മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കുകയെന്നതാണ് ഏതാണ്ടെല്ലാ മാതാപിതാക്കൾക്കും മുന്നിലുള്ള മാർഗം. വിദ്യാഭ്യാസച്ചെലവുകൾ വർധിച്ചുവരുന്നതും വിദേശ നാണ്യ വിനിമയ നിരക്ക് ഉയരുന്നതുമെല്ലാം വിദ്യാഭ്യാസച്ചെലവു വർധിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ വായ്പയായി എടുക്കുന്ന ശരാശരി തുക 2015 ൽ 5.73 ലക്ഷം രൂപയായിരുന്നു എങ്കിൽ 2018-ൽ അത് 8.5 ലക്ഷം രൂപയായി വർധിക്കുന്നതായാണ് ട്രാൻസ് യൂണിയൻ സിബിലിന്റെ സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നിങ്ങൾ കുട്ടികൾക്കു വേണ്ടി വിദ്യാഭ്യാസ വായ്പ എടുക്കുവാൻ ഉദ്ദേശിക്കുന്നവെങ്കിൽ അതിനു മുൻപു പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1.വിവിധ സ്ഥാപനങ്ങളെ താരതമ്യം ചെയ്യുക: വിദ്യാഭ്യാസ വായ്പ എടുക്കും മുൻപ് വിവിധ ബാങ്കുകളുടെ നിരക്കുകളും നിബന്ധനകളും വിലയിരുത്തണം. മികച്ച നിരക്കുകൾ ഏതെന്നു കണ്ടെത്താൻ വെബ്സൈറ്റുകൾ പ്രയോജനപ്പെടുത്താം. സർക്കാരിന്റെ വിദ്യാലക്ഷ്മി പോർട്ടൽ വഴി വിവിധ വിദ്യാഭ്യാസ വായ്പകൾ വിലയിരുത്താനും അപേക്ഷ പരിശോധിക്കാനും സാധിക്കും. തിരിച്ചടവു സംബന്ധിച്ച ഗുണകരമായ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇതു സഹായിക്കും. 

2.വായ്പയ്ക്കായുള്ള ഈട് എന്തെന്നു മനസ്സിലാക്കുക:  തുകയെത്ര എതിനനുസരിച്ച് 100% വരെ വായ്പ നൽകാൻ വിവിധ ധനകാര്യ സ്ഥാപനങ്ങൾ തയാറാവും. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് നാലു ലക്ഷം രൂപ വരെയുള്ള വായ്പത്തുകയ്ക്ക് മാർജിൻ മണി നൽകണം. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ 5 ശതമാനവും വിദേശ സ്ഥാപനങ്ങളിലാണെങ്കിൽ 15 ശതമാനവും തുകയാണ് സ്വയം കണ്ടെത്തേണ്ടത്. 

3.മികച്ച ക്രെഡിറ്റ് സ്‌കോർ ഉറപ്പാക്കുക: വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥിയുടെ മാതാപിതാക്കളോ രക്ഷകർത്താക്കളോ ആയിരിക്കും സാധാരണ ജാമ്യക്കാരാകുക. വിദ്യാർഥിക്ക് വായ്പാചരിത്രം ഇല്ലാത്ത സാഹചര്യത്തിൽ ജാമ്യം നിൽക്കുന്ന ബന്ധുവിന്റെ വായ്പാ ചരിത്രമായിരിക്കും പരിഗണിക്കുക. മാതാപിതാക്കൾ/രക്ഷിതാക്കൾ മികച്ച ക്രെഡിറ്റ് സ്‌കോർ ഉള്ളവരാണെ് ഉറപ്പാക്കുന്നത് വായ്പ നിരസിക്കുന്ന സാഹചര്യം ഒഴിവാക്കും. 750 പോയിന്റിൽ കൂടുതൽ ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് മികച്ച നിരക്കുകൾ ലഭിക്കുകയും ചെയ്യും. 

4.തിരിച്ചടവ് എങ്ങനെയെന്നു മുൻകൂട്ടി കണക്കാക്കണം: വായ്പ നൽകിയ മാസം മുതൽ പലിശ കണക്കാക്കുമെങ്കിലും തിരിച്ചടവ് ആരംഭിക്കുന്നതിന് ഒരു വർഷമടക്കമുള്ള കാലാവധി ഗ്രേസ് പിരീഡ് ആയി ലഭിക്കും. ഈ കാലാവധിക്കു ശേഷം വിദ്യാർഥി ഇഎംഐ അടച്ചു തുടങ്ങിയാൽ മതിയെങ്കിലും മാതാപിതാക്കൾക്ക് അതിനു മുൻപുതന്നെ തിരിച്ചടവ് ആരംഭിക്കുകയും കുട്ടിയെ മുൻകൂട്ടി വായ്പ അടച്ചു തീർക്കുന്നതിനു സഹായിക്കുകയും ചെയ്യാം. 

5.അധിക ആനുകൂല്യങ്ങൾ പരിഗണിക്കണം: നികുതി ഇളവുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വിദ്യാഭ്യാസ വായ്പകളിലൂടെ ലഭിക്കും. ആദായ നികുതി നിയമത്തിന്റെ 80ഇ വകുപ്പു പ്രകാരം പലിശത്തുക മുഴുവൻ വരുമാനത്തിൽനിന്ന് ഒഴിവാക്കാം. വിദ്യാർഥി എടുക്കുന്ന ആദ്യ വായ്പയായിരിക്കും ഇത് എന്നതിനാൽ അതുവഴി മികച്ച വായ്പാചരിത്രം സ്വന്തമാക്കാനും ഇതവർക്ക് അവസരം നൽകും.

ഇത്തരത്തിലുള്ള ഘടകങ്ങൾ പരിഗണിച്ച് വിദ്യാഭ്യാസ വായ്പയ്ക്കായി ശ്രമങ്ങൾ ആരംഭിക്കുകയാണെങ്കിൽ ഏറെ ബുദ്ധിമുട്ടുകളില്ലാതെ ആ പാതയിൽ മുന്നേറാനാവും. അതുപോലെതന്നെ കൃത്യമായി വായ്പ തിരിച്ചടക്കുന്നത് വിദ്യാർഥിക്കും മാതാപിതാക്കൾക്കും ഒരുപോലെ ഗുണകരമായിരിക്കുകയും ചെയ്യും.