പ്രായം വെറും 13 വയസ്സ്. പക്ഷേ, പഠിപ്പിക്കുന്നതു നാളെ ഇന്ത്യയുടെ ഭരണചക്രം തിരിച്ചേക്കാവുന്ന സിവില്‍ സര്‍വീസ് പരീക്ഷാ മോഹികളെ. അമര്‍ സാത്വിക് തൊഗിടിയെന്ന ഈ കൊച്ചു മിടുക്കന്‍ യുപിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന നിരവധി പേര്‍ക്കു യൂടൂബ് ഗുരുവാണ്. 

2016 മാര്‍ച്ചില്‍ അമര്‍ സാത്വിക് ആരംഭിച്ച 'ലേണ്‍ വിത്ത് അമര്‍' എന്ന യൂടൂബ് ചാനലിന് ഇന്ന് വരിക്കാര്‍ രണ്ടു ലക്ഷത്തിലധികം. 30 വിഡിയോകള്‍ കൊണ്ട് അമര്‍ നേടിയെടുത്തതാകട്ടെ ഒന്നേ കാല്‍ കോടിയിലേറെ കാഴ്ചക്കാരെയും. ഭൂമിശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന ട്രിക്കുകളാണ് അമര്‍ തന്റെ വിഡിയോകളിലൂടെ പങ്കു വയ്ക്കുന്നത്. 

രാജ്യങ്ങളുടെയും പുഴകളുടെയും പേരുകളും അവയുടെ സ്ഥാനങ്ങളുമൊക്കെ എളുപ്പത്തില്‍ ഓര്‍ക്കാനുള്ള തത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമറിന്റെ സഹോദരന്‍ പത്തു വയസ്സുകാരന്‍ ആങ്ക് വിഗ്നേഷും ഇതേ ചാനലില്‍ വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായ പിതാവ് ഗോവര്‍ദ്ധന്‍ ആചാരി തൊഗിടിയാണ് മക്കളെ ഈ ട്രിക്കുകളെല്ലാം പഠിപ്പിച്ചത്. മറ്റ് അധ്യാപകര്‍ക്ക് വേണ്ടി പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഗോവര്‍ദ്ധന്‍ അധ്യാപകരെ പഠിപ്പിക്കുന്ന ട്രിക്കുകളാണു തന്റെ മക്കള്‍ക്കും പകര്‍ന്നു നല്‍കിയത്. ഒരു ദിവസം അമര്‍ പിതാവിനെ അനുകരിച്ചു ക്ലാസെടുത്തത് അമ്മ വിഡിയോയില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തു. ഇതിനു ലഭിച്ച മികച്ച പ്രതികരണമാണ് ഒരു യൂടൂബ് ചാനലെന്ന ആശയത്തിലേക്ക് അമറിനെയും സഹോദരനെയും എത്തിച്ചത്. 

ആഴ്ചാവസാനങ്ങളിലാണ് അമര്‍ വിഡിയോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. കയ്യടികള്‍ മാത്രമല്ല, ഇടയ്ക്ക് വിമര്‍ശനങ്ങളും അമറിനെ തേടിയെത്താറുണ്ട്. പഠിപ്പിക്കുന്നതു ഭൂമിശാസ്ത്രമാകയാല്‍ ഇടയ്ക്കു ചില തര്‍ക്ക പ്രദേശങ്ങള്‍ വിഡിയോയില്‍ പരാമര്‍ശിക്കേണ്ടി വരും. ഇവയെ ചുറ്റിപറ്റിയാണു വിമര്‍ശനങ്ങളില്‍ അധികവും. 

ഭൂമിശാസ്ത്ര പാഠങ്ങള്‍ക്കൊപ്പം ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും വിഡിയോകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് അമറും സഹോദരനും. വലുതാകുമ്പോള്‍ ഒരു സിവില്‍ സര്‍വീസുകാരനായി രാജ്യത്തെ അഴിമതി മുക്തമാക്കണമെന്നാണ് അമറിന്റെ ആഗ്രഹം.