നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനെത്തുന്നവർക്കായി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യുടെ കർശന നിർദേശങ്ങൾ. കട്ടി കുറഞ്ഞ വസ്ത്രങ്ങളേ ധരിക്കാവൂ എന്നതാണ് നിർദേശങ്ങളിലൊന്ന്. കൈ മുഴുവൻ മൂടുന്ന ‘ഫുൾ സ്ലീവ്’ വസ്ത്രങ്ങൾ പാടില്ല. 

അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ എന്നിവയൊഴികെ സ്റ്റേഷനറി സാധനങ്ങളോ അച്ചടിച്ച കടലാസുകളോ അനുവദിക്കില്ല. ഭക്ഷണ, പാനീയങ്ങൾ അനുവദിക്കില്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക്, മുൻകൂർ അനുമതി വാങ്ങി, പഴവർഗങ്ങൾ കയ്യിൽ കരുതാം. ജ്യോമെട്രി പെൻസിൽ ബോക്സ്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻ ഡ്രൈവ്, ഇറേസർ, മൊബൈൽ ഫോൺ, ബ്ലൂ ടൂത്ത്, ഇയർ ഫോൺ, പേജർ, ഹെൽത് ബാൻഡ് എന്നിവയ്ക്കു നിരോധനം. ആഭരണങ്ങൾ, റിസ്റ്റ് വാച്ച്, വോലറ്റ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, ക്യാമറ, മൈക്രോ ചിപ് എന്നിവയും ഒഴിവാക്കണം. 

15.19 ലക്ഷം വിദ്യാർഥികളാണു പരീക്ഷയെഴുതുന്നത്. നിരോധിച്ച വസ്തുക്കളുമായി പരീക്ഷയ്ക്കെത്തുന്നവരെ വിലക്കും.

ഇവ കയ്യിൽ കരുതുക:

∙ അഡ്മിറ്റ് കാർഡ് 

∙ തിരിച്ചറിയൽ രേഖ (ഐഡി)

∙ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ പാസ്പോർട്ട് സൈസ് കോപ്പി 

∙ പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) 

പരീക്ഷാകേന്ദ്രം മാറിയവർക്ക് പുതിയ ‌കാർഡ്; 12ന് എത്തണം
ഇന്നത്തെ നീറ്റ് (യുജി) പരീക്ഷയുടെ പാലക്കാട്, ആലപ്പുഴ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. പാലക്കാട്ട് 281004381 മുതൽ 281004680 വരെ റോൾ നമ്പരുള്ള വിദ്യാർഥികൾക്കു പാലക്കാട് സെന്റ് മേരീസ് പോളിടെക്നിക് കോളജിൽ അനുവദിച്ചിരുന്ന കേന്ദ്രം വടക്കഞ്ചേരി വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലേക്കു മാറ്റി. 

ആലപ്പുഴയിൽ 280105761 മുതൽ 280106240 വരെ റോൾ നമ്പരുള്ള വിദ്യാർഥികൾക്ക് ആലപ്പുഴ പള്ളിപ്പുറം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയയിൽ അനുവദിച്ചിരുന്ന കേന്ദ്രം ആലപ്പുഴ അവലൂക്കുന്ന് ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്കു മാറ്റി.

അപേക്ഷകർ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ ലഭ്യമായ പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കണം. ഇവർ പരീക്ഷയ്ക്കു 12 മണിക്കു റിപ്പോർട്ട് ചെയ്യണം. ഒന്നരയ്ക്കു ഗേറ്റ് അടയ്ക്കും.