എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും വലച്ചതു കണക്കു തന്നെ. ഏറ്റവും കുറഞ്ഞ മാർക്ക് ശരാശരി കണക്കിനാണ് (60.53%). എങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ (57.85) മെച്ചമാണിത്. കെമിസ്ട്രിയും (ശരാശരി മാർക്ക് 67.72%) സാമൂഹികശാസ്ത്രവും (69.91%) പ്രയാസമായിരുന്നുവെന്നു വ്യക്തം. ഐടിയാണു കൂടുതൽ മാർക്ക് (87.06%) നേടിക്കൊടുത്ത വിഷയം. ബയോളജിയിലും (73.24%) ഫിസിക്സിലും (71.64%) പ്രകടനം മോശമായില്ലെങ്കിലും കഴിഞ്ഞ തവണത്തെ നിലവാരത്തിലെത്തിയില്ല.

ഒരു കുട്ടനാ‍ടൻ വിജയഗാഥ

വിദ്യാഭ്യാസ ജില്ലകളിൽ മികച്ച വിജയം കുട്ടനാടിന്. പരീക്ഷയെഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 99.91% വിജയം. 99.84% ജയം നേടിയ മൂവാറ്റുപുഴയാണു തൊട്ടു പിന്നിൽ. പരീക്ഷയെഴുതിയ 5367 പേരിൽ 5302 പേർ ജയിച്ചു. 93.22% ജയം നേടിയ വയനാടാണു വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും പിന്നിൽ.

മലപ്പുറത്തിന് എ പ്ലസ്

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മുൻപിൽ മലപ്പുറം റവന്യൂ ജില്ലയാണ്. 5970 പേരാണ് ഈ നേട്ടം കൈവരിച്ചത്. ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. 4204 പേർ. 1766 ആൺകുട്ടികളും ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം കോഴിക്കോടിനാണ്. 4436 പേർ. ഇതിൽ 3025 പെൺകുട്ടികളും 1411 ആൺകുട്ടികളും ഉൾപ്പെടുന്നു.

 ഏറ്റവും പിന്നിൽ വയനാട് ജില്ല– 815 പേർ. ഇടുക്കിയിൽ നിന്ന് 822 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ജയം നേടി.

വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം തന്നെയാണു മുൻപിൽ– 2493 പേർ. 1647 പേരുള്ള വടകര വിദ്യാഭ്യാസ ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 52 പേരും ലക്ഷദ്വീപിൽ നിന്ന് 5 പേരും ഈ നേട്ടം കൊയ്തു. കേൾവിശക്തി കുറഞ്ഞ കുട്ടികളിൽ 23 പേർ മുഴുവൻ എ പ്ലസ് നേടി.

മിടുമിടുക്കർ മൂന്നിരട്ടി

എ പ്ലസുകാരുടെ എണ്ണം 7 വർഷത്തിനിടെ മൂന്നിരട്ടിയിലേറെയായി. 2013 ൽ 10,073 പേരാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ ഈ വർഷം 37,334 പേർ. 

മിടുക്കുകാട്ടിയത് പെൺകുട്ടികൾ

സമ്പൂർണ എ പ്ലസിൽ ആൺകുട്ടികളുടെ ഇരട്ടിയിലേറെ പെൺകുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 11,684 ആൺകുട്ടികൾ ഈ നേട്ടം കൈവരിച്ചപ്പോൾ 25,650 പെൺകുട്ടികൾ ഈ നേട്ടം സ്വന്തമാക്കി.