‘സമഗ്ര ശിക്ഷ’ നിലവിൽ വന്നു

സ്കൂൾ വിദ്യാഭ്യാസ രംഗത്തെ സർവശിക്ഷാ അഭിയാനും(എസ്എസ്എ)രാഷ്ട്രീയ മാധ്യമിക് ശിക്ഷാ  അഭിയാനും(ആർഎംഎസ്എ)ലയിപ്പിച്ചുള്ള പുതിയ സംവിധാനം സംസ്ഥാനത്തു നിലവിൽ വന്നു.

ഇതിനായി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്കൂൾ എജ്യുക്കേഷൻ ഡവലപ്മെന്റ് സൊസൈറ്റി കേരള(സെഡസ്ക്)എന്ന പേരിൽ സൊസൈറ്റി റജിസ്റ്റർ ചെയ്തു. എസ്എസ്എയും ആർഎംഎസ്എയും ലയിപ്പിച്ചുള്ള‘ സമഗ്ര ശിക്ഷ’ നടപ്പാക്കുന്നത് സെഡസ്ക് മുഖാന്തരം ആയിരിക്കും.എസ്എസ്എ ഡയറക്ടർ എ.പി.കുട്ടികൃഷ്ണൻ തന്നെ തൽക്കാലം ‘സമഗ്ര ശിക്ഷ’യുടെ ഡയറക്ടറായി തുടരും.

കേന്ദ്ര നിർദേശം അനുസരിച്ചു രണ്ടു സ്ഥാപനങ്ങളും ലയിപ്പിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.എസ്എസ്എയും ആർഎംഎസ്എയും രണ്ടു സൊസൈറ്റികളുടെ കീഴിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.പുതിയ സൊസൈറ്റി വന്നതോടെ ഇവ ഇല്ലാതാകും.

രണ്ടു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരെയും തൽക്കാലം നിലനിർത്താനാണു തീരുമാനം.എസ്എസ്എ സംസ്ഥാന ഓഫിസാണ് ‘സമഗ്ര ശിക്ഷ’യുടെ ആസ്ഥാനം.പുതിയതായി റജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ ഭരണ സമിതിയെ നിയമിക്കുകയും ചട്ടങ്ങൾ തയാറാക്കുകയും ചെയ്യണം.തുടർന്ന് സ്ഥിരം ഡയറക്ടറെ നിയമിക്കും.ഭരണ സമിതി യോഗം ചേർന്നു ‘സമഗ്ര ശിക്ഷ’യിൽ എത്ര തസ്തിക വേണമെന്നു തീരുമാനിക്കും.ഇതിനു മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ചു ജീവനക്കാരുടെ സ്ഥിരം നിയമനം നടക്കും.