നിങ്ങളൊരു ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്നു. അടുത്തിരിക്കുന്ന ആള്‍ക്കു പെട്ടെന്നൊരു നെഞ്ചുവേദന വരുന്നു. നിങ്ങള്‍ എന്തു ചെയ്യും. അല്ലെങ്കില്‍ സുഹൃത്തുക്കളുമായി വഴിയില്‍ കൂടി നടക്കുമ്പോള്‍ കൂടെയുള്ളയാളെ ഒരു പട്ടി കടിക്കുന്നു. പെട്ടെന്ന് എന്തു ചെയ്യണം. നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ എന്തു ചെയ്യണം എന്നതിനെ കുറിച്ചു നല്ലൊരു ശതമാനം പേര്‍ക്കും അറിയില്ല എന്നതാണു സത്യം. പ്രാഥമിക ആരോഗ്യ പരിചരണത്തെ കുറിച്ചുള്ള ശരിയായ അറിവോ പരിശീലനമോ ലഭിക്കാത്തതാണു കാരണം. 

ഇതിനൊരു പരിഹാരവുമായി എത്തുകയാണു സെന്‍ട്രല്‍ ബ്യൂറോ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സിബിഎസ്ഇ). കുട്ടികള്‍ക്കു പ്രാഥമിക ആരോഗ്യ പരിചരണത്തെ കുറിച്ച് അറിവ് പകര്‍ന്ന് നല്‍കാന്‍ സ്‌കൂള്‍ തലത്തില്‍ ഒരു ആരോഗ്യ ശാസ്ത്ര(ഹെല്‍ത്ത് സയന്‍സ്) വിഷയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണു സിബിഎസ്ഇ.

ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്കാണു ഹെല്‍ത്ത് സയന്‍സ് വിഷയം പഠിക്കാനുണ്ടാകുക. ഇതിനു വേണ്ടി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ചേര്‍ന്നു തയ്യാറാക്കിയ സിലബസ് സിബിഎസ്ഇയുടെ നിലവിലെ പാഠ്യക്രമത്തിലേക്കു ചേര്‍ക്കും. 

ഫസ്റ്റ് എയ്ഡ് അഥവാ പ്രാഥമിക ആരോഗ്യ പരിചരണം ലഭിച്ചാല്‍ നല്ലൊരു ശതമാനം മരണങ്ങളും ഒഴിവാക്കാനുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. പുതിയ സിലബസ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം അവലോകനം ചെയ്ത ശേഷം അടുത്ത അക്കാദമിക വര്‍ഷം അവതരിപ്പിക്കും.