പരീക്ഷയില്ല, മൂല്യ നിര്‍ണ്ണയമില്ല. എന്തിന്... വായിക്കാന്‍ പുസ്തകങ്ങള്‍ പോലുമില്ല. ഇങ്ങനെയൊരു വിഷയം പഠിക്കാന്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും. പൂര്‍ണ്ണമായും പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ, കാണാപാഠം വായിച്ചു പഠിക്കാന്‍ ഒന്നുമില്ലാത്ത ഒരു വിഷയം. സംഗതി പൊളിക്കും അല്ലേ. പുതുമകള്‍ പരീക്ഷിക്കാന്‍ മടി കാണിക്കാത്ത ഡല്‍ഹി വിദ്യാഭ്യാസ വകുപ്പാണു സംരംഭകത്വം എന്ന വിഷയത്തില്‍ ഇങ്ങനെയൊരു പാഠ്യപദ്ധതിയുമായി എത്തുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ 15 മുതല്‍ 20 സ്‌കൂളുകളിലാണ് ഏപ്രില്‍ മാസത്തില്‍ സംരംഭകത്വ പാഠ്യപദ്ധതി അവതരിപ്പിക്കുന്നത്. പിന്നീട് എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകളിലും ജൂലൈ മുതല്‍ പുതിയ വിഷയം ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ(എസ്‌സിഇആര്‍ടി) ഗവേണിങ്ങ് കൗണ്‍സില്‍ സംരംഭകത്വ പാഠ്യക്രമത്തിന്റെ ചട്ടക്കൂടിന് അംഗീകാരം നല്‍കി. എസ്‌സിഇആര്‍ടി, എന്‍സിഇആര്‍ടി അധ്യാപകര്‍, പ്രമുഖ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍, സംരംഭകത്വ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ തുടങ്ങിയവര്‍ അംഗങ്ങളായ 16 അംഗ സമിതിയാണു ചട്ടക്കൂടിന് രൂപം നല്‍കിയത്. 

പരീക്ഷയും മൂല്യനിര്‍ണ്ണയവും പുസ്തകവുമൊന്നും ഇല്ലെങ്കിലും പാഠ്യക്രമത്തില്‍ അധിഷ്ഠിതമായ പഠന സെഷനുകള്‍ വിഷയത്തില്‍ ഉണ്ടാകും. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെയാണു സംരംഭകത്വ പാഠ്യപദ്ധതി പഠിപ്പിക്കുക. പഠനശേഷമുള്ള ഭാവിയ്ക്കായി വിദ്യാർഥികളെ ഒരുക്കുകയാണു പാഠ്യപദ്ധതിയുടെ ലക്ഷ്യം. ബിസിനസ്സിനെ കുറിച്ചു മാത്രമാവില്ല പുതിയ വിഷയത്തിലെ ക്ലാസുകള്‍. ജീവിതനൈപുണ്യങ്ങള്‍, പെരുമാറ്റത്തില്‍ പുലര്‍ത്തേണ്ട മര്യാദകള്‍, ഉപചാരക്രമങ്ങള്‍ തുടങ്ങിയവയിലും വിദ്യാർഥികള്‍ക്കു പരിശീലനം നല്‍കും.