എത്രയെത്ര സംശയങ്ങളാണ് മനസ്സിൽ. പൊട്ടത്തരമെന്ന് ആരെങ്കിലും കളിയാക്കുമോ എന്നോർത്ത് ഇനി അതൊന്നും അടക്കിവയ്ക്കേണ്ട. എന്തിനും ഏതിനും ഒരു ഫോൺവിളിക്കപ്പുറമുണ്ട് ഉത്തരം. ഇതാ, വായിച്ചുനോക്കൂ

എന്തിനാണു ബോൾ പേനകളുടെ ക്യാപ്പിലൊരു ദ്വാരം? ആരാണു കടൽ ഉണ്ടാക്കിയത്? ആകാശത്തെ തൊടാൻ പറ്റുമോ?– 

ഇങ്ങനെ, ആരോടെങ്കിലും ചോദിച്ചാൽ ഓടിക്കുമെന്നു തോന്നുന്ന ചോദ്യങ്ങളൊക്കെ കേൾക്കുന്ന, അവയ്ക്ക് എല്ലാം ഉത്തരം നൽകുന്ന ഹെൽപ് ലൈൻ. അതാണു ‘ഫ‌സ്റ്റ് ക്വസ്റ്റ്യൻ’.  

കാട്ടറിവിൽ നിന്ന്  കൂട്ടുകാരനിലേക്ക്
വനം സംബന്ധിച്ച ഗവേഷണങ്ങൾക്കും പഠനത്തിനുമായി തൃശൂർ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ) കാലങ്ങളായി ഒരു ഹൈൽപ് ലൈനുണ്ട്.  വന–മര പരിപാലന സംശയങ്ങൾ തീർക്കാൻ വിളിക്കാവുന്ന ഒരു ഫോൺ നമ്പർ. വല്ലപ്പോഴും ആരെങ്കിലും വിളിക്കും.

കേരളം പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിൽ ഈ ഹെൽപ് ലൈനിന്റെ സ്വഭാവം മാറി.  ഇൻസ്റ്റിറ്റ്യൂട്ടിലെ ടീം സഹായത്തിനു മുന്നിട്ടിറങ്ങി. രക്ഷതേടി വിളിച്ചവരുടെ  സ്ഥലം കൃത്യമായി ശാസ്ത്രീയമാർഗങ്ങളിലൂടെ  തിരിച്ചറിഞ്ഞു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് ഈ ഹെൽപ് ലൈൻ നമ്പർ ഉപയോഗിച്ചായിരുന്നു. 800 ലധികം പേരാണ് ഈ നമ്പറിൽ അന്നു വിളിച്ചത്. 

ഡോ. ടി.വി. സജീവ്

ഒരു മാസം മുൻപ് ഹെൽപ് ലൈൻ വീണ്ടും രൂപവും പേരും മാറ്റി. കുട്ടികൾക്ക് എന്തു ചോദ്യവും ചോദിക്കാൻ ആകുന്ന ‘ഫസ്റ്റ് ക്വസ്റ്റ്യൻ’ ഹെൽപ് ലൈൻ പിറന്നതങ്ങനെ. കെഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി.  സജീവിന്റെ ആശയം. 

പ്രളയം ഇപ്പോൾ ഈ ഹെ‍ൽപ്  ലൈനിലെ ഫോണുകൾ പ്രവർത്തിക്കുന്ന മുറിയിലാണ്; സംശയങ്ങളുടെ പ്രളയം. പല നാടുകളിൽ നിന്ന്, പലഭാഷകളിൽ

? ചോദിക്കൂ, പറയാം
ഫെബ്രുവരി 28നു ശാസ്ത്രദിനത്തിലാണു ഹെൽപ് ലൈൻ പ്രവർത്തനം തുടങ്ങിയത്. മടിയും പേടിയും കാരണം അടക്കിവയ്ക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കാൻ കുട്ടികൾക്കൊരു വേദി എന്നതായിരുന്നു ലക്ഷ്യം. ചുരുങ്ങിയദിവസം കൊണ്ടുതന്നെ ഇതു ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ചു. ചില ഹിന്ദിദിനപ്പത്രങ്ങൾ വാർത്ത നൽകിയതോടെ  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുപോലും ചോദ്യങ്ങളുടെ പ്രവാഹമായി. രാജസ്ഥാൻ,  ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 100 ചോദ്യങ്ങൾ വരെ വന്ന ദിവസമുണ്ട്. 

പത്രവാർത്ത ശരിയാണോയെന്നു പരീക്ഷിക്കാനാണ് ചിലരൊക്കെ വിളിച്ചത്. സ്വന്തം വിജ്ഞാനം പങ്കുവയ്ക്കാനും ഉത്തരങ്ങൾ പറയുന്നവരുടെ വിവരമളക്കാനുമൊക്കെ വിളിച്ചവരും കൂട്ടത്തിൽ. ഇടയ്ക്ക് യഥാർഥ സംശയാലുക്കളും.

‘ഫസ്റ്റ് ക്വസ്റ്റ്യൻ’ ടീം അംഗങ്ങളിൽ ചിലർ.

? ഈശ്വരനെ ആരു സൃഷ്ടിച്ചു 
ക്വിസ് ഘടനയിലുള്ള ചോദ്യോത്തര സെഷനല്ല ടീം ഫസ്റ്റ് ക്വസ്റ്റ്യന്റേത്. ഒരു ചോദ്യത്തിൽ തുടങ്ങി കൂടുതൽ ചോദ്യങ്ങളിലേക്കു കുട്ടികളുടെ ചിന്തയെ വളർത്തുന്നു. വളരെ ഉത്തരവാദിത്തമുള്ളതും ഏറെ ശ്രമകരവുമായ ദൗത്യം. ഫോണിൽ വരുന്ന ചോദ്യം എഴുതിയെടുത്തു കഴിഞ്ഞാൽ കഴിവതും വേഗം തിരിച്ചു വിളിച്ച് ഉത്തരം പറയണം. 10 മിനിറ്റിനകം  വിളിക്കുകയാണ് പതിവ്. എന്നാൽ ചില ഉത്തരങ്ങൾ തയാറാക്കാൻ ദിവസങ്ങൾ വേണ്ടിവരും. സ്വന്തം നിലയ്ക്കുള്ള റഫറൻസ് മതിയാവില്ലെങ്കിൽ വിദഗ്ധരുടെ സഹായം തേടും. കൃത്യതയിൽ വിട്ടുവീഴ്ച ഇല്ല. വിളിക്കുന്നതിൽ അധികവും കുട്ടികളായതുകൊണ്ടുതന്നെ അവതരണത്തിലെ ലാളിത്യത്തിലും. 

ആകാശത്തെ തൊടാൻ കഴിയുമോ എന്നാണു മധ്യപ്രദേശിൽ നിന്നുള്ള കൊച്ചു പയ്യൻ ചോദിച്ചത്. ‘‘തൊടാമല്ലോ’’ എന്ന ഉത്തരം അവനെ സന്തോഷിപ്പിച്ചു. ഇതോടെ തുടർ ചോദ്യങ്ങളായി. സൂര്യൻ,ഭൂമി, കടൽ ഇതൊക്കെ ആരുണ്ടാക്കി? എല്ലാറ്റിനും ശാസ്ത്രീയ വിശദീകരണം കിട്ടിയപ്പോൾ  ആ വലിയ ചോദ്യം: ‘ഈശ്വരനെ ആരുണ്ടാക്കി’ ? ഈശ്വര സങ്കൽപത്തെക്കുറിച്ചും വിശദമായ മറുപടികൾ കൊടുത്തതോടെ അവന്റെ സന്തോഷം ഇരട്ടി.

? ബോറടിക്കുന്നു, എന്തു ചെയ്യണം 
വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് സംശയങ്ങൾ തീർക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. ഗൂഗിളിൽ കിട്ടാത്തതായി ഒന്നുമില്ല എന്നും പറയാം.  എന്നാലും കുട്ടികൾക്കിഷ്ടം കാര്യങ്ങൾ ചോദിച്ചറിയാൻ തന്നെയാണ്. ഹോം വർക്ക് പെട്ടെന്നു തീർക്കാൻ സഹായം തേടിയ വിരുതൻമാരുമുണ്ട് കൂട്ടത്തിൽ. 

ചെന്നൈയിൽ നിന്നുള്ള ഒരു ചോദ്യം  ഇതായിരുന്നു: എനിക്കും അനിയത്തിക്കും വീട്ടിൽ ഭയങ്കര ബോറടിയാണ്. എന്തു ചെയ്യണം ? ചിത്രം, സംഗീതം, സ്പോർട്സ് തുടങ്ങി ബോറടി മാറ്റാൻ പറഞ്ഞു കൊടുത്തതൊക്കെ അവർ പരീക്ഷിച്ചിട്ടുള്ളതായിരുന്നു. 

പിന്നെ പറയാനുണ്ടായിരുന്നത് ഇതാണ്. ‘‘ഇതുവരെ ചെയ്തിട്ടില്ലാത്ത പുതിയ കാര്യങ്ങൾ ദിവസവും ചെയ്യുക.’’ ഇപ്പോൾ ബോറടി കുറവാണെന്ന മറുപടി വൈകാതെ വന്നു.

? തുമ്പിയും കുഴിയാനയും തമ്മിൽ
പരിഹാസം ഭയന്ന് ഒളിപ്പിച്ചു വച്ചിരുന്ന സംശയങ്ങൾ തീർക്കാൻ ഇപ്പോൾ വീട്ടമ്മമാരും വിളിക്കുന്നു. മലപ്പുറത്തു നിന്നൊരു വീട്ടമ്മയുടെ സംശയം: കുഴിയാന വലുതായാണോ  തുമ്പിയാവുന്നത്? രണ്ടാം ക്ലാസ് പുസ്തകത്തിൽ അങ്ങനെ കണ്ടിട്ടുണ്ട്. ഈ ആശയത്തിൽ കുട്ടികൾക്കായി ഒരു സിനിമയും വന്നിട്ടുണ്ടെന്ന് അവർക്കറിയാം.

ആനയും കുഴിയാനയും തമ്മിലുള്ള ബന്ധം പോലും തുമ്പിയും കുഴിയാനയും തമ്മിൽ ഇല്ല എന്ന മറുപടി അവരെ തൃപ്തയാക്കി. അതേസമയം കുഴിയാനത്തുമ്പി എന്ന വേറൊരു വിഭാഗം ഉണ്ടുതാനും. 

ഡോ. സജീവിന്റെ നേതൃത്വത്തിൽ എട്ടുപേരുടെ ടീമാണ് ഫസ്റ്റ് ക്വസ്റ്റ്യനിൽ പ്രവർത്തിക്കുന്നത്. ഇംഗ്ലിഷിനു പുറമെ ഹിന്ദിയിലും തമിഴിലുമൊക്കെ സംസാരിക്കേണ്ടി  വരും. കന്നഡയിലും പഞ്ചാബിയിലുമെല്ലാം ചോദ്യം വന്നുതുടങ്ങിയതോടെ ആശയ വിനിമയം പ്രയാസമായിത്തുടങ്ങി. ഇതു പരിഹരിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്ത് പുസ്തകവും ലക്ഷ്യമിടുന്നു. 

ആ ദ്വാരം ഇതിനാണ്
പലപ്പോഴായി വന്ന ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു, ‘‘ എന്തിനാ പേനയുടെ അടപ്പിനു മുകളിൽ ഒരു ദ്വാരം?’’

രാജ്യാന്തര നിലവാരമുള്ള കമ്പനികൾ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡമാണ് ഇതെന്നും  ചെറിയ കുട്ടികൾ പേനയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങിയാൽ പുറത്തെടുക്കും വരെ ശ്വാസോച്ഛാസം നിലയ്ക്കാതിരിക്കാനുള്ള സംവിധാനമാണിതെന്നും വിശദീകരിച്ചവർക്കുപോലും അതൊരു പുതുമയുള്ള അറിവായിരുന്നു. മികച്ച ഉത്തരങ്ങൾ തന്നായിരിക്കും ചില മിടുക്കർ അമ്പരപ്പിക്കുക;  കൂടുതൽ മിടുക്കരായവരാവട്ടെ, അസാധാരണ ചോദ്യങ്ങൾ ചോദിച്ചും. 

ഇത്രയൊക്കെ അറിയുമ്പോൾ എന്തെങ്കിലും ചോദിക്കണം തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും വിളിക്കാം–0487 2690222. സമയം പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.

ചെറിയ പ്രായത്തിൽ കുട്ടികൾക്കു എന്തും ചോദിക്കാൻ ധൈര്യമുണ്ടാവും. വലുതാവുംതോറും സംശയങ്ങളും ചോദ്യങ്ങളും കുട്ടികൾ അടക്കി വയ്ക്കുന്നു. പിന്നെ പരീക്ഷയ്ക്ക് മാർക്ക് കിട്ടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മതി. സയൻസ് വളരുന്നത് സംശയങ്ങളിലൂടെയാണ് എന്ന അടിസ്ഥാന തത്വമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്. ധൈര്യപൂർവം ചോദ്യങ്ങൾ ചോദിക്കുന്ന തലമുറയിലൂടെ മാത്രമേ സമൂഹത്തിൽ ശാസ്ത്രാഭിമുഖ്യം വളർത്താൻ കഴിയൂ. ഹെൽപ് ലൈൻ തുടങ്ങിയതിൽപ്പിന്നെ ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറത്തേക്കു വളരുന്ന പ്രതികരണമാണ് കിട്ടുന്നത്. ദിവസവും വരുന്ന അൻപതോളം വിളികളിൽ അധികവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്.  അവരെക്കൂടി ഉൾക്കൊള്ളിക്കാവുന്ന രീതിയിൽ സംവിധാനം വിപുലമാക്കുകയാണ്  ലക്ഷ്യം.

ഡോ. ടി.വി.  സജീവ്, 
പ്രിൻസിപ്പൽ സയന്റിസ്റ്റ്, 
കേരളഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്