ആഗോള ഐക്യു ടെസ്റ്റിന്റെ നെറുകയിലൊരു ഇന്ത്യക്കാരന്‍

ലോക ഇന്റലിജന്‍സ് ക്വോഷ്യന്റ് (ഐക്യു) ടെസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഒടുവിലൊരു ഇന്ത്യക്കാരന്‍. കൊല്‍ക്കത്ത സ്വദേശി അമിത് സഹായ് എന്ന 43കാരനാണ് 148 എന്ന സ്‌കോറുമായി ഐക്യു ടെസ്റ്റില്‍ ഒന്നാമത് എത്തിയത്. രണ്ടു അമേരിക്കക്കാര്‍ക്കൊപ്പമാണ് അമിത് ഒന്നാം സ്ഥാനം പങ്കിട്ടത്. ലോക ജനസംഖ്യയുടെ രണ്ടു ശതമാനത്തിനു മാത്രമാണ് 130 നു മുകളില്‍ ഐക്യു സ്‌കോറുള്ളതായി കണക്കാക്കുന്നത്. 

ഐടി പ്രഫഷനലായ അമിത് ഇന്റര്‍നാഷനല്‍ ഹൈ ഐക്യു സൊസൈറ്റി അംഗം കൂടിയാണ്. ബുദ്ധി വെറും ആപേക്ഷികമായ പദമാണെന്നും ശരിയായ അഭിരുചിയുള്ള ആര്‍ക്കും മറികടക്കാവുന്ന ടെസ്റ്റ് സ്‌കോറാണു തന്റേതെന്നുമാണ് അമിത്തിന്റെ അഭിപ്രായം. 

ഐക്യു വേള്‍ഡ് എല്‍എല്‍സി എന്ന അമേരിക്കന്‍ കമ്പനിയാണു മുതിര്‍ന്നവരുടെ ഐക്യു അളക്കുന്ന ഐക്യു ടെസ്റ്റ് നടത്തിയത്. വ്യക്തികള്‍, സ്‌കൂളുകള്‍, കമ്പനികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കായി 1973 മുതല്‍ ഐക്യു പരീക്ഷകള്‍ കമ്പനി നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള എച്ച്ആര്‍ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ ഐക്യു വേള്‍ഡ് എല്‍എല്‍സിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഇന്ത്യന്‍ വംശജരായ വിദ്യാർഥികളായ ആര്‍ണവ് ശര്‍മ, രാജ്ഗൗരി പവാര്‍ എന്നിവര്‍ ഐക്യു അളക്കുന്ന മെന്‍സ ടെസ്റ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം മുന്‍പു നടത്തിയിട്ടുണ്ട്. 162 എന്ന ഐക്യു സ്‌കോര്‍ ഈ വിദ്യാർഥികള്‍ മെന്‍സ ടെസ്റ്റില്‍ സ്വന്തമാക്കിയിരുന്നു. ഐക്യുവിന്റെ കാര്യത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയുമെല്ലാം പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഈ വിദ്യാർഥികളുടേത്.


Education News>>