കേരളത്തിലെ സർക്കാർ / എയ്ഡഡ് / അംഗീകൃത സ്കൂളിലോ കേന്ദ്രീയ / നവോദയ വിദ്യാലയത്തിലോ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള നാഷനൽ ടാലന്റ് സെർച് എക്സാമിനു (എൻടിഎസ്ഇ) പ്രാഥമിക വിജ്ഞാപനമായി.

സംസ്ഥാനതലത്തിലും, തുടർന്ന് മികവുള്ളവർ ദേശീയതലത്തിലും മത്സരിക്കുന്ന പ്രതിഭാനിർണയപരീക്ഷയിലൂടെ പിഎച്ച്ഡി തലം വരെ സ്കോളർഷിപ് നേടാൻ കഴിയും. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌ വഴി, 18 വയസ്സിൽ താഴെയുള്ള, ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഒൻപതിൽ നേടിയിരിക്കേണ്ട മിനിമം മാർക് എത്രയെന്ന് പിന്നീട് അറിയിക്കും. സാമർഥ്യം തെളിയിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ദേശീയതലത്തിൽ 2000 സ്കോളർഷിപ്പുകൾ നൽകും. ഇതിൽ ജാതിസംവരണം പാലിക്കും.

11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ 1250 രൂപ, ബിരുദത്തിനും പിജി ബിരുദത്തിനും 2000 രൂപ എന്ന ക്രമത്തിലാണു പ്രതിമാസ സ്കോളർഷിപ്. പിഎച്ച്ഡി തലത്തിലെത്തുമ്പോൾ യുജിസി മാനദണ്ഡപ്രകാരവും.

പരീക്ഷ 2 ഘട്ടങ്ങളിൽ

കേരളത്തിലെ സ്ക്രീനിങ് ടെസ്റ്റ് നവംബർ മൂന്നിന്. രണ്ടു പേപ്പറുകൾ. ഓരോന്നിലും 100 ഒബ്ജെക്ടീവ് ചോദ്യങ്ങൾ, 120 മിനിറ്റ് വീതം.

1) മാനസികശേഷി, 2) സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂ‍ഡ് ടെസ്റ്റ്. ഇതിൽ സോഷ്യൽ സയൻസ്, മാത്‌സ്, സയൻസ് വിഷയങ്ങൾ. നെഗറ്റീവ് മാർക്കില്ല. ഈ പരീക്ഷയിൽ മികവുള്ള 220 പേരെ 2020 മേയ് 10ന് ദേശീയതലത്തിലെ രണ്ടാം ഘട്ട പരീക്ഷയിലേക്കു തിരഞ്ഞെടുക്കും. പേപ്പറുകളുടെ ഘടന ആദ്യഘട്ടത്തിലേതു തന്നെ. ഇതിന്റെ വിശദാംശങ്ങൾ നൽകുന്ന ‘ലേൺ എബൗട്ട് ദ് ടെസ്റ്റ്’ എന്ന പുസ്തകം www.ncert.nic.in എന്ന സൈറ്റിൽ വരും.

വിദേശത്തു 10ൽ പഠിക്കുന്ന കുട്ടികൾക്ക് ആദ്യഘട്ട പരീക്ഷയെഴുതാതെ രണ്ടാം ഘട്ടത്തിൽ നേരിട്ടെഴുതാൻ അനുമതി കിട്ടും. പരീക്ഷ എഴുതാൻ നാട്ടിൽ വരണം. കേരളത്തിലെ ആദ്യഘട്ട പരീക്ഷ സംബന്ധിച്ച വിശദമായ അറിയിപ്പ് www.scert.kerala.gov.in എന്ന സൈറ്റിൽ വരും. ഇതു വൈകിയേക്കാം. അതുവരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ ബന്ധപ്പെട്ട പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, മുൻചോദ്യക്കടലാസുകൾ എന്നിവയുടെ സഹായത്തോടെ പരിശീലനം തുടങ്ങുന്നതു നന്ന്.

സംശയപരിഹാരത്തിന് ഫോൺ : 0471-2346113,ഇ–മെയിൽ : ntsescertkerala@gmail.com.

ദേശീയതലത്തിലെ വിവരങ്ങൾക്ക് ഫോൺ: 09718106995,ഇ–മെയിൽ : esdhead@gmail.com

വെബ്സൈറ്റ്: www.ncert.nic.in.