറുഭാഗത്തുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റുന്ന പോലുള്ള കർശന നടപടികളിലേക്ക് സർക്കാർ ഉടൻ കടക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ചെയ്താൽ സർക്കാരിന്റെ പ്രതിച്ഛായയെ ആയിരിക്കും ബാധിക്കുക.

എംബിബിഎസിന് ഒരു മെറിറ്റ് സീറ്റ് പോലും നഷ്ടപ്പെടാതിരിക്കാൻ വാശിയോടെ മുഴുവൻ സീറ്റിലും പ്രവേശനം നടത്തി അതിന്റെ പേരിൽ സുപ്രീം കോടതിയുടെ ശാസനയ്ക്ക് ഇരയായ ആളാണ് രാജീവ് സദാനന്ദൻ .2013ൽ മാനേജ്മെന്റുകൾ നൽകിയ കോടതി അലക്ഷ്യക്കേസിൽ സുപ്രീം കോടതിയുടെ ശാസന ഏറ്റു വാങ്ങിയെങ്കിലും ഒരു മെറിറ്റ് സീറ്റു പോലും മാനേജ്മെന്റിനു നൽകാതെ പ്രവേശനം നടത്താൻ അദ്ദേഹത്തിനും അന്നത്തെ പ്രവേശന പരീക്ഷാ കമ്മിഷണർ ബി.എസ്.മാവോജിക്കും സാധിച്ചിരുന്നു. അതേസമയം, കണ്ണൂർ മെഡിക്കൽ കോളജിലെ മെറിറ്റുള്ള 44 വിദ്യാർഥികളുടെ കാര്യം അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിലെ ഹർജിക്കാരൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആയതിനാൽ ഇവരുടെ കാര്യം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ പ്രയോജമില്ല. സുപ്രീം കോടതി കനിഞ്ഞാൽ മാത്രമേ ഇവർക്കു പഠനം സാധ്യമാകൂ. അതിനു നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കേണ്ടി വരും.