കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സുരക്ഷയൊരുക്കാൻ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അടുത്ത മാസം എത്തും.  മേയ് അവസാനത്തോടെ അഞ്ഞൂറു പേരടങ്ങുന്ന പുതിയ സംഘമെത്തും. നിലവിൽ സിഐഎസ്എഫിന്റെ 854 അംഗ വിമാനത്താവള സുരക്ഷാ വിഭാഗ(എസ്ജി)മാണു വിമാനത്താവളത്തിനു  സുരക്ഷ ഒരുക്കുന്നത്. യാത്രക്കാരുടെ തിരക്കും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണു സേനയിൽ  കൂടുതൽ അംഗങ്ങളെത്തുന്നത്. നവീകരിച്ച പുതിയ ആഭ്യന്തര ടെർമിനൽ തുറന്നതോടെ സുരക്ഷാ ജീവനക്കാരുടെ ആവശ്യം വർധിച്ചു. 

പുതുതായി 507 ഉദ്യോഗസ്ഥരെയാണു വിമാനത്താവളക്കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സിയാലിന്റെ ആവശ്യം വ്യോമയാന മന്ത്രാലയത്തിന്റെ പച്ചക്കൊടിക്കു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പിനു മുൻപു പുതിയ സേനാംഗങ്ങളെ നിയമിച്ച് ഉത്തരവാകുമെന്നു കരുതിയിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പ് ആവശ്യത്തിനു കൂടുതൽ സിഐഎസ്എഫ് സേനാംഗങ്ങളെ നിയോഗിക്കേണ്ടതിനാൽ തീരുമാനം  നീളുകയായിരുന്നു. 2017ലാണ് അവസാനമായി കൊച്ചി വിമാനത്താവളത്തിൽ സിഐഎസ്എഫ്  അംഗബലം വർധിപ്പിച്ചത്. അന്നു 360 പേരെയാണു കൂടുതൽ നിയമിച്ചത്. നിലവിൽ സിഐഎസ്എഫ് സേനാംഗങ്ങൾ ലീവ് ചുരുക്കിയും അവധിയെടുക്കാതെയുമാണു തടസ്സമില്ലാതെ വിമാനത്താവള സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നത്.