ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ)പട്ടികയിൽ നിന്നു കേരള കാർഷിക സർവകലാശാല പുറത്ത്. അക്രഡിറ്റേഷൻ ഉള്ള സർവകലാശാലകളുടെ പട്ടികയിൽ ഇപ്പോൾ കേരള കാർഷിക സർവകലാശാല ഇല്ല. എന്നാൽ, അക്രഡിറ്റേഷൻ പുതുക്കാനുള്ള അപേക്ഷ നേരത്തെത്തന്നെ കൊടുത്തതാണെന്നും ഐസിഎആർ പരിശോധന നടത്തേണ്ടതുകൊണ്ടാണ് ഇപ്പോൾ പട്ടികയിൽ ഇല്ലാത്തതെന്നും സർവകലാശാലാ അധികൃതർ. ഒരു കരണവശാലും സർവകലാശാലയുടെ അക്രഡിറ്റേഷൻ നഷ്ടപ്പെടില്ലെന്നും അധികൃതർ അറിയിച്ചു. 

കേരളത്തിലെ വെറ്ററിനറി സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവ പട്ടികയിൽ ഉണ്ട്. 2019 മാർച്ച് 10നു മുൻപായിരുന്നു അക്രഡിറ്റേഷൻ ലഭിക്കുന്നത്തിനുള്ള അപേക്ഷ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കൊടുക്കേണ്ടിയിരുന്നത്. എന്നാൽ സർവകലാശാലയിലെ ഇൻ ചാർജ് ഉദ്യോഗസ്ഥന്മാരുടെയും വൈസ് ചാൻസലറുടെയും പിടിപ്പുകേടു കാരണം യഥാസമയം റിപ്പോർട്ട് നൽകാത്തതാണ് പട്ടികയിൽ നിന്നു പുറത്താകാൻ കാരണമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ ആരോപണം. എന്നാൽ, അപേക്ഷ നേരത്തെ കൊടുത്തതായാണ് വിശദീകരണം. 

ഐസിഎആർ അക്രഡിറ്റേഷൻ നഷ്ടപ്പെട്ടാൽ കാർഷിക സർവകലാശാലയുടെ ബിരുദങ്ങൾക്കുള്ള കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നഷ്ടപ്പെടും.