ഏപ്രിൽ 5, 6, 7 തീയതികളിൽ നടക്കുന്ന, ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളജിന്റെ ടെക്നോ കൾചറൽ ഫെസ്റ്റ് ആഗ്നേയയെ വരവേൽക്കാൻ ട്രിവാൻഡ്രം സ്പോർട്സ് ഹബ് ഒരുങ്ങി. തെക്കേഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ കോളജ് ഫെസ്റ്റ് എന്ന ബഹുമതി 2008-ൽ കരസ്ഥമാക്കിയ ആഗ്നേയയുടെ പന്ത്രണ്ടാം എഡിഷനാണ്  ഇത്തവണ. ഫെസ്റ്റിന്റെ ടിക്കറ്റ് പാർട്ണർഷിപ്പ് 'എന്റെ ഡീൽ' ആണ്.

കേരളം കണ്ട മഹാപ്രളയത്തിലും ജനങ്ങൾ കാട്ടിയ ഒത്തൊരുമയുടെ പശ്ചാത്തലത്തിൽ, തങ്ങളൊന്നാണെന്ന പ്രമേയമാണ് 2018 - 19 ലെ ആഗ്നേയയുടേത്. ഈ അധ്യയനവർഷം മുഴുവൻ ഗ്രീൻ പ്രോട്ടോക്കോൾ പിൻതുടർന്ന് കോളജ് പ്രവർത്തനങ്ങൾ നടത്തിയ വിദ്യാർഥികൾ, മാലിന്യനിക്ഷേപണം മൂലം ഗുരുതരാവസ്ഥയിലായ വെള്ളായണി കായലിനെ ക്ലീൻ കാംപെയ്ൻ ഡ്രൈവിലൂടെ വൃത്തിയാക്കിക്കൊണ്ടാണ് ആഗ്നേയയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കലയ്ക്കും സാങ്കേതിക മികവിനും പുറമേ വിപണനമേഖലകൾക്കും അവസരം നൽകുവാൻ ആഗ്നേയ ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള വിപണികളെ ചേർത്ത് ഒരു ഫ്ലീ മാർക്കറ്റിന് വേദി ഒരുക്കുവാനുള്ള നീക്കം തുടരുകയാണ്. ആർട്ട്, മ്യൂസിക്, ഫൂഡ് എന്നീ മേഖലകളെ കേന്ദ്രീകരിച്ച് അനവധി പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. വിവിധതരം ഭക്ഷണവസ്തുക്കൾ, ടാറ്റൂ ഷോപ്പ്, ആന്റീക്ക് ഷോപ്പ്, വിന്റേജ് ക്ലോത്തിങ് തുടങ്ങി സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.